Thursday, April 12, 2012

വിഷുക്കാലമല്ലേ....

എല്ലാവര്‍ക്കും വിഷു-നവവത്സര ആശംസകള്‍....
-----------------------------------------
കണിക്കൊന്ന പൂത്തു, വിഷുപ്പക്ഷി പാടി,
വിഷുക്കാലമല്ലേ, വരുന്നില്ലെ നാട്ടില്‍
ചിരിച്ചെത്തിടും മേടമാസം വിളമ്പും
വിഷുക്കട്ടയുണ്ട് വരുന്നീലയോ നീ

എണീപ്പിച്ചു, കണ്‍പൊത്തി, കൂടെ നടത്താന്‍
കണിക്കായി ശ്രീകോവില്‍ തന്നിലിരുത്താന്‍
തണുപ്പിന്റെ മേല്ക്കച്ച  കെട്ടുന്ന മേട-
പ്പുലര്‍വെട്ടമുണ്ട്, വരുന്നീലയോ നീ

പഴംപാട്ട് പാടുന്ന മുത്തശ്ശിയമ്മ
തരും നാണ്യവും പുണ്യവും ഏറ്റു വാങ്ങാന്‍
പടക്കത്തിനൊച്ച സഹിക്കാതെ കാത-
ങ്ങടച്ചുമ്മറത്തിണ്ണമേല്‍ ചാരി നില്‍ക്കാന്‍

വെളുക്കുന്ന മുന്നേയുണര്‍ന്നുള്ളൊരാല-
സ്യമീ ചായയില്‍ മുക്കി മെല്ലെ കുടിക്കാന്‍
ഇളം വെയില് വീശുന്ന നേരം നടന്നാ
കളിക്കൂട്ടുകാര്‍ക്കൊപ്പം ആറ്റില്‍ കുളിക്കാന്‍

കുളിച്ചീറനായി തൊഴാന്‍ പോകുവാന്‍, പി-
ന്നതേ പാതയില്‍ നാട്ടുമാവിന്മേലേറാന്‍
വളര്‍ന്നീടുവാനായ് മറന്നിട്ടു പോയാ
മയില്‍‌പ്പീലി വീണ്ടും തിരഞ്ഞൊന്നു നോക്കാന്‍

ചിരിക്കാന്‍, മറക്കാന്‍ വിഷാദം, നിലാവില്‍
കുളിക്കാന്‍,കണിക്കൊന്ന പോലെ തിളങ്ങാന്‍
പുളിശ്ശേരി കൂട്ടിക്കുഴച്ചുണ്ണുവാന്‍, നിന്‍
കിനാവില്‍ രമിക്കാന്‍ വരുന്നീലയോ നീ

വരുന്നീലയോ നീ, അലച്ചില്‍ നിറുത്തീ-
ട്ടിതാ ജീവിതം നിന്നെ പുല്‍കാന്‍ കൊതിപ്പൂ
വരൂ പുത്തനാണ്ടിന്‍ മുഖം കാണുവാനായ്,
വയറ്റാട്ടിയാം മേടസംക്രാന്തിയൊപ്പം....
------
മേടം കുളിച്ചു കുറിയിട്ട് വരുന്നു, കൊയ്ത
പാടങ്ങള്‍ കേറി, കണി വെള്ളരി കൈയിലേന്തി
വീണ്ടും വരുന്നു വിഷു മാനുഷഹൃത്തു തോറും
തീണ്ടും വിഷങ്ങളുടെ ബാധയറുത്തു മാറ്റാന്‍

1 comment:

  1. ദിലീപൻ നയത്തിൽ രചിച്ചോരുപദ്യം
    കലാമൂല്യമേറും സുമം, നന്ദിചൊൽ‌വൂ
    നിലയ്ക്കാത്ത കാവ്യപ്രപഞ്ചം രചിയ്ക്കാൻ
    ഫലം ദേവി നൽകാനിവൻ കുമ്പിടുന്നേൻ

    ReplyDelete