Monday, December 17, 2012

ധൃതരാഷ്ട്രന്‍ .....

ആയിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കാന്‍ കാരണക്കാരനായ ഒരു ഭരണാധികാരി വികാരാധീനനായത് കണ്ടപ്പോള്‍ ഓര്‍ത്തത്‌....
ലോകത്തിലെങ്ങും ഭരണകൂടങ്ങള്‍ക്ക് വഴി പിഴക്കുന്നു. കര്‍മ്മയോഗത്തിന്റെ ഗീതാരഹസ്യം ചുരുളഴിക്കാന്‍ ഒരു സഞ്ജയന്‍ വരേണ്ടിയിരിക്കുന്നു.
---------------------------------------------------------

ആരവങ്ങള്‍ മുഴങ്ങുന്നത്
ഏതു പാളയത്തില്‍ നിന്നാണ്??
കരുണയുടെ ഗീതം
മുഴങ്ങുന്നത്
ഏതു മുരളിയില്‍ നിന്നാണ്?
മനസ്സ് ചഞ്ചലമാണ്....
ഈ കരിഞ്ഞ ശവത്തിന്റെ ഗന്ധം
എന്‍റെ പ്രിയരുടേതോ,
അതോ ശത്രുവിന്റെതോ?
തിരിച്ചറിയാനാകുന്നില്ല.
ഒരു വേള,
സ്വന്തങ്ങള്‍ തമ്മില്‍ തല്ലി
ചാവുകയാകുമോ?

നിമിഷങ്ങള്‍ തോറും
ആകാംക്ഷ ഏറുന്നു.
അലച്ചു വരുന്ന
നിലവിളികള്‍
എന്റെ ഉറക്കം കെടുത്തുന്നു.
പതിനായിരങ്ങളല്ല
എന്‍റെ വേവലാതി,
എനിക്ക് 
എന്‍റെ നൂറിനെ കുറിച്ചു മാത്രം
ചിന്ത.....

അന്ധനായ എനിക്ക്
വഴി കാട്ടേണ്ട,
എന്നില്‍ ഗീതാമൃതം തളിക്കേണ്ട,
ദിവ്യദൃഷ്ടിയുള്ള
സഞ്ജയന്‍,
ഇനി എന്ന് വരും??

No comments:

Post a Comment