Monday, March 26, 2012

താജ് - ഒരു പ്രണയ കവിത.

മരണം മണക്കുന്ന താഴ്വാരത്തിലാണ്
ഞാന്‍ നിനക്ക് താജ് പണിയുന്നത്....

ചുവപ്പും, നീലയും ചാലിച്ച
വര്‍ണ്ണങ്ങള്‍ കൊണ്ട്
എന്റെ രക്തക്കുഴലുകള്‍
ആ താഴ്വരയിലെ പൂക്കള്‍ക്കെല്ലാം
നിറമേകും......

വസന്തത്തില്‍ പൂക്കളും,
മഞ്ഞു കാലത്ത് ഇലകളു,
നമ്മുടെ കല്ലറകളില്‍ വീഴാന്‍
മുകളില്‍ അങ്ങിങ്ങായി
ദ്വാരങ്ങള്‍ കാണും....

രത്നങ്ങള്‍ പതിച്ച
ചുവരുകളില്‍
കൈവിരലുകള്‍
കൊണ്ട് അന്ന്
നീ ശ്രുതി മീട്ടും...
ആ ശ്രുതിയില്‍ ഞാന്‍
മിര്‍സാ ഗാലിബിന്റെ
ഒരു കവിത
ഈണത്തില്‍ ചൊല്ലും...

അസ്തമയസൂര്യന്‍
സദാ മങ്ങിയെരിയുന്ന
ആ താഴ്വാരത്തില്‍,
അന്നാദ്യമായി
ചിത്രശലഭങ്ങള്‍ വരും,
പൂര്‍വികരുടെ
അനുഗ്രഹങ്ങളും കൊണ്ട്....

അപ്പോള്‍,
ഞാന്‍ നിനക്കായി പണി കഴിപ്പിച്ച
താജിന്
എന്റെ ചിതയുടെ ആകൃതി ആയിരിക്കും ..... 

No comments:

Post a Comment