Thursday, March 29, 2012

എം. ഡീ. ആര്‍ പാടുന്നേരം.......

എം. ഡീ. ആര്‍ പാടുന്നേരം
ഉയിരില്‍ പാറീടുന്ന
നാദത്തിന്‍ ശലഭങ്ങള്‍
ശബ്ദാര്‍ത്ഥ വിഹംഗങ്ങള്‍
കണ്ണിലെ കോണില്‍ മിന്നും
കണ്ണുനീര്‍ തിളക്കത്തില്‍
ചിരിയും കരച്ചിലും
വിടരും വസന്തങ്ങള്‍

എം. ഡീ. ആര്‍ പാടുന്നേരം
മൃതിയെ പോലും ചേര്‍ത്തു
പുണരും സ്നേഹത്തിന്റെ
നിറവാം മഹാര്‍ണ്ണവം
സ്മൃതി തന്നാഴങ്ങളില്‍
ഇളകും പരാത്പര
പ്രണയം കുറുകുന്ന
ഓംകാര മന്ത്രാക്ഷരം



വരദദാസന്‍* മൂളും
ഭാഗ്യശ്രീ രാഗങ്ങളില്‍
അലിയും അഹന്ത തന്‍
ശിലകള്‍, ഹൃദ്ഗാനങ്ങള്‍ 
തുയിലായ് പാടിപ്പാടി 
ഉണര്‍ത്തും അരങ്കങ്ങള്‍
തിരുവയ്യാറില്‍ പാടും
ത്യാഗയ്യ ഹൃദന്തങ്ങള്‍

എം. ഡീ. ആര്‍ പാടുന്നേരം
നിഷ്പന്ദം നില്‍പ്പൂ കാലം
 അഥവാ ചലിച്ചെന്നാല്‍
ആ ചൌക്ക കാലത്തിലും.
നിശ്ശങ്കം ചുറ്റിപ്പറ്റി
ക്കളിപ്പൂ വീട്ടില്‍ ചെന്ന
കുട്ടിയെപ്പോലെമ്പാടും
കാവേരിക്കരക്കാറ്റും

ശുദ്ധസാമഗാനത്തിന്‍
മേഘഗര്‍ജ്ജനങ്ങളില്‍
വര്‍ഷിപ്പു തുരീയാന-
ന്ദാമൃതമീ ഞങ്ങളില്‍
അത്ഭുതേക്ഷണങ്ങളാല്‍
നിന്നെ നോക്കിടാനല്ലാ-
തെന്തു ചെയ്യുവാന്‍? ഉള്ളില്‍
നിറഞ്ഞു നില്‍പ്പൂ ഞങ്ങള്‍...

എം. ഡീ. ആര്‍ പാടുന്നേരം
മൂകമാം ആത്മാവിങ്കല്‍
വിസ്മൃത പുരാവൃത്തം
ഇതളു വിടര്‍ത്തിയോ
മധുരം നിറഞ്ഞെന്റെ
ഹൃദയം മുറിവുകള്‍
ഉണക്കാന്‍ തുടങ്ങിയോ
ജീവിക്കയായോ ഞാനും.

* എം. ഡീ. രാമനാഥന്റെ തൂലികാനാമം
Music courtsey :
http://mdramanathan.com/

No comments:

Post a Comment