ഹൃദയമെത്ര കരഞ്ഞോട്ടെ! എങ്കിലും,
വിധി അതൊന്നിനെ മാറ്റുവാനാകുമോ
മൃതി വരും വരെ പേറണം, ജീവിതം
ചുടല കാണാതൊടുങ്ങുവാനൊക്കുമോ?
വലിയ ഭൂകമ്പമെല്ലാം കഴിഞ്ഞു ഞാന്‍
ഇവിടെ ഈ ഇടിയൊച്ചയില്‍ ഞെട്ടവേ
നിബിഡമാമന്ധകാരം കടന്ന ഞാന്‍
ഇടവഴിയില്‍ പകച്ചു നിന്നീടവേ
പരിഹസിച്ചോളു എങ്കിലും ഞാനെന്നും
പറയു ഞാനല്ലാതാകുവാനൊക്കുമോ
കപടമാല്ലാത്ത ജീവിതമെപ്പോഴും
ഭുവിയില്‍ ഭാരമായ്ത്തീര്‍ന്നിടാമെങ്കിലും
നുകമെറിഞ്ഞോടി രക്ഷപ്പെടാന്‍ കാള-
ക്കകമേ ആഗ്രഹം തോന്നിടാമെങ്കിലും
പിറകില്‍ വീഴുന്ന ചാട്ട തന്‍ ശക്തിയാല്‍
ഉഴുക തന്നെയീ ജീവിതം പിന്നെയും
കളിയരങ്ങില്‍ വിളക്കണയും വരെ
ഉലകില്‍ ആട്ടം നിറുത്തുവാനാകുമോ
ചിറകരിഞ്ഞൊരു പക്ഷിക്കു തീയിലും
കരകയല്ലാതെ പാറുവാനൊക്കുമോ
ശ്രുതി പിഴക്കിലും പാടുവാനല്ലാതെ
പകുതിയില്‍ നിറുത്തീടുവാനൊക്കുമോ
കരുണ തന്‍ കടല്‍ വറ്റിയാല്‍ നോവിന്റെ
പരലുകള്‍ മാത്രമല്ലയോ ബാക്കിയായ്
നിരതിശായിയാം സ്നേഹമൊടുങ്ങിയാല്‍
നിറയും സ്വാര്‍ഥതയല്ലയോ ശാശ്വതം
കനവിന്‍ സ്വര്‍ണ്ണവസന്തങ്ങള്‍ മായുമ്പോള്‍
കിനിയും കണ്ണീര്‍ തുടക്കുവാനൊക്കുമോ
മുറിവുകള്‍ക്കാഴമേറിയാലും നൃത്ത-
മൊരു ചുവടു പിഴക്കുവാന്‍ പാടുമോ
കറ പുരണ്ടാലും ഉള്ളുരുകീടിലും
ചിരി പൊഴിക്കാതിരിക്കുവാനാകുമോ
ഇവിടെ നാടകശ്ശാലയില്‍ പൊയ്യിന്റെ
മുഖപടങ്ങള്‍ അണിയാതെ പറ്റുമോ
മൃദുചപലമാം മാനസാശ്വത്തെ ഞാന്‍
തനിയെ മേയുവാന്‍ വിട്ടാല്‍ പൊറുക്കുമോ
അകിടു മുട്ടുവാന്‍ കന്നില്ലയെങ്കിലും
കവിതപ്പയ്യു ച്ചുരത്താതിരിക്കുമോ
ഇനിയും കാണേണ്ടതൊക്കെയും കാണാതെ
ഇനിയിക്കണ്ണടച്ചീടുവാനാകുമോ
മതിലുകള്‍ മാത്രം ചുറ്റിലും മറ്റൊരു
മനമതില്‍ കൂടി കാണുവാനൊക്കുമോ
ഹൃദയം പിന്നിപ്പറിഞ്ഞോട്ടെ, എങ്കിലും
വിധി!, അതൊന്നു ഹാ!! മാറ്റുവാനൊക്കുമോ??
No comments:
Post a Comment