മുഴുവനായില്ലയെങ്കിലും, പ്രാണനില്‍
പകുതി പാടിയതെങ്കിലും, ഓര്‍ക്കുവാന്‍
വിഷമമെങ്കിലും, വീണ്ടുമാ ഗാനത്തിന്‍
ഇശല്‍ അതൊന്നിനി പാടി നോക്കട്ടെ ഞാന്‍
നിഴലു പേടിച്ചിടുന്നോരീ രാത്രിയില്‍
നിലവിളിക്കുന്ന സ്വപ്നത്തിനപ്പുറം
നിരതിശായിയായ് പൂക്കും പുലരി തന്‍
നിറം അതൊന്നിനി ഏറ്റു വാങ്ങട്ടെ ഞാന്‍
പകുതിയും ചിതല്‍ തിന്നതാണെങ്കിലും
പല കരങ്ങളില്‍ കൈമാറിയെങ്കിലും
പഴയ കമ്പി തുരുമ്പെടുത്തെങ്കിലും
ഇവിടെയീ മണിവീണ മീട്ടട്ടെ ഞാന്‍
ഉറയും വേതാള ചിന്തകള്‍ക്കപ്പുറം
ഉയിരിടാത്തോരെന്‍ ആശകള്‍ക്കപ്പുറം
ഉടല്‍ വരിഞ്ഞു മുറുക്കുന്ന ശൈത്യത്തിന്‍
ഉറകള്‍ തുന്നുമേകാന്തതക്കപ്പുറം
പിറവി കൊള്ളും നനുത്തൊരോംകാരത്തിന്‍
പുതുമലരിനെ ഒന്നു തൊടട്ടെ ഞാന്‍
കരയുവാനില്ലയാളുകളെങ്കിലും
കവിതയായി മറഞ്ഞു പോകട്ടെ ഞാന്‍
No comments:
Post a Comment