Tuesday, April 17, 2012

സഖാവിന്റെ ഭാര്യ.....

ഇനി ഈ പകലും ഈ രാത്രിയും....
അത് കഴിഞ്ഞാല്‍...
പിന്നെ എന്റെ ഓര്‍മ്മകളും
ഈ കുഞ്ഞും മാത്രം
നിനക്ക് തണല്‍.

അവന്‍ ഒരിക്കലെങ്കിലും ചോദിക്കും
എന്തിനാനെന്റെ അച്ഛനെ അവര്‍
തൂക്കിക്കൊന്നതെന്ന്?
അവനോടു പറയണം
അച്ഛന്‍ ഒരു കൊലയാളിയായിരുന്നു എന്ന്.....
അച്ഛന്റെ നേതാക്കന്മാര്‍ പറഞ്ഞ ആള്‍ക്കാരെ
മുഖം നോക്കാതെ,
ഇടം നോക്കാതെ,
ബന്ധമോ, ജാതിയോ, മതമോ നോക്കാതെ
വെട്ടിയരിഞ്ഞ ഒരു സഖാവായിരുന്നു അച്ഛന്‍ എന്ന്.


പാര്‍ട്ടിയുടെ രജിസ്റ്ററില്‍
എങ്ങോ ചുവന്ന പേന
കൊണ്ടടയാളപ്പെടുത്തിയ രക്തസാക്ഷിയായിരുന്നു എന്ന്,
ആരെന്നോ, എന്തിനെന്നോ അറിയാതെ
കൊലപ്പെടുത്തിയ ആളുകളുടെ
രക്തത്തിന്റെ
ക്രൂരസാക്ഷി...

എന്റെ ഓര്‍മ്മകളില്‍
നീ വെന്തു തീരും എന്നെനിക്കറിയാം
നിന്റെ കണ്ണുനീര്‍ കൊണ്ട് ഈ കണ്ണൂരില്‍
ഇനിയും ഭൂമി നനയും
നീയെന്റെ ജീവന്റെ പകുതിയാണല്ലോ..
എന്റെ ശിക്ഷ നാളെ തീരുമ്പോള്‍
നിന്റേതു ഒരു ജീവിതകാലം
മുഴുവനാണ്‌...

നാളെ എന്റെ ശവത്തിന്മേല്‍
അവര്‍ ചുവന്ന പട്ടു പുതപ്പിക്കും...
മുദ്രാവാക്യങ്ങള്‍ വിളിക്കും,
ചിത കത്തിയെരിഞ്ഞ്‌ തീരും വരെ....
പിന്നെ എന്റെ ഓര്‍മ്മകളും
ഈ കുഞ്ഞും മാത്രം
നിനക്ക് തണല്‍......

No comments:

Post a Comment