Wednesday, December 12, 2012

വാര്‍ന്ന നിറങ്ങള്‍....

ഉതിര്‍ന്നു വീഴും മഴമുത്തുകള്‍ക്കും
തളര്‍ന്ന വീണാ സ്വരവീചികള്‍ക്കും
വിടര്‍ന്ന പൂവിന്‍ നിറരാജികള്‍ക്കും
തുറന്നിരുന്നെന്നുടെ ജീവവാടം

പുണര്‍ന്നു പിന്നെക്കവിളില്‍ത്തലോടി-
ച്ചുരന്ന സ്നേഹങ്ങള്‍ മനം കുളിര്‍ക്കെ
നുകര്‍ന്നു ഞാന്‍ ജീവിതകാലമാകെ-
ക്കുരുന്നുകള്‍ സ്തന്യരസം കണക്കെ 

വിരിഞ്ഞ ചെന്താമരയില്‍ കരേറി
മുരണ്ടിടും കാര്‍വരിവണ്ടിനോടും
നിരന്നു നില്‍ക്കും തരുവൃന്ദമെന്നും 
ഇരന്നിടാതേകിന സ്വാദിനോടും 

പിറന്ന തൊട്ടെന്നിലനുഗ്രഹങ്ങള്‍ 
ചൊരിഞ്ഞൊരെന്‍ കാരണഭൂതരോടും
മറന്ന സ്നേഹത്തിന്‍ പ്രവാഹമെന്നില്‍
തുറന്ന പ്രാണപ്രിയപത്നിയോടും

കരഞ്ഞു ഞാന്‍ പാടിയ പാട്ടിനൊപ്പം
കരഞ്ഞലഞ്ഞോടിയ കാറ്റിനോടും
കുറഞ്ഞിടാതമ്മ കണക്കു സ്നേഹം
പകര്‍ന്നൊരാ ഭാരതഭൂമിയോടും

തിരഞ്ഞു യാത്രാമൊഴി ചൊല്ലിടാതെ-
ക്കടന്നു ഹാ സാഗരമേഴുമിപ്പോള്‍
ഉറഞ്ഞൊരീ നാട്ടില്‍ പരന്റെ കീഴില്‍
മുറിഞ്ഞ നെഞ്ചോടെ കുഴഞ്ഞിടുമ്പോള്‍ 

അറിഞ്ഞിടുന്നൂ, തിരികെ ലഭിക്കാ
കഴിഞ്ഞൊരാ നല്ല ദിനങ്ങള്‍ വീണ്ടും
അണഞ്ഞു പോകാതിനി കാത്തിടാമെന്‍
സുവര്‍ണ്ണ സ്വപ്നങ്ങളുമെന്റെ വാക്കും

No comments:

Post a Comment