Thursday, May 3, 2012

രാമകൃഷ്ണസ്മരണം.....

തെറ്റില്‍ വട്ടംകറങ്ങും മനുജനു പുരുഷായുസ്സിന്റെ സാഫല്യമായ്
വറ്റാതുള്ളില്‍ സമാര്‍ദ്രം കരുണയുടെ നിലാവെപ്പൊഴും വാര്‍ന്നു  വീഴാന്‍
മുറ്റും സ്നേഹം നിറച്ചെന്‍ കരളിതില്‍ പരമാനന്ദപ്രഭാവര്‍ഷമായ്
ഹൃത്താരില്‍ തത്തിടാവൂ കലിമലഹരനാം രാമകൃഷ്ണന്റെ നാമം
-----
സത്യത്തിന്‍ സത്തയാം നിന്‍  തിരുവുടല്‍ സതതം ചിന്തനം ചെയ്തുമേ ത്വത്-
കൃത്യങ്ങള്‍ കീര്‍ത്തനം ചെയ്തിരവുപകലുകള്‍ ധന്യമായ്ത്തീര്‍പ്പവര്‍ക്കായ്
ചിത്തത്തില്‍ നിത്യഹര്‍ഷം വളരുമൊരളവില്‍ നല്‍കണേ സത്വമൂര്‍ത്തേ
ത്വത്പാദാംഭോജഭക്തിം  കലിയുഗവരദാ  രാമകൃഷ്ണാ  നമസ്തേ!!
------------------
കാളീഭക്തിനിമഗ്നനായ്പ്പലതരം ഭാവങ്ങളില്‍, പാതയില്‍-
ക്കൂടീ നേടിയൊരേ സുഖം, നിരുപമം സംവിത്സുധാസാഗരം
കാളും ജീവിതപാതയില്‍ത്തളരുമീ ജീവപ്രപഞ്ചത്തില്‍ നീ
തൂകേണേ തവ സ്നേഹവര്‍ഷമലിവായെന്നും കൃപാവാരിധേ
--------
നിന്‍ ലീലാരസികര്‍ക്ക് നീ സുഖദമാം പൂന്തെന്നല്‍, ശിഷ്യര്‍ക്കഹോ
കാമിച്ചീടുവതൊക്കെയും സഫലമായ്ത്തീര്‍ക്കുന്നതാം കല്‍പ്പകം
ഭോഗഗ്രസ്ത ജനത്തിനാത്മപദവീദാതാവു, ഭക്തര്‍ക്കു നീ
മാധുര്യാത്മക സര്‍ഗരാഗലഹരീ  വേണൂരവം, ഹേ വിഭോ!
----------
വേദം ഏതൊന്നിനെത്തന്‍ വിരലുകള്‍ - പല മന്ത്രങ്ങളാല്‍ - ചൂണ്ടിടുന്നോ
ഏതൊന്നാ രാമനായിദ്ധരണിയില്‍ കരുണാമൂര്‍ത്തിയായ് വാണിരുന്നോ
ഏതാക്കാളിന്ദിതീരേ മുരളിയില്‍ മധുരം പെയ്തുവോ കൃഷ്ണനായി-
ട്ടാ ശക്തീപുഞ്ജമാം ശ്രീഗുരുവരന്‍ ഭഗവാന്‍ രാമകൃഷ്ണന്‍  ജയിക്ക!!!
---------

1 comment:

  1. പാതയില്‍-
    ക്കൂടീ നേടിയൊരേ ....
    ട്ടാ ശക്തീപുഞ്ജമാം ശ്രീഗുരുവരന്‍ ഭഗവാന്‍ രാമകൃഷ്ണന്‍ ജയിക്ക!!! ennee randidangalil enthenilum prashnamundo ?! ATHOZHICHAAAL VALARE BHAKTHI POORNAMAAYA SHUTHI PARAMAAYA KAVANAM THANNE ITHU. GREATWORK. CONGRATS DILEEP .

    ReplyDelete