Friday, April 20, 2012

അയോധ്യയിലെ രാമന്.....

നീറും മാനുഷജീവിതങ്ങള്‍ പുണരും സ്നേഹപ്പുലര്‍കാലമായ്
നാറും കാമിനികാഞ്ചനങ്ങള്‍ പൊതിയും ജീവന്നു വിശ്രാന്തിയായ്
നൂറല്ലായിരമല്ല കോടി പുരുഷാര്‍ത്ഥങ്ങള്‍ക്കു നേടാവതോ
ശ്രീരാമാ തവപാദപദ്മമതിലെന്‍ വാക്കിന്റെ പൂക്കള്‍ ഇതാ

കുട്ടിത്തം മറയുന്ന മുന്നെ ഋഷിമാര്‍ക്കേകീ ഭവാനാശ്രയം
കാട്ടില്‍ പോയി, തനിക്കു ചേര്‍ന്ന ഭരണം സര്‍വ്വം ത്യജിച്ചും വിഭോ
നാട്ടിന്നേതൊരു പുല്‍ക്കൊടിക്കുമാഭിമാനിക്കാവതാം മട്ടില്‍ നീ 
കാട്ടിത്തന്നു സുധര്‍മ്മജീവിതമഹോ ധന്യം സദാ ഭാരതം

കോദണ്ടായുധധാരിയായ് പ്രിയതമാക്കായിട്ടലഞ്ഞും സദാ
സീതേയെന്നു വിളിച്ചു കേണു കരയും സ്നേഹപ്രകാശത്തിനെ
വേടത്തിക്ക് വരം കൊടുത്ത ഭുവന പ്രേമപ്രകര്‍ഷത്തിനെ
വേദത്തിന്‍ പൊരുളായ ജീവകലയെ ധ്യനിപ്പു ശ്രീരാമനെ

ശ്രീമത് വായുസുതന്നു താങ്കള്‍ ഭഗവാന്‍, സുഗ്രീവനോ മിത്രവും
ഭൂമീനന്ദിനി കാത്തിടും പ്രിയവരന്‍, ശത്രുഘ്നനോ ജ്യേഷ്ഠനും
കാമം തീണ്ടിയഹല്യയെന്ന ശിലയില്‍ പെയ്തോരു മോക്ഷാമൃതം
രാമാ നീ ചൊരിയേണമെന്നിലലിവായ് വീണ്ടും തളിര്‍ക്കട്ടെ ഞാന്‍

കൈവല്യം തളിരിട്ട കല്‍പ്പകമരം, ധര്‍മത്തിന്‍ ഭേരീരവം
നീ വിശ്വത്തിനു മംഗളങ്ങളരുളാന്‍ നാമ്പിട്ട സൂര്യോദയം
നാവിന്‍ തുമ്പിലെ ആര്‍ദ്രമായ മധുരം, നിന്നമ്പലം ഞങ്ങളില്‍
ജീവന്‍ ബാക്കിയിരിക്കുമെങ്കില്‍ ഉയരും വീണ്ടും അയോധ്യക്കകം

2 comments:

  1. This comment has been removed by the author.

    ReplyDelete
    Replies
    1. കേമം തന്നെ, ദിലീപ്‌...

      കാമം തീണ്ടിയഹല്യയെന്ന ശിലയില്‍ പെയ്തോരു മോക്ഷാമൃതം
      രാമാ നീ ചൊരിയേണമെന്നിലലിവായ് വീണ്ടും തളിര്‍ക്കട്ടെ ഞാന്‍

      Delete