Saturday, December 29, 2012

സ്വസ്തി

പണ്ടൊരു മുല്ലപ്പെരിയാര്‍,
പിന്നൊരു ഹസാരെ
പിന്നെയും എന്തൊക്കെ,
ഇന്നിപ്പോള്‍ കുഞ്ഞേ നീയാണ്...........
ഇപ്പോള്‍ എല്ലാരും സംസ്കാരത്തിന്റെ
മൊത്തക്കച്ചവടക്കാര്‍.....
കല്ലെറിയാന്‍ വെമ്പിക്കൊണ്ട്...
അവര്‍ക്കിതും ചാരുകസേരയില്‍
മലര്‌ന്നിരുന്ന് ചെയ്യാവുന്ന
ഒരു നേരംപോക്ക്.....

ചിലരെങ്കിലും തെരുവിലിറങ്ങി
നിനക്ക് വേണ്ടി...
അവരെ കാത്തിരുന്നതോ
അധികാരമുഷ്കിന്റെ ലാത്തികള്‍,
വെറുപ്പിന്റെ ജലപീരങ്കികള്‍,
ശവം മണക്കുന്ന 'കൈ'കള്‍ .....

കുഞ്ഞേ,
നിന്റെ ശവകുടീരത്തില്‍
ഞാനൊരു തുള്ളി കണ്ണുനീര്‍ വീഴ്ത്തില്ല,
നിന്റെ മരണത്തില്‍
ഒരു അനുശോചനക്കുറിപ്പ്
പുറത്തിറക്കുകയോ
ഇവിടെ ഒരു കറുത്ത പതാക
പാറിക്കുകയോ ചെയ്യില്ല,
നിന്റെ ഘാതകര്‍ക്ക്
തൂക്കുകയര്‍ എന്നെഴുതിയ
പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയുമില്ല......
അതൊന്നും നിനക്ക് ഈ
നെറികെട്ട ലോകം തന്ന
വേദനകള്‍ക്ക് പരിഹാരമാകില്ല
എന്നറിയുന്നതിനാല്‍ തന്നെ.....

നിനക്ക് തരാന്‍
ഹൃദയത്തില്‍ നിന്നൊരിറ്റ്
നിണം
വേദനയില്‍ നിന്നൊരു വാക്ക്
'സ്വസ്തി'..............

No comments:

Post a Comment