Wednesday, March 21, 2012

ഗുരുചക്രം....

ഗുരു ഉണരുമ്പോള്‍,
വെയില്‍ നാളമാവുക...
ആ മുഖത്തില്‍ തഴുകി
നീ ധര്‍മ്മത്തിന്റെ ആദ്യ പാഠം കേട്ട് പഠിക്കുക...
"പാദസ്പര്‍ശം ക്ഷമസ്വ"

ഗുരു കുളിക്കുമ്പോള്‍
നീ ഒരു വൃക്ഷമാവുക,
സൂര്യന് തര്‍പിച്ച
വെള്ളം വലിച്ചെടുക്കുവാന്‍
കഴിയുന്നത്ര ആഴങ്ങളിലേക്ക്
നിന്റെ വേരുകള്‍ ആഴ്ത്തുക,
ആ ജലത്തിന്റെ കുളിരില്‍ നീ
ഗായത്രീലഹരിയാവുക

ഗുരു ഉപദേശിക്കുമ്പോള്‍
നീ ചോദ്യം വിഴുങ്ങാത്ത
ഉത്തരങ്ങള്‍ ആവുക,
കണ്ണ് കെട്ടാത്ത
വിശ്വാസമാവുക,
മണ്ണടിഞ്ഞ പൂര്‍വസൂരികള്‍ക്ക്
മനസാ പ്രണാമമര്‍പ്പിക്കുക....

ശാസിക്കുമ്പോള്‍
ജാഡ്യം ഉരിഞ്ഞു കളഞ്ഞു
കാര്‍ക്കശ്യത്തിന്റെ
കവചങ്ങള്‍
എടുത്തണിയുക,
കാരുണ്യത്തിന്റെ
കടലുകള്‍
നെഞ്ചില്‍ നിറക്കുക,
പീഡകള്‍ കൊണ്ട്
പരിശുദ്ധനാവുക.

ഗുരുവിന്റെ സമാധിയില്‍,
ധര്‍മ്മത്തിന്റെ
ആ യോഗദണ്ടും കമണ്ടലുവും
നീ  കൈയിലേന്തുക,
സഹോദരന്മാര്‍ക്കിടയില്‍
സ്പര്‍ദ്ധ വളര്‍ത്താതിരിക്കുക,
രാവുകളില്‍ സൂര്യോദയവും
പകലുകളില്‍ ഇരുട്ടും നീ കാണുക*,
ധര്‍മത്തിന്റെ വൈജയന്തി
നിന്റെ പര്‍ണ്ണശാലയില്‍
ഉയര്‍ന്നു പാറട്ടെ....

പുതിയ വെയില്‍ നാളങ്ങള്‍ക്ക്
ധര്‍മ്മത്തിന്റെ ആദ്യപാഠങ്ങള്‍
പഠിക്കാന്‍
നീ ഉണരുക.....  

*യാ നിശാ സര്‍വ ഭൂതാനാം തസ്യം ജാഗര്‍ത്തി സംയമീ/
യസ്യാം ജാഗ്രതി ഭൂതാനി സാ നിശാ പശ്യതോ മുനേ//
-എല്ലാ ജീവജാലങ്ങളുടെയും രാത്രിയില്‍ സംയമിയായവന്‍ ഉണര്‍ന്നിരിക്കുന്നു,
ജീവികള്‍ ഉണര്‍ന്നവയെ അവന്‍ രാത്രി ആയി കാണുന്നു  (ഭഗവദ്ഗീത)

No comments:

Post a Comment