Friday, August 24, 2012

കാത്തിരിപ്പ്....

എന്തൊക്കെയോ ചിലത് എഴുതണം എന്നുണ്ടായിരുന്നു. ഇരിക്കുമ്പോള്‍ ഒന്നും കിട്ടുന്നില്ല.
ഓണം.... അതിനുള്ള കാത്തിരിപ്പ്.... ഇത്തവണ അതിനേക്കാള്‍ ഉപരിയായി മറ്റൊരു മുഹൂര്‍ത്തത്തിനായുള്ള കാത്തിരിപ്പാണ്. ഓണം വന്നു, പൊലിപാടി, പൂക്കളവും തുമ്പിതുള്ളലും കണ്ടു, തൃക്കാക്കാരപ്പനെ ചെമ്മണ്ണില്‍ കുഴച്ചുരുട്ടി ഉണ്ടാക്കി, തലയില്‍ ചെമ്പരത്തിപ്പൂ തിരുകി, മാവേലിത്തമ്പുരാനെ വരവേറ്റു, അടുത്താണ്ടില്‍ കാണാം എന്ന് യാത്ര പറഞ്ഞു പിരിഞ്ഞാല്‍, പിന്നെ....
പിന്നെ മറ്റൊരു ഓണക്കാലത്തിനുള്ള കാത്തിരിപ്പാണ്.... ജീവിതത്തിന്റെ നടുമുറ്റത്തു ഒരിക്കലും വാടാത്ത സ്നേഹപ്പൂക്കളം ഇട്ടു, മനസ്സില്‍ ഈ ജന്മത്തിന്റെ നിറയും പൊലിയും പാടാന്‍ ഒരാള്‍ വരുന്നതിനായുള്ള കാത്തിരിപ്പ്...

അയിനി ഊണിന്റെ അന്ന് തുടങ്ങും. കണ്ണെഴുതിക്കലും മറ്റുമായി തിരക്കാവാന്‍. കുളിച്ചുണ്ട് കാരണവന്മാരുടെ അനുഗ്രഹങ്ങള്‍ നേടിക്കഴിഞ്ഞാല്‍, വൈകുന്നേരമായി. പിന്നെ അല്പം വിനോദം. ചായ കുടി കഴിഞ്ഞു, സന്ധ്യക്ക്‌ അമ്പലത്തിലെ ദീപാരാധന കഴിഞ്ഞാല്‍ കുറച്ചു നേരം കോട്ടക്കല്‍ മധുവിന്റെ കഥകളിപ്പദം കേള്‍ക്കാം. രാത്രി, വിവാഹത്തലേന്നിന്റെ സ്വപ്നങ്ങളും, വേവലാതികളും മനസ്സില്‍ ഒതുക്കി, പുറത്തു ചീട്ടുകളി നടക്കുമ്പോഴും പോയി കിടക്കാന്‍ നിര്‍ബന്ധിച്ചു പറഞ്ഞയച്ചവരെ പ്രാകി ഉറക്കം വരാതെ കിടക്കാം...

വേളി ദിവസം 4 മണിക്കെങ്കിലും എഴുന്നേല്‍ക്കേണ്ടി വരും. കുളി കഴിഞ്ഞു ശ്രീലകത്തു അയ്യപ്പനും ഭഗവതിക്കും പൂജ കഴിഞ്ഞെണീക്കുമ്പോഴേക്കും ഏതാണ്ട് മുഹൂര്‍ത്തം ആയിരിക്കും. 7 മണി കഴിഞ്ഞാല്‍ പുണ്യാഹത്തിന് ഒരുങ്ങണം. പെണ്‍കുട്ടിയുടെ അച്ഛന്‍ കൈ പിടിച്ചു 'കുളിച്ചു വേള്‍ക്കഃ" എന്ന് പറഞ്ഞു കഴിഞ്ഞാല്‍ പിന്നീട് വിവാഹ ചടങ്ങുകളിലേക്ക് കടക്കാം.

"ഗൃഭ്ണാമി തേ സൌഭഗത്വായ ഹസ്തം" എന്ന് ചൊല്ലി ഉദകപൂര്‍വ്വം പാണിഗ്രഹണം ചെയ്തു ആ കൈ ഇനി ഒരിക്കലും വിടില്ലെന്ന് പ്രതിജ്ഞയെടുക്കാം.
കൈ പിടിച്ചു സപ്തപദം ഒരുമിച്ചു നടന്നു, ജീവിതത്തില്‍ എന്നും കൂടെ നടക്കും എന്ന് വാക്ക് നല്‍കാം.
മുന്‍പില്‍ ജ്വലിക്കുന്ന ജാതവേദസിന് മലര്‍ ഹോമിച്ചു, ധര്‍മത്തിന് വേണ്ടി ദമ്പതിമാരായിരിക്കാന്‍, ദേവതമാരുടെ ആശിസ്സുകള്‍ നേടാം.
ഒടുവില്‍ ആര്‍പ്പു വിളികള്‍ക്ക് നടുവില്‍, കുട്ടികള്‍ അപ്പം തട്ടിപ്പറിക്കാന്‍ പരക്കം പായുമ്പോള്‍, ഇല്ലത്തെ നടുമുറ്റത്തു, അരിമാവ് കൊണ്ട് അണിഞ്ഞ ആവണപ്പലകയില്‍ നിന്നെ കുടിവെക്കാം.....

പുതിയൊരു ജീവിതത്തിന്റെ മധുരം നുണഞ്ഞു നമുക്കൊരുമിച്ചു തൂശനിലയില്‍ പായസമുണ്ണാം....

2 comments:

  1. ഗ്രഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കാന്‍ ഒരുക്കുന്ന താങ്കല്‍ക്ക് എന്റെ എല്ലാ ഭാവുകങ്ങളും. സ്വപത്നിയോടൊപ്പം ആചന്ദ്രക്കാലം സുഖമായി കഴിയുക. സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ.

    ഇതു വഴി വന്ന സ്ഥിതിക്ക് ഒരു തേങ്ങാ ഉടച്ചില്ലെന്ന് പരാതി വേണ്ട. :-)
    _പ്ഠോ_

    ReplyDelete
  2. സ്വപ്നങ്ങൾ സഫലമാവട്ടെ, ജീവിതം സുന്ദരമാവട്ടെ, ഐശ്വര്യം കൂടെപ്പാർക്കട്ടെ!

    ReplyDelete