Sunday, April 1, 2012

ഒറ്റക്കിരിക്കുമ്പോള്‍.....

നിന്റെ മെസ്സേജുകള്‍ കൂകി വിളിച്ചെന്‍
നെഞ്ചില്‍ കുത്തിക്കേറരുത്
അമ്മ കുഴച്ചു തരുന്നൊരു ചോറിന്‍
സ്വാദുകള്‍ നാവില്‍ ഊറരുത്
പാടാനേറെ മോഹിക്കും  കവിതാസുധ
എന്നില്‍ തൂവരുത്
നീല ജനാല വിരിപ്പുകള്‍ നീക്കി
താരകമെന്നെ നോക്കരുത്
ആടിയുലഞ്ഞിടും വാകകള്‍ ഗോപിക-
ഗീതികള്‍ വീണ്ടും പാടരുത്
കാറ്റില്‍ മറഞ്ഞു വരുന്നൊരു നാടന്‍
പാട്ടുകള്‍ കാതില്‍ വീഴരുത്
കോര്‍ത്തൊരു പിച്ചക മാലകളെല്ലാം
വാടാതെങ്ങുമിരിക്കരുത്
കൂരിരുളാണ്ട മനസ്സില്‍ നിലാവിന്‍
നീല വെളിച്ചം വീഴരുത്
കീറി മുറിഞ്ഞ മനസ്സില്‍ ദയാര്‍ദ്ര-
മാമൊരു കൈവിരല്‍ ഏല്‍ക്കരുത്
ഭ്രാന്തന്‍ കവിതകള്‍ എഴുതിത്തീര്‍ക്കാന്‍
കടലാസ് പോലും കിട്ടരുത്....

പുലരികളില്‍ പുതുമണം വാര്‍ന്നെന്നെ ജീവിത
ക്കൊതിയിലേക്കാനയിക്കാതെ ഇരിക്കണം
കുളിരും ധനുമാസ രാത്രി തന്നോര്‍മ്മകള്‍
തരളമായ് തൊട്ടുണര്‍ത്താതെയിരിക്കണം
മൃടുലമായ് ഹൃദയത്തില്‍ മീട്ടുന്ന ഭൈരവീ-
സ്വരരാഗഗംഗയില്‍ മുങ്ങാതിരിക്കണം
നിരഘമാം കുഞ്ഞിന്റെ പുഞ്ചിരി പോലെ നിന്‍
സ്മരണകള്‍ എന്നെ തോടാതെയിരിക്കണം

എങ്കില്‍ ഈ ഏകാന്ത രാത്രിയില്‍ ഞാനെന്റെ
സങ്കടമെല്ലാം കരഞ്ഞു പറഞ്ഞിടാം
എങ്കില്‍ ഞാന്‍ വീണ്ടും പുലരി വിടര്‍ത്തുന്ന
തങ്കമലരുകള്‍ കാണാതിരുന്നിടാം
വീണ്ടും തിരിച്ചു വാരാത്തവണ്ണം ഒരു
നീണ്ട യാത്രക്ക് ഞാന്‍ പോകാനൊരുങ്ങിടാം
സ്നേഹം ഒഴുകുന്നോരെന്‍ ഹൃദയം തന്നു
ദേഹമുപേക്ഷിച്ചു ഞാന്‍ വിട വാങ്ങിടാം// 

No comments:

Post a Comment