Thursday, May 24, 2012

ഇപ്പോള്‍ ചെയ്യുന്നത്....

അഭയമറ്റൊരെന്നാത്മാവില്‍ ജീവന്റെ
അറുതി കാണാത്ത സായന്തനങ്ങളില്‍
അരികു പൊട്ടിയൊരെന്‍ മുഖം മൂടികള്‍
അഴിയുകയാണ് വാഴ്വിന്റെ വേദിയില്‍

ഒഴുകിടുന്നൊരീ ജീവിതമാം നദി-
ക്കകമേ ഏതോ ചുഴിയില്‍ ഞാന്‍ താഴവേ
പിടയും നെഞ്ചിലെ ശ്വാസതാളത്തിലും
പൊഴിയുകയാണു സ്നേഹസംഗീതിക

ഉടലു പൊള്ളും ജ്വരം വളര്‍ന്നെന്നുടെ
മധുരമൊക്കെ കവര്‍ന്നെടുത്തീടവേ
നിഴലു വീഴുന്ന ചേതന പിന്നെയും
ഒളിയിലെത്താന്‍ കൊതിച്ചു നില്‍ക്കുന്നിതാ

മരണമെന്നെ തണുക്കും കരങ്ങളാല്‍
പുണരുവാന്‍ വരും നേരവും പ്രാണനില്‍
പകുതി പാടിയ പാട്ടിന്റെ പല്ലവി
പതിയെ മൂളുകയാണ് ഞാന്‍ ഇപ്പൊഴും

വിധി ചവുട്ടിച്ചതക്കുന്ന ഭാവന
നിലവിളിച്ച് കരയുന്ന നേരവും
വിറ കൊള്ളുന്നൊരാ കൈകളാല്‍ പിന്നെയും
വരയുകയാം മനസ്സിന്‍ മതിലിതില്‍....

കപടത പിച്ചിച്ചീന്തിയ ജീവന്റെ
ഇനിയും അസ്തമിച്ചില്ലാത്തുടുപ്പുകള്‍
തിരയുകയാണ് പിന്നെയും കുഞ്ഞിളം
മിഴിയില്‍ മാനുഷ്യകത്തിന്‍ നിലാവൊളി............

1 comment:

  1. "ഉടലു പൊള്ളും ജ്വരം വളര്‍ന്നെന്നുടെ
    മധുരമൊക്കെ കവര്‍ന്നെടുത്തീടവേ
    നിഴലു വീഴുന്ന ചേതന പിന്നെയും
    ഒളിയിലെത്താന്‍ കൊതിച്ചു നില്‍ക്കുന്നിതാ" kadannu varoo kadannu varoo madichu nilkkaathe !

    ReplyDelete