Thursday, September 27, 2012

ദോശക്കോല്

രണ്ടു മൂന്നു ദിവസമായി ബംഗളൂരുവിലെ കാറ്റിനും കാലാവസ്ഥക്കും ഒക്കെ ഒരു പ്രത്യേകത. ഒരു നൊസ്റ്റാള്‍ജിയ നിറക്കുന്നത് പോലെ.....അത് പേടിച്ചു ഞാന്‍ ഇപ്പൊ അധികം പുറത്തേക്ക് ഇറങ്ങുന്നു പോലും ഇല്ല എന്ന മട്ടാണ്. കൂട്ടുകാരോടൊക്കെ പറഞ്ഞപ്പോളും അവര്‍ക്കൊന്നും തോന്നുന്നില്ലത്രേ...എന്തായാലും എനിക്ക് ശരിക്കേല്‍ക്കുന്നുണ്ട് ഈ കാറ്റ്.... പഴയ കുറെ ഓര്‍മ്മകളെ പൊടി തട്ടി ഉണര്‍ത്തുന്ന, ബാല്യത്തിന്റെ മണവും മധുരവും വീണ്ടും നെഞ്ചില്‍ വിതക്കുന്ന ഈ കാറ്റും എന്തൊക്കെയോ പറയുന്നുണ്ട്.
അങ്ങിനെയിരിക്കെ ഇന്ന് രാവിലെ ആണ് മീനാക്ഷിയമ്മയെ ഓര്‍ത്തത്. ആരാണീ മീനാക്ഷിയമ്മ എന്നാകും. പറയാം.....
ഇരട്ടക്കുട്ടികള്‍ ഉണ്ടാവുക ഒരു സാധാരണ സംഭവം അല്ലാത്തത് കൊണ്ടും ഒരു പോലെ ഉള്ള രണ്ടു കുഞ്ഞുങ്ങള്‍ എല്ലാവരെയും ആകര്‍ഷിക്കും എന്നുള്ളത് കൊണ്ടും, അതൊരു പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കും. പക്ഷെ ആ കുഞ്ഞുങ്ങളുടെ അച്ഛനമ്മമാര്‍ക്കറിയാം അതിന്റെ പാട്. ഒരെണ്ണം കരഞ്ഞു തുടങ്ങിയാല്‍ ഒരു കാര്യവുമില്ലെങ്കിലും മറ്റേതും തുടങ്ങും... എന്ത് സാധനവും, ഉടുപ്പോ മിഠായിയോ, എന്ന് വേണ്ട, സകലതും ഇരട്ടിക്കണം. ഒരാള്‍ക്കായിട്ടു കൊടുക്കാന്‍ സാധിക്കില്ലല്ലോ. അസുഖം വന്നാലത്തെ കഥ പറയണ്ട. രണ്ടു കൊച്ചുങ്ങളേം ഒരാളെ കൊണ്ട് മേയ്ക്കാന്‍ പറ്റില്ല തന്നെ. കാര്യങ്ങള്‍ ഇങ്ങിനെ ഒക്കെ ആണെന്നിരിക്കെ, ആ കുഞ്ഞുങ്ങളുടെ അമ്മ ജോലിക്കും പോകുന്നുണ്ടെങ്കിലോ?
ഏതാണ്ട് ആ അവസ്ഥയായിരുന്നു എന്റെ പെങ്ങന്മാരെ പ്രസവിച്ച അമ്മക്കുണ്ടായത്. എട്ടാം മാസം പ്രസവിച്ച എലിക്കുഞ്ഞുങ്ങളെ പോലുള്ള രണ്ടു കുട്ടികളെ നോക്കാന്‍ കുറച്ചു കാലം മുത്തശ്ശി വന്നു നിന്നു. പിന്നെ ബന്ധത്തില്‍ പെട്ട ഒരു ചേച്ചി കുറച്ചു കാലം ഉണ്ടായി... ഇതൊക്കെ കഴിഞ്ഞു ഗര്‍ഭശ്രീമാന്‍ ആയി "നിങ്ങളുടെ സ്വന്തം" ഇരിക്കുന്ന കാലത്താണ് മീനാക്ഷിയമ്മ രംഗപ്രവേശം ചെയ്യുന്നത്... പാലക്കാട് ഒരു അഗ്രഹാരത്തില്‍ ഉള്ള ഞങ്ങളുടെ വീട്ടിലേക്കു രാവിലെ വരുന്ന അവര്‍ വൈകുന്നേരം അമ്മ വരുന്നത് വരെ ഉണ്ടാകും. പെങ്ങന്മാരെ നോക്കല്‍ ആണ് പ്രധാന ചുമതല എങ്കിലും പൊതുവേ വീട്ടിലെ പണികളില്‍ ഒക്കെ അവരുടെ കൈ എത്തിയിരുന്നു. പെങ്ങന്മാരെ വിളിക്കാന്‍ അവര്‍ക്ക് സ്വന്തം ചെല്ലപ്പേരുകള്‍ ഉണ്ടായിരുന്നു. സുമ എന്ന ആളെ പുഷ്പം എന്നും ഉമക്ക് മല്ലി എന്നും അവര്‍ പേരുകള്‍ നല്‍കി. ഈ പേര് വിളിക്കുന്നത് പിന്നീട് എന്റെ അവതാരശേഷം അവര്‍ക്ക് അരോചകം ആയി തീര്‍ന്നു എന്നാണെന്റെ ഓര്‍മ്മ.
എനിക്കോര്‍മ്മ വെക്കുമ്പോള്‍, മീനാക്ഷിയമ്മ വീട്ടില്‍ ഉണ്ടായിരുന്നു. പെങ്ങന്മാര്‍ വിളിച്ചിരുന്ന പോലെ ഞാനും അവരെ "അച്ചച്ചി" എന്ന് വിളിച്ചു പോന്നു. വെളുത്ത ഒരു ഒറ്റ മുണ്ടും ബ്ലൌസും. അതാണ്‌ വേഷം. ഇരു നിറം, ഏതാണ്ട് 70 വയസ്സ് പ്രായം, മൂക്കുത്തി. ഇതൊക്കെ ആണ് എനിക്കോര്‍മ്മയില്‍ തെളിയുന്ന അവരുടെ രൂപം. കഞ്ഞി മുക്കിയ അവരുടെ മുണ്ടിന്റെ മണം ഇപ്പോളും ഓര്‍മ്മയുടെ അഗാധങ്ങളില്‍ എവിടെയോ കിടക്കുന്നുണ്ടെന്ന് തോന്നുന്നു.
എന്തായാലും, അച്ചച്ചി ഞങ്ങളെ മൂന്നു പേരെയും നിഷ്കര്‍ഷയോടെ പരിപാലിച്ചു പോന്നു. വളരെ മാന്യനും വാശി, ദേഷ്യം, കുരുത്തക്കേട്‌ ഇവയൊന്നും തൊട്ടു തീണ്ടാത്തവനും ആയതു കൊണ്ട് എന്നെ കൊണ്ട് അന്നും ഇന്നും ആര്‍ക്കും ഒരു ഉപദ്രവവും ഇല്ലല്ലോ :).... മീനാക്ഷിയമ്മ ആയിരിക്കും എന്റെ ബാല്യകാല കുസൃതികള്‍ ഏറെ സഹിച്ചിരിക്കുക. എന്നാലും വളരെ സ്നേഹത്തോട് കൂടിയാണ് അവര്‍ എപ്പോളും പെരുമാറിയിരുന്നത്. പിന്നീട് ഞങ്ങള്‍ വളര്‍ന്ന്, അവര്‍ ഞങ്ങളുടെ അടുത്തു നിന്നു പോയതിനു ശേഷവും ഇടക്ക് അച്ഛന്‍ ഞങ്ങളെ അവരുടെ അടുത്തു കൊണ്ട് പോയി കാണിക്കുമായിരുന്നു.
കുട്ടിക്കാലത്ത് ഞങ്ങളുടെ വീട്ടില്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് തരാന്‍ വേണ്ടി കാല്‍സ്യം ഗുളികകള്‍ വാങ്ങി വെക്കുമായിരുന്നു. ചുവന്ന തൊപ്പി വെച്ച അണ്ണാറക്കണ്ണന്റെ  രൂപത്തില്‍ ഉള്ള പ്ലാസ്റ്റിക്‌ കുപ്പിയില്‍ റോസേ നിറത്തില്‍ ഉള്ള ഗുളികകള്‍ ഞങ്ങളുടെ കുഞ്ഞി വായില്‍ മധുരവും ശരീരത്തില്‍ കാത്സ്യവും നിറച്ചു പോന്നു. ഏറ്റവും മര്യാദക്കാരനായിരുന്ന എന്നെ വെറുതെ ഭയപ്പെട്ട്, പുറത്തളത്തിലെ  ഉത്തരത്തിന്മേല്‍ ആണ് ഇത് സൂക്ഷിച്ചിരുന്നത്. അന്നേക്ക് ഞാന്‍ അവിടം വരെ എത്താന്‍ ഉള്ള വഴി കണ്ടു പിടിച്ചിരുന്നില്ലായിരിക്കാം. അത് കൊണ്ട് തന്നെ, ഇത് കിട്ടാന്‍ വേണ്ടി കരഞ്ഞു വാശി പിടിക്കയല്ലാതെ മറ്റൊരു മാര്‍ഗവും എന്റെ മുന്‍പില്‍ ഉണ്ടായിരുന്നില്ല.
അങ്ങിനെയിരിക്കെ ഒരു ദിവസം അച്ചച്ചി ആ മുറിയില്‍ ഉള്ള സമയത്താണ് എനിക്കീ കാല്‍സ്യം ഗുളിക കഴിക്കാന്‍ ഒരു തോന്നല് തോന്നിയത്. മുകളിലേക്ക് ചൂണ്ടി, കൊഞ്ചല്‍ മാറിയിട്ടില്ലാത്ത ഞാന്‍ പറഞ്ഞു "റോച്ചു കുലിക വേനം". മീനാക്ഷിയമ്മക്ക് കാര്യം മനസ്സിലായില്ല. വേറെ പലതും പറഞ്ഞു എന്നെ കളിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, ഞാന്‍ വീണ്ടും മുകളിലേക്ക് ചൂണ്ടി "റോച്ചു കുലിക വേനം". അവര്‍ ഞാന്‍ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി. തിരിച്ചെന്നെയും. ഇതെന്താണ് ഈ കുട്ടി പറയുന്നത് എന്ന മട്ടില്‍. പ്രായാധിക്യം മൂലം അതെന്താണെന്ന് എത്തി നോക്കുവാന്‍ അവര്‍ക്കാകുമായിരുന്നില്ല. അടുക്കളയില്‍ പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അമ്മയോട് ഉറക്കെ അവര്‍ വിളിച്ചു ചോദിച്ചു "ദാ.. ചെക്കന് ദോശക്കോല്  വേണം വേ. നിങ്ങളതെന്താണ് ച്ചാ എടുത്തു കൊടുക്കിന്‍." ഇതെന്താ ഈ ദോശക്കോല് എന്ന് ആലോചിച്ചു എത്തിയ അമ്മയോടും ഞാന്‍ പറഞ്ഞു "റോച്ചു കുലിക"..... റോസ് ഗുളികയെ ദോശക്കോലാക്കിയ മീനാക്ഷിയമ്മയെ ഓര്‍ത്തൊരു പൊട്ടിച്ചിരിയായിരുന്നു മറുപടി......

No comments:

Post a Comment