Monday, April 9, 2012

കാത്തിരിപ്പ്.....

ഒരു വട്ടം കൂടി നിന്‍ ഹൃദയത്തിനുള്ളിലെ
പ്രണയത്തിനോടു ചോദിച്ചു നോക്കൂ
ഒരു വട്ടം കൂടി നീ മിഴിനീര്‍ തുടച്ചു നിന്‍
മുഖമുയര്‍ത്തി എന്‍ മുഖത്തു നോക്കൂ

മഴ ചാറിടുന്നൊരീ തരളമാം സന്ധ്യയില്‍
ഇവിടെ ഈ കോലായില്‍ ഞാനിരിക്കാം
ചളി പുരണ്ടുള്ളൊരീ ചുമര്‍ ചാരി നിന്നുടെ 
മറുപടിക്കായി ഞാന്‍ കാത്തിരിക്കാം
 
മിഴി കടഞ്ഞിപ്പൊഴും വിഫല മോഹങ്ങള്‍ തന്‍
ശവമഞ്ചമേന്തുകയായിടാം നീ
ഹൃദയം നുറുങ്ങുന്ന വേദനയില്‍ സ്വയം
ഉരുകിയൊലിക്കുകയായിടാം നീ
 
ഇരുളില്‍ അകത്തെ ജനല്‍പ്പാളിയില്‍ പിടി-
ച്ചൊരുവേള തേങ്ങുകയായിടാം നീ
നിലവിളിക്കുന്ന മനസ്സിന്റെ വാ പൊത്തി
നിഴല്‍ പോലിരിക്കുകയായിടാം നീ
 
മഴ ചാറിടുന്നു, പുരക്കകം വേവുന്ന
ഹൃദയങ്ങള്‍ വീണ്ടും ഞരങ്ങിടുന്നു
കദനത്തിന്‍ കടലെന്റെ മുന്നില്‍ അടച്ചിട്ട
കതകില്‍ വന്നാഞ്ഞാഞ്ഞടിച്ചിടുന്നു

ഇനി വരേണ്ടെന്നോതി ഒരു വിങ്ങലോടെന്റെ
പ്രണയ സമ്മാനപ്പൊതികളേകി
മറുപടിക്കായ് കാത്തു നില്‍ക്കാതെ നീലച്ച
കതകുകള്‍ നീ ചേര്‍ത്തടച്ചതല്ലേ

ഇടി മിന്നലേറ്റ പോല്‍ നില്‍ക്കെ അകത്തു നി-
ന്നൊരു നേര്‍ത്ത തേങ്ങല്‍ ഞാന്‍ കേട്ടതല്ലേ
പിരിയാന്‍ നിനക്കാവുകില്ലെന്നു ചൊല്ലുന്ന
കരളിന്റെ രോദനം കേട്ടതല്ലേ

ഒരു വട്ടം കൂടി നിന്‍ നിറമാറിലെ നഖ-
ക്ഷത നൊമ്പരത്തോടാരാഞ്ഞു നോക്കൂ
രുധിര ബിന്ദുക്കളാല്‍ നിറമാര്‍ന്ന കനവിന്റെ
മൃദുസ്പന്ദനത്തിനായ് കാതു ചേര്‍ക്കൂ 

ഇരുള്‍ വീണിടുന്നൊരീ അന്തി മയക്കത്തില്‍
ഇവിടെ ഈ കോലായില്‍ കാത്തിരിക്കാം
പുതിയ പുലരി പിറക്കും വരെ നിന്റെ
പ്രണയത്തിന്‍ കാവലായ് ഞാന്‍ ഇരിക്കാം

No comments:

Post a Comment