Wednesday, April 11, 2012

ഇങ്ങും നീ... അങ്ങും...

ഈ നിലാവലയില്‍ മുങ്ങി നീരവേ
ഈണമിട്ട വരി പാടി നോക്കവേ
ഈറനാം പുലരി പുഞ്ചിരിക്കവേ
ഈശ നിന്റെ മൃദുഹാസം ഓര്‍പ്പു ഞാന്‍

സുന്ദരസ്മിതമുതിര്‍ത്ത കുഞ്ഞിലും
മന്ദമന്ദം ഒഴുകുന്ന കാറ്റിലും
ചന്ദനക്കുളിരില്‍ മുങ്ങി നീര്‍ന്ന സൌ-
ഗന്ധികങ്ങളിലും നിന്റെ കൈവിരല്‍

അമ്മയെന്ന മധുരാക്ഷരത്തിലും
അമ്മഭൂമിയുടെ നെഞ്ചിടിപ്പിലും
നിര്‍മ്മലാര്‍ദ്രമൊഴുകും നിളാനദി
ഉമ്മ വെച്ച മലയാള മണ്ണിലും

പൂര്‍ണ്ണചന്ദ്രമണിഭൂഷിതാംഗയാം
രാത്രികന്യയുടെ മാര്‍ത്തടത്തിലും
തീര്‍ന്ന വേനലിലും പൂത്ത മാവിലും
കാണ്മു ഞാന്‍ തവ വിമോഹനസ്മിതം 
-----
ഈ ദുരന്തമിഴയുന്ന വാഴ്വിലും
ഈഷല്‍ കൊണ്ടു തുളയുന്ന മാറിലും
ഈച്ച വന്നു പൊതിയും ജഡത്തിലും
ഈശ്വരാ തവ വിലാസമോര്‍പ്പു ഞാന്‍

തണ്ടടര്‍ന്നു പൊഴിയുന്ന പൂവിലും
വെന്ത കണ്ണില്‍ കിനിയുന്ന നീരിലും
സന്ധ്യ മാഞ്ഞു വിടരുന്ന രാവിലും
നിന്റെ തന്നെ നിഴല്‍ കണ്ടിടുന്നു ഞാന്‍

നൂറുതെറ്റുകളെ കൊന്ന വീറിനായ്
തേര്‍തെളിച്ച ഇടയന്റെ പാട്ടിലും,
കാര്‍ന്നു തിന്ന ദുരിതങ്ങള്‍ തീര്‍ക്കുവാന്‍
വാര്‍ന്ന ഭട്ടതിരി-ഗീതകത്തിലും
 
കണ്ണുനീരൊഴുകും ജീവിതത്തിലും
എണ്ണമറ്റ ദുരിതാര്‍ണ്ണവത്തിലും
പിന്നിടുന്ന കരിമുള്ളിന്‍ കാട്ടിലും
കണ്ണ നിന്റെ കളി കണ്ടു നില്‍പ്പു ഞാന്‍
-------

No comments:

Post a Comment