Wednesday, May 9, 2012

എന്റെ ബലിപുത്രന്‍....

പരിഹസിച്ചും
പുലഭ്യം പറഞ്ഞും
എന്‍ കവിതകള്‍ക്ക് മേല്‍
നിന്‍ കൂര്‍ത്ത പല്ലുകള്‍
മുഴുവനാഴ്ത്തിയാ ചോര കുടിച്ചു നീ
അലറിയുന്മത്തനായി,
നിശീഥത്തിന്‍
തൊലി പൊളിയുന്ന മുന്‍പേ മടങ്ങുക
തിരികെ നിന്നുടെ
താവളം പൂകുക....

ഇനി നിനക്കായി നാളെയും
ഞാനിര തരുമതു വരെ
നീയുറങ്ങീടുക.
നിണമൊഴുകുന്ന ദംഷ്ട്രകള്‍
രാകിയും,
പരിഹാസത്തിന്‍ ശരം
മൂര്‍ച്ച കൂട്ടിയും,
ഇനിയും എന്റെ കവിതയെ
നീ ബലാല്‍
ഉടുതുണി കീറി
നഗ്നയാക്കുന്നതും
കനവു കണ്ടു നീ
വിശ്രമിച്ചീടുക

ഇനിയും കംസര്‍ക്കു
തച്ചു കൊന്നീടുവാന്‍
പുതിയ
കാവ്യശരീരത്തെയൊന്നു ഞാന്‍
വയറില്‍ പേറുന്നു,
എന്‍ ബലിപുത്രനെ,
നിലവിളിക്കുന്ന മാതൃഹൃദയത്തിന്‍
മുറിവില്‍ നിന്നും
ഉയിരാണ്ടൊരുണ്ണിയെ,
കപട ലോകത്തെ
തന്റെ കരച്ചിലാല്‍
ഇരവില്‍ ഞെട്ടി-
യെണീപ്പിക്കുമുണ്ണിയെ.....
ഉറയും നിസ്സഹായത്വത്തിന്‍
രേതസ്സാല്‍
ഹൃദയം പെറ്റിട്ട
മാനസപുത്രനെ....

ഇനിയും നീട്ടുന്നു....
എന്റെ എട്ടാം മകന്‍
പിറവി കൊള്ളും
വരെ നൃത്തമാടുക...

No comments:

Post a Comment