Wednesday, March 7, 2012

താനേ തെളിയുന്ന വിളക്കുകള്‍.......

 പണ്ടെഴുതിയ ഒരു കഥ...........

താനേ തെളിയുന്ന വിളക്കുകള്‍

"വയ്യ രമേശാ....ഞാന്‍ ഒന്നിരിക്കട്ടെ.."
"ആയ്ക്കോട്ടെ രാമേട്ടാ....ഞാന്‍ ദാ ആ മുറുക്കാന്‍ കടേലുണ്ടാവും..."
"ആ ന്നാ നിക്കൊരു ഉപ്പു സോഡ പറഞ്ഞോളൂ...."
വീണ്ടും നടത്തം തുടരുന്നതിനിടയില്‍ രമേശന്‍ ചോദിച്ചു "അല്ല, ദിപ്പോ അവ്ടെ ണ്ടായിക്കോളണം ന്നില്ല്യല്ലോ."
"ഇല്ല്യ..അപ്പൊ അവട്‌ന്ന്‍ എന്തെങ്കിലും തുമ്പ് കിട്ട്വോ ന്നു നോക്കണം. കിട്ടും ച്ചാല്‍ അതിന്റെ അറ്റം വരെ പോണ്ട്യേരും. ഇല്ല്യച്ചാല്‍ വേറെന്തെങ്കിലും വീണു കിട്ടണ വരെ കാത്തിരിക്കണ്ട്യേരും......തിരുമേനിക്ക് പെഴക്കില്ല്യ...."
"ഉം...ദിപ്പോ കാലം കൊറ്യായ്ക്കണ്ണു......" അയാള്‍ ഒന്ന് നിശ്വസിച്ചു.....

-------------------------

"രാമന്‍ ഇങ്ങട് വരൂ....." രാമന്‍ തിരുമേനിയുടെ അടുത്തു ചെന്നു. "കഴിഞ്ഞ കൊല്ലം പഠിപ്പിച്ച ആ അദ്ധ്യായം ഒന്നിവര്‍ക്ക് ചൊല്ലിക്കൊടുക്കൂ...." വാത്സല്യത്തോടെ അദ്ദേഹം പറഞ്ഞു.
 എന്നിട്ട് ചാരുകസേരയില്‍ ചാഞ്ഞിരുന്ന് അദ്ദേഹം ഒരു വെറ്റില കൈയിലെടുത്തു. രാമന്‍ നിന്ന് വിയര്‍ത്തു. മുതിര്‍ന്ന പല വിദ്യാര്‍ഥികളും ഇരിക്കുന്നുണ്ട്.  എല്ലാവരുടെയും നോട്ടം തന്നില്‍ തന്നെ. കണ്ണടച്ച്, തിരുമേനിയുടെ രൂപം മനസ്സില്‍ ധ്യാനിച്ച്, രാമന്‍ മാതംഗലീലയിലെ ഒരു അദ്ധ്യായം ചൊല്ലി തീര്‍ത്തു. കണ്‍ തുറന്നു നോക്കിയപ്പോള്‍, മുന്‍പില്‍ ഇരുന്നവരുടെ എല്ലാം കണ്ണില്‍ അത്ഭുതത്തിന്റെയും  ആദരവിന്റെയും തിളക്കം.

 തിരുമേനി കണ്ണടച്ചിരിക്കുകയാണ്. പതുക്കെ അദ്ദേഹം കണ്ണ് തുറന്നു. ഒന്ന് കൂടി രാമനെ കടാക്ഷിച്ചു. ചുറ്റും നിന്നവരുടെ മുഖത്ത് നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു:
"കണ്ടില്ല്യേ കൊശവമ്മാരെ. നി ആര്‍ക്കാ ന്താ അറിയണ്ടെച്ചാ ചോയ്ക്കാം. എനിക്കിയാളില്  ഇള്ളത്ര വിശ്വാസം നിങ്ങളാരിലൂല്ല്യ........ഒന്നുങ്കി ബുദ്ധിണ്ടാവണം, ഇല്ല്യാച്ചാ അസൂയ ല്ല്യാണ്ടിരിക്കണം......ഉം... സന്ധ്യാവന്ദനത്തിനു   നേരായി.........അതെങ്കിലും വൃത്ത്യായിട്ടു ചെയ്യാ....എന്നെങ്കിലും നേര്യാവും.....പൂവാം...."

ആള്‍ക്കാര്‍ നിശ്ശബ്ദമായി പിരിഞ്ഞു പോയി. ആയര്‍ക്കുന്നം മനയുടെ പൂമുഖത്ത് രാമനും തിരുമേനിയും മാത്രമായി.
"രാമാ...നിയ്യ് ജന്മം കൊണ്ടേ ബ്രാഹ്മണനല്ലാണ്ടുള്ളൂ...  ആന ച്ചാല്‍.... ഒരു വെറും മൃഗായിട്ട് മാത്രം അയിനെ കാണരുത്. സാക്ഷാല്‍ ഗണപത്യാണ് മുമ്പില് നിക്കണേ ച്ചാല്‍ എന്താദരവ് കൊടുക്ക്വോ  അത് കൊടുക്കണം.....നന്നായി വരും..."

----------------------------

രാത്രി ഊണ് കഴിഞ്ഞു കിടക്കുന്നതിനിടയില്‍ രമേശന്‍ ചോദിച്ചു. "ഈ പറയണത് ആരെങ്കിലും കണ്ടണ്ടോ...അല്ല തിരുമേന്യെങ്കിലും..."
"ഇല്ല്യ. തിരുമേനി കണ്ടട്ടില്ല്യ. പക്ഷെ കേട്ടണ്ട്. അപ്പൊ ആരെങ്കിലും കണ്ടോരിണ്ടാവണം ല്ലോ. അത് നമ്മള് കണ്ടു പിടിച്ചാലേ രമേശന്റെ ചോദ്യത്തിന് മുഴോന്‍ സമാധാനാവുള്ളൂ."

അയാള്‍ പതുക്കെ കണ്ണടച്ചു. വീണ്ടും ആ വൈകുന്നേരം അയാളുടെ മുന്‍പില്‍ തെളിഞ്ഞു. ആയര്‍ക്കുന്നം നീലകണ്ഠന്‍ നമ്പൂതിരിപ്പാട്‌ എന്ന തന്റെ ഗുരുനാഥന്റെ ഒപ്പം നടക്കാന്‍ ഇറങ്ങിയ ആ സായന്തനം. തെളിഞ്ഞ ഭസ്മക്കുറിയും, രുദ്രാക്ഷ മാലയുമായി  ആ പ്രശാന്ത രൂപം മുന്നില്‍ വന്നു.
"രാമാ...കൊറച്ചൂരം  നടന്നു വരാം...." അത്രെയേ ഇറങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നുള്ളു. നെല്ലിപ്പടിക്കള്‍ എത്തിയപ്പോള്‍ തിരിഞ്ഞൊന്നു നോക്കി. അമ്പലത്തിന്റെ മുന്‍പില്‍ എത്തിയപ്പോള്‍ ഒന്ന് നിന്നു കണ്ണടച്ചു. പിന്നെയും നടക്കുന്നതിനിടയില്‍ അദ്ദേഹം ചോദിച്ചു.

"നിയ്യ് "മാതംഗാനന മധ്യഗാ" എന്നതില് ഒരു സംശയം ചോയ്ച്ചേര്‍ന്നു. ഓര്‍ക്കണില്ല്യെ? നാലഞ്ചു കൊല്ലായ്ക്കണ്ണു. മാതംഗ ലീലയിലെ പന്ത്രണ്ടാം അദ്ധ്യായം പഠിക്കണേന്റെ എടേല്. അന്നത് പിന്നെ പറഞ്ഞു തരാം ന്നു ഞാന്‍ പറഞ്ഞു. ഓര്‍ക്കണില്ല്യെ ആ ഒരു ശ്ലോകഭാഗം മാത്രം ഇബടത്തെ ഗ്രന്ഥത്തിലെ ള്ളൂ. ബാക്കീള്ള പാഠഭേദങ്ങളിലൊന്നും ഇല്ല്യ.  അതന്നു ഞാന്‍ പറയേം ചെയ്തേര്‍ന്നു.?"

"ഉവ്വ്..." രാമന്‍ പറഞ്ഞു.

"ആ.. ഇതേ ചോദ്യം ഞാന്‍ എന്റെ ഗുരുനാഥനോട്, അതായത് അച്ഛനോടെന്നെ, ചോയ്ച്ചട്ട്ണ്ട്. മരിക്കണേന്റെ രണ്ടീസം മുന്‍പാണ് അദ്ദേഹം നിക്കത് പറഞ്ഞു തന്നത്. നിപ്പോ നിനക്കതു പറഞ്ഞു തരാം ന്ന് തോന്നണു."

"തിരുമേനീ...." രാമന്‍ കണ്ണുനീരോടെ വിളിച്ചു.

"ഉം. അതെ. ഇതെന്റെ അവസാനത്തെ ഉപദേശമാണ്. വിഷമിക്കരുത്. എന്റെ അനുഗ്രഹങ്ങള്‍ ഇപ്പോഴും നിന്റെ കൂടെ ഇണ്ട്. മാതംഗം എന്ന് വെച്ചാല്‍ ആന. ആനനം ച്ചാല്‍ മുഖം.മധ്യഗാ എന്ന് വെച്ചാല്‍ നടുക്കിരിക്കണത് . ന്ന്വച്ചാ ആനേടെ മുഖത്തിന്റെ നടുക്കിരിക്കണത് ന്നര്‍ത്ഥം. സാധാരണ ഇതിന് ആനേടെ ശിരോ ഭാഗത്തുള്ള ഒരു ഗ്രന്ഥി എന്നാണു ഭാഷ്യം കൊടുക്കാറ്. അതൊട്ട്‌ തെറ്റല്ലാനും. പക്ഷെ അത് മാത്രല്ല  അയിലെ കാര്യം."

രാമന്റെ മുഖം അത്ഭുതം കൊണ്ട് വിടര്‍ന്നു.

"ചില ആനോള്ടെ ശിരസ്സിന്റെ മധ്യഭാഗത്തായിട്ട്  മാണിക്യം ഉണ്ടാവാറ്ണ്ട് ത്രെ. അതിനെ ആവാം ഈ വരി സൂചിപ്പിക്കണേ ന്നാണ് അച്ഛന്‍ പറഞ്ഞു തന്നട്ട്ള്ളത്. ഞാനും ഇങ്ങനൊന്ന് എന്റെ ജീവിതകാലത്ത് കണ്ടട്ടില്ല്യ. നെനക്കറിയാലോ, ഇല്ലത്തെ സ്ഥിതി വെച്ച് നിക്കിതിനൊന്നും നേരണ്ടായിട്ടില്ല്യ." തിരുമേനിയുടെ തൊണ്ട ഇടറി. രാമന് പുറം തിരിഞ്ഞു നിന്നു കൊണ്ട് അദ്ദേഹം തുടര്‍ന്നു.
 "പക്ഷെ ഞാന്‍ ഇദിന്റെ അര്‍ഥം എപ്പളും തേടീങ്കൊണ്ടിരുന്നു. ഗ്രന്ഥങ്ങളിലും, കാണണ ആനോളിലും ഒക്കെ.  ഒരു കണക്കിന് ന്റെ ജീവിതം തന്നെ അയിന്റെ അര്‍ത്ഥാന്വേഷണാണ് ന്ന് പറയാം. ഇത് നിന്നോട് മാത്രേ പറയണം ന്ന് തോന്നീള്ളു. ശെര്യാണോ, അന്ധവിശ്വാസാണോ, അതോ വേറെന്തെങ്കില്വാണോ  ന്നൊക്കെ നെനക്ക് തീരുമാനിക്കാം. ഇദിന്റെ സത്യാവസ്ഥ മനസ്സിലാക്കാന്ള്ള വിവേകോം ബുദ്ധീം, അദറിഞ്ഞാല്‍  തന്നെ പ്രയോജനോം നെനക്കെ ള്ളൂ.....  അച്ഛന്റെന്ന് കിട്ടിയ ഈ ഉപദേശോം, ഈ ഗ്രന്ഥോം മാത്രേ നെനക്ക് തരാനായിട്ട്ള്ളൂ. "

രാമന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. രാമന്‍ തിരുമേനിയുടെ കാലില്‍ സാഷ്ടാംഗം നമസ്കരിച്ചു. തിരുമേനി രാമനെ എഴുന്നേല്‍പ്പിച്ചു പുണര്‍ന്നു. ആ ഗ്രന്ഥക്കെട്ട് രാമന്റെ കൈയില്‍ ഏല്‍പ്പിച്ചു കണ്ണ് തുടച്ചു ഇരുള്‍ വീണ വഴിയിലേക്ക് അദ്ദേഹം ഇറങ്ങി തിരഞ്ഞു നടന്നു. എന്തെന്നറിയാത്ത വികാരവുമായി രാമന്‍ അവിടെ ആ ഗ്രന്ഥക്കെട്ടുമായി നിന്നു.

-----------------------------------------

രാത്രിയുടെ അന്ത്യയാമത്തിലെപ്പോഴോ രാമന്‍ ഞെട്ടി ഉണര്‍ന്നു. പായ ചുരുട്ടി വെച്ച്, അയാള്‍ തന്റെ ബാഗ്‌ പരതി. അതില്‍ മരത്തില്‍ തീര്‍ത്ത ആ പെട്ടി അയാള്‍ തേടി എടുത്തു. ബള്‍ബ്‌ ഓണ്‍ ചെയ്ത് അയാള്‍ ശ്രദ്ധാപൂര്‍വ്വം അതിനു ചുവട്ടില്‍ ചമ്രം പടിഞ്ഞിരുന്നു. നടക്കുന്നതെന്തെന്നറിയാന്‍ കാറ്റ് ആ പരിസരത്തില്‍ ചുറ്റിപ്പറ്റി നിന്നു. രാമന്റെ മനസ്സില്‍ ഒരു കടല്‍ അലയടിക്കുന്നുണ്ടായിരുന്നു......

മരത്തില്‍ തീര്‍ത്ത ആ പെട്ടിക്കുള്ളില്‍ നിന്നും പൊതിഞ്ഞു വെച്ച ഒരു ഗ്രന്ഥക്കെട്ട് അയാള്‍ ശ്രദ്ധാപൂര്‍വ്വം പുറത്തേക്കെടുത്തു.  പതുക്കെ കെട്ടഴിക്കുമ്പോള്‍ അയാളുടെ മനസ്സ് തുടിച്ചു കൊണ്ടിരുന്നു. "ഈശ്വരാ.." അയാള്‍ ഉള്ളു കൊണ്ടു വിളിച്ചു.

"അതെ...........ഇതു തന്നെ ആണത്......"അയാള്‍ക്ക്‌ ആഹ്ലാദം കൊണ്ടു തുള്ളിച്ചാടണമെന്നു തോന്നി. "ഒടുവില്‍ താന്‍ കണ്ടെത്തിയിരിക്കുന്നു. തിരുമേനി തീര്‍ച്ചയായും ഇത് കണ്ടറിഞ്ഞിരുന്നിരിക്കണം....

അതെ......ഈ ഗ്രന്ഥത്തില്‍ മാത്രം ഒരു ശ്ലോകം കൂടുതല്‍ വരുവാന്‍ കാരണം അതു തന്നെ............" അയാള്‍   ഗ്രന്ഥത്തിലേക്കു വീണ്ടും നോക്കി. എന്നിട്ടതിലെ ഏടുകള്‍ മറിച്ചു. പനയോലകളില്‍  നാരായം വരഞ്ഞിട്ട അറിവിന്റെ കുനിപ്പുകള്‍ അയാളെ നോക്കി പുഞ്ചിരിച്ചു. പന്ത്രണ്ടാം അധ്യായത്തിലെതിയപ്പോള്‍ അയാള്‍ പതുക്കെ മറിക്കാന്‍ തുടങ്ങി. അതിലെ ഇരുപത്തിരണ്ടാം ശ്ലോകത്തില്‍ അയാളുടെ കണ്ണുകള്‍ ഉടക്കി.

"മാതംഗാനന മധ്യഗാ പരമിതി
ജ്ഞേയം സദാ ഭൈഷജൈഃ"


അയാള്‍ ആ വരി വീണ്ടും വായിച്ചു.... അതെ....അര്‍ഥം കൊണ്ടും ഇത് തന്നെ ആയിരിക്കണം അതു.................
"ആനയുടെ തലയുടെ നടുക്കിരിക്കുന്നത് ഏറ്റവും പ്രാധാന്യമേറിയതാണെന്നു ചികിത്സകന്‍ മനസ്സിലാക്കണം" - എത്ര ലളിതമായ വരികള്‍..........ആരും ഇതില്‍ ഇത്ര നിഗൂഢമായ ഒരു അര്‍ഥം, ഇത്ര നിര്‍വൃതിയേകുന്ന ഒരു വരി ദര്‍ശിച്ചു കാണില്ല............

രാമന്‍ രോമാഞ്ചമണിഞ്ഞു.  അയാള്‍ വീണ്ടും ഗ്രന്ഥം മടക്കി...അതിന്റെ പുറത്തെ മരം കൊണ്ടുണ്ടാക്കിയ ചട്ടയിലേക്ക് നോക്കി. അതിനു മുകളില്‍ "മാതംഗലീല" എന്ന് സംസ്കൃതത്തില്‍ എഴുതിയിരിക്കുന്നു. അതിന്റെ ഒത്ത നടുക്കായി ഒരു ചെറിയ കഷണം കണ്ണാടി. അതില്‍ രാമന്‍ തന്റെ കണ്ണുകള്‍ കണ്ടു.

"മാണിക്യം...............അതെ.....................ഇത് മനസ്സിലാക്കിയ നിമിഷം നാം അതായി മാറുന്നു. അത് മനസ്സിലാക്കാനുള്ള ശ്രമം............അതു നമ്മെ ആ നിലയിലേക്ക് കൊണ്ടെത്തിക്കുന്നു.

"മാതംഗാനന മധ്യഗാ" - മാതംഗ ലീല പുസ്തകത്തിന്റെ മുഖം - പുറം ചട്ട - അതിന്റെ മധ്യത്തില്‍ കാണുന്നത്.....അതായത് നോക്കുന്നവന്‍......അവനാണ് മാണിക്യം....അവന്‍ ഏറ്റവും പ്രാധാന്യമേറിയതാണെന്നു അവന്‍ മനസ്സിലാക്കണം.....അവന്റെ കൈകളില്‍ ആണു ഒരു സാധു മൃഗത്തിന്റെ ജീവന്‍ എന്നവന്‍ അറിയണം.... അവനവനെ അറിയലാണ് ലോകത്തിനെ അറിയാനുള്ള മാര്‍ഗം എന്നവന്‍ മനസ്സിലാക്കണം.........."

രാമന്‍ പുറത്തേക്കു നോക്കി. ബ്രാഹ്മ മുഹൂര്‍ത്തമായിരിക്കുന്നു. അതെ  ജ്ഞാനോദയത്തിന്റെ സമയം.....അയാള്‍ ചിരിക്കുന്ന നക്ഷത്രങ്ങളില്‍ ഗുരുനാഥന്റെ പുഞ്ചിരി കണ്ടു. അയാള്‍ ആ നിലത്തു സാഷ്ടാംഗം നമസ്കരിച്ചു. മനസ്സില്‍ ആയര്‍ക്കുന്നം നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ സ്വരം മുഴങ്ങി.

"രാമാ...ഈ രഹസ്യം അറിയാനുള്ള നിന്റെ ശ്രമങ്ങളാണ് നിന്നെ ഇന്നുള്ള ഈ നിലയില്‍ എത്തിച്ചത്. അതിനു വേണ്ടിയാണ് ഇത് ഞാന്‍ നിനക്കൊരു രഹസ്യമായി തന്നെ  ഉപദേശിച്ചത്.   നീ ആണു ലോകത്തില്‍ ഏറ്റവും വിശിഷ്ടമേറിയ മാണിക്യം. അതറിയിക്കാന്‍ ആണ് പൂര്‍വസൂരികള്‍ ഈ ഗ്രന്ഥത്തില്‍ ഇങ്ങിനെ ഒന്നെഴുതി ചേര്‍ത്തതും... നന്നായി വരും......."

രമേശന്‍ വീണ്ടും ഒന്നു തിരിഞ്ഞു കിടന്നു. രാത്രി പുലരിക്കു വഴിമാരുവാനായി തന്റെ വിരിപ്പ് മടക്കി തുടങ്ങി. പുറത്തേതോ പക്ഷികള്‍ കലപില കൂട്ടി. യാത്രകളുടെ പരിസമാപ്തി കുറിച്ച് കൊണ്ട് രാമന്‍ തന്റെ മാനസസരസ്സില്‍ തീര്‍ത്ഥസ്നാനത്തിനിറങ്ങി.....................
--------------------------

No comments:

Post a Comment