Thursday, March 8, 2012

ഞാന്‍ കാണുന്ന ലോകം.....

മേഘങ്ങള്‍ മേഞ്ഞു ദാഹിച്ചു
വെള്ളം മോന്താന്‍ വരുന്നൊരാ
കടലിന്‍ കരയില്‍ നിന്റെ
കാല്‍പ്പാടുകള്‍ കണ്ടു ഞാന്‍

കണ്ണിറുക്കിച്ചിരിക്കുന്ന
കണ്ണാന്തളികള്‍ക്കിടെ
കാത്തിരിപ്പിന്റെ സാഫല്യം
പേറും പ്രാര്‍ത്ഥന കണ്ടു ഞാന്‍

നാവിന്മേല്‍ വെള്ളമൂറുന്ന
മധുരപ്പുളി തന്നില്‍ നിന്‍
ബാല്യത്തിന്‍ കൌതുകം മിന്നും
കണ്ണിന്‍ കാന്തികള്‍ കണ്ടു ഞാന്‍

 ഇടുങ്ങിയ കറുപ്പാര്‍ന്ന
ചുമരില്‍ ചാരി നില്‍ക്കവേ
എള്ളെണ്ണ മണമോലുന്ന
നിന്‍ കൂന്തല്‍ തഴുകുന്നുവോ

പൂത്തു നില്‍ക്കുന്ന മാങ്കൊമ്പില്‍
ഊഞ്ഞാലാടിയിരിക്കവേ 
ആതിരക്കുളിരോലുന്ന
നിന്നീറന്‍ മുടിയോര്‍ത്തു ഞാന്‍

കുംഭമാസം വിളമ്പുന്ന
നിലാപ്പൈമ്പാല്‍ കുടിക്കവേ
നീയെന്തും പുഞ്ചിരിപ്പാലിന്‍
മാധുര്യം നുണയുന്നു ഞാന്‍

സൂര്യ താപത്തില്‍ വാടുന്ന
താളിന്‍ തണ്ടുകള്‍ കാണവേ
നാണത്തില്‍ തരളം വാടും
നിന്നുടല്‍ ഓര്‍മ്മ വന്നിടും

കൊന്നപ്പൂക്കള്‍ കിലുങ്ങുന്ന
മേടമാസപ്പുലരിയില്‍
നിന്റെ പാദസ്വരത്തിന്റെ
കൊഞ്ചല്‍ കാതോര്‍ത്തിരിപ്പു ഞാന്‍

ഘടികാര മിടിപ്പില്‍ നിന്‍
ഹൃത്താളം കേട്ടിടുന്നു ഞാന്‍
രാത്രി മുല്ല വിടര്‍ന്നെങ്ങും
നിന്‍ ഗന്ധം വിതറുന്നുവോ

കാട്ടിലും, മേട്ടിലും, ചുറ്റും
കാണുന്നതിലൊക്കെയും
നിന്റെ സാന്നിധ്യമാണെന്നും
തിരയുന്നതു മാനസം

പറയൂ ഈ പ്രപഞ്ചത്താല്‍
എന്നില്‍ നീ നിറയുന്നുവോ
എന്നിലൂടെ പ്രപഞ്ചത്തിന്‍
ഉള്ളില്‍ നീ കിനിയുന്നുവോ??

No comments:

Post a Comment