Monday, June 4, 2012

കവിയുടെ അസ്വസ്ഥതകള്‍.....

ചെവിയില്‍ ആരവം,
അട്ടഹാസങ്ങളില്‍
മുഴുകും ആക്രോശ ഗര്‍ജ്ജനം,
പൊങ്ങുന്ന മിഴിയില്‍ വാളിന്‍
തിളങ്ങുന്ന ഭീഷണി,
പിറകില്‍ വേദനിപ്പിക്കും
നിലവിളി,
ഇരവിന്‍ ഭ്രാന്തമാം
ഉന്മാദ നര്‍ത്തനം,
കൊടിയില്‍ ഈറന്‍
നിണത്തിന്റെ സ്പന്ദനം.....
-----------
ചളി പുതഞ്ഞൊരു ചെമ്മണ്ണുപാതയില്‍
പതിയും കാലത്തിന്‍
പാദസംസ്പര്‍ശനം,
പുതിയ പുസ്തക ഗന്ധം
മഴക്കൊത്തു കലപിലശബ്ദം,
ബാല്യകുതൂഹലം,
അറിവിന്‍ ആല്‍മരക്കൊമ്പില്‍
കുറുകുന്ന കിളിമകളുടെ
സ്നേഹാര്‍ദ്ര നിസ്വനം,
മിഴിയില്‍ മൂടും അവിദ്യാതിമിരത്തിന്‍
ഉടല്‍ മുറിയുന്ന
ജ്ഞാനാഗ്നി ജ്വാലനം....
--------------
കപടലോകത്തില്‍
അസ്വസ്ഥ ജീവിതം
തിരി കൊളുത്തുന്ന
നാഗര ജീവിതം,
അകമേ വിങ്ങുന്ന
നഷ്ടബോധത്തിന്റെ
തിരിയില്‍ ഓര്‍മ്മതന്‍
ചിത്ര പ്രദര്‍ശനം,
കവിത വറ്റിടും
ഊഷരഭൂമിയില്‍
നിറയും നിസ്സഹായത്വത്തിന്‍
രോദനം,
തിരികെ വീണ്ടും ലഭിക്കാത്ത
ബാല്യവും
നിറയും നന്മയും
ഇറ്റിച്ച നീര്‍ക്കണം...
-------------
മിഴി തുറക്കുന്ന
പുത്തനാണ്ടിന്‍ ചട്ട-
പ്പുറമേ ആരോ
വരഞ്ഞ ചിത്രങ്ങളില്‍,
ചിരിയും കണ്ണീരും
ഒന്നിച്ചു തീര്‍ക്കുന്ന
പുതിയ വര്‍ണങ്ങള്‍ തന്‍
സാന്ദ്രസാഗരം,
ഇരുളും വെണ്ണിലാവൊളിയും
പുല്‍കുന്ന
മനുജഹൃത്തിന്റെ
നേരായ ദര്‍ശനം,
കവിയുടെ നെഞ്ചില്‍
തീയും കുളിരുമായ്
പടരും
അസ്വസ്ഥതയുടെ മര്‍മ്മരം.....

No comments:

Post a Comment