Tuesday, March 27, 2012

പോട്ടെ ഞാന്‍!!

എന്നിലെ അഴകായെന്നും
നിറഞ്ഞാടുന്ന സ്നേഹമേ
കുഞ്ഞിളം കാറ്റില്‍ വന്നെന്നെ
പൊതിയുന്ന സുഗന്ധമേ

എരിയും പ്രാണനില്‍ പ്രേമം
പകരുന്ന പ്രകാശമേ
നിറകണ്ണുകളില്‍ നന്മ-
ക്കുളിരാകും അനുതാപമേ

വേലിയേറ്റങ്ങളില്‍ പെട്ടു
നഷ്ടപ്പെട്ട പ്രിയങ്ങളേ
ശുഭനാളുകള്‍ നേരുന്ന
സൌഹാര്‍ദ്ദ ശലഭങ്ങളേ

ഈറന്‍ മാറ്റിയുടുത്തെന്നെ
മോഹിപ്പിക്കുന്ന പാടമേ
നീലച്ച സാരി ചുറ്റുന്ന
വിശാലാകാശസീമയേ

കാത്തു കണ്ണു കഴച്ചെന്നെ
ശകാരിക്കും മരങ്ങളേ
പുലരിപ്പൊന്‍വെയില്‍ വാര്‍ന്നു
വീഴും തട്ടിന്‍പുറങ്ങളേ

കഴിഞ്ഞ കാലമെന്നുള്ളില്‍
വിടര്‍ത്തിയ സുമങ്ങളേ
സൌമ്യസംഗീതമായെന്നില്‍
പാടും ഏകാന്ത നാദമേ

ഏറെയില്ലിനി നേരം എന്‍
ജീവനില്‍ നിഴല്‍ വീഴുവാന്‍ 
നേരമായീ പിരിഞ്ഞീടാന്‍
വിട നല്‍കുക പോട്ടെ ഞാന്‍

കൈവന്ന സ്നേഹമെല്ലമേ
കൈയൊഴിഞ്ഞവനാണ്‌ ഞാന്‍
നൂറായിരം മഹാശാപ-
ശരശയ്യ രചിപ്പു ഞാന്‍

ഓര്‍ത്തു വെച്ച നിധിക്കായി
ഓടും അരണ പോലവേ
ഓടിക്കിതച്ചിടുന്നല്ലാ-
തൊന്നും നേടുന്നതില്ല ഞാന്‍

കടം വീട്ടാന്‍ കഴിഞ്ഞീടാ-
തധോമുഖവുമായി ഞാന്‍
തിരിച്ചു പോട്ടെ എങ്ങോട്ടെ-
ന്നറിയാപ്പാതകള്‍ വഴി

നെഞ്ചിലെ കവിതക്കിന്നും
കുറവില്ല, കിനാവുകള്‍
കണ്ണിമാങ്ങ കണക്കെന്റെ
ചിന്തയില്‍ തൂങ്ങി നില്‍പ്പു ഹാ

കണ്ണില്‍ കാമനകള്‍ ഇന്നും
പൂത്തു നില്‍ക്കുന്നു എങ്കിലും
മണ്ണിലെ കളി നിര്‍ത്തീടാന്‍
അമ്മയോതുന്നു പോട്ടെ ഞാന്‍!!

No comments:

Post a Comment