Friday, April 27, 2012

പുലരിയില്‍ ഓര്‍ക്കുന്നത്.....

എഴുന്നേല്‍ക്കൂ
ഇതാ വീണ്ടും
പുലര്‍കാലത്തിന്റെ സ്പന്ദനം
ഉണരൂ
സ്വാഗതം വീണ്ടും
കാതില്‍ കാറ്റിന്റെ മര്‍മ്മരം

ഇന്നലെ
ചെയ്തതെല്ലാമേ
ആവര്‍ത്തിക്കുന്ന ജീവിതം
വിരസം, നിത്യമാം
സ്ഥായീഭാവം പ്രാണന്റെ രോദനം

കാണുന്നോ നിത്യവും
ജീവന്‍ പുതുക്കും
വിശ്വമത്ഭുതം,
കെട്ടി നില്ക്കാതൊഴുകുന്ന
പ്രണയം പോലെ
കാലവും

കാണ്‍കയീ
ഘടികാരത്തിന്‍ സൂചികള്‍
സഞ്ചരിച്ചിടെ
ജീവിതം ചുരുള്‍ നീര്‍ത്തുന്നു
മരണോന്‍മുഖമെങ്കിലും

ഓരോ നിമിഷവും
നല്‍കും ഉപഹാരങ്ങള്‍
എണ്ണിയാല്‍ തീരുമോ
ജീവിതം നീട്ടും
അനര്‍ഘ കുസുമങ്ങളെ

നേരമില്ലാ നോക്കി നില്‍ക്കാന്‍
പായേണമതിനൊപ്പം,
ഈ ഊതിവീര്‍പ്പിച്ച
ഞാനെന്ന ഭാണ്ടവും
പേറിയെങ്കിലും

ഇടക്കൊരല്പം നിന്നീടൂ
ഇടത്താവളമൊന്നിതില്‍
ഒരല്പം വിശ്രമിച്ചീടൂ
ഓര്‍ക്കൂ പിന്നിട്ട പാതകള്‍

വെള്ളി കെട്ടിയ
ആത്മാവിന്‍ ശംഖില്‍
കോരി നിറക്കുകാ
ഓര്‍മ്മയില്‍ നിന്നുമൂറുന്ന
തീര്‍ത്ഥത്തിന്‍ മധുരങ്ങളെ

കുസൃതിക്കൂത്തില്‍
പിന്നിട്ട ബാല്യ-
കല്‍ക്കണ്ട മാധുരി,
ഊഞ്ഞാലാടിയ ഓണപ്പൂ-
ക്കാലത്തിന്റെ നിലാവൊളി

കിനാവില്‍ പൂത്തു നില്‍ക്കുന്ന
കൊന്നപ്പൂവിന്റെ കിങ്ങിണി
തിരുവാതിരയാടുന്നൊ-
രാതിരക്കുളിരിന്‍ ചിരി

വേലിക്കല്‍ നില്‍ക്കും
തെച്ചിപ്പൂച്ചോപ്പില്‍
നാടിന്റെ പുഞ്ചിരി
പൂരം വിരിച്ച 
വര്‍ണത്തിന്‍
ജാലം തീര്‍ക്കുന്ന കമ്പിളി

കുളിരേകി
തലോടിക്കൊണ്ടൊഴുകും
കാവ്യനിര്‍ഝരി
മിഴിയില്‍
പ്രണയം തന്ന
സൌന്ദര്യത്തിന്റെ പൂത്തിരി

പിന്നിട്ട കാലമേ,
ഓര്‍മ്മക്കുളിരായ്
നിറയാവു  നീ
ഏഴായിരം നിറം ചേര്‍ത്തു
മഴവില്ലൊന്നു
തീര്‍ക്ക നീ 

നിഷ്കളങ്കത നീര്‍ത്തുന്ന
സൌന്ദര്യത്തിന്‍ വിമുഗ്ദ്ധത
നിലാവിന്‍ പുഞ്ചിരിപ്പാല്‍ പോല്‍
പ്രാണനില്‍ നീ
നിറക്കുക

ഓര്‍ക്കാനായ്
മാമ്പഴക്കാലം
തീര്‍ക്കൂ നീയെന്റെ കാവ്യമേ
വാര്‍ക്കാനായ്
പുതുലോകത്തെ, പോരൂ
നീ പുലര്‍കാലമേ

No comments:

Post a Comment