Wednesday, February 1, 2012

തെളിഞ്ഞ ജീവിതം..........

ചിരിയോടെ മരണം കറുപ്പുടുപ്പിട്ടെന്റെ
അരികത്തു വന്നു ചിരിച്ചുമ്മ തന്നതും,
പിരിയുന്ന വേളയില്‍ നിന്‍ ശോകസാഗരം
തിരതല്ലും കണ്ണില്‍ തുളുമ്പും തളര്‍ച്ചയും

ഹൃദയം നിറക്കുവാന്‍ ശൂന്യകാവ്യങ്ങള്‍ തന്‍
കനല്‍ വീണൊരക്ഷരം നെഞ്ചില്‍ പകുത്തതും
വിധുര മോഹങ്ങള്‍ തന്‍ ശവസാധനക്കായി
ഇടനെഞ്ചില്‍ ഘോരശ്മശാനം ചമച്ചതും

മിന്നിടും താരകപ്പൊന്നൊളി കണ്ടു ഞാന്‍
വഴി വിളക്കെല്ലാം അണച്ചു കളഞ്ഞതും
വാതില്‍ തുറക്കാ മനസ്സുകള്‍ മുന്നില്‍ ഞാന്‍
കാലങ്ങളോളം ഹാ കാത്തു കിടന്നതും

നിലയറ്റ കാണാക്കയങ്ങളില്‍ ചാടി ഞാന്‍
നിലവിളിക്കുന്നതും, സ്വയം അടരുന്നതും
നരകപ്പടിവാതില്‍ കണ്ടു ഭയന്നെന്റെ
വിറപൂണ്ട കൈകളില്‍ നിന്‍ സ്പര്‍ശമേറ്റതും

നിലവൂര്‍ന്നൊരാ വഴിത്താരകള്‍ താണ്ടി ഞാന്‍
അവിടെ അന്നാദ്യം പ്രണയം തിരഞ്ഞതും
വെറുതെ എന്നേകാന്ത നിമിഷങ്ങള്‍ നിന്നുടെ
സ്മരണകള്‍ കൊണ്ടു നിറച്ചു ഞാന്‍ നിന്നതും

വിരഹഗാനങ്ങള്‍ തന്‍ പ്രഥമാക്ഷരങ്ങളാല്‍
ഇവിടെയെന്‍ ജീവിതം മുദ്രണം ചെയ്തതും
മധുര സാരംഗിയില്‍ പൊഴിയുന്ന രാഗത്തില്‍
ഒഴുകി ഞാന്‍ സാഗരഗീതമായ് തീര്‍ന്നതും
വിരലുകള്‍ക്കിടയിലൂടെന്‍ ജീവിതം മെല്ലെ
ഉതിരുന്നതൊക്കെയും കണ്ടു ഞാന്‍ നിന്നതും

ഘടികാര സൂചികള്‍ പടവെട്ടിയെന്നുടെ
സമയത്തിനോഹരി വാങ്ങി പാഞ്ഞീടവേ
വരുമെന്ന് ചൊല്ലിയോര്‍ വരുവതും കാത്തെന്റെ
മുറിയുടെ വാതില്‍ ഞാന്‍ ചാരാതെ വെച്ചതും

കറവീണ പല്ലു പുറത്തു കാട്ടീടാതെ
പ്രിയരവരെന്നെ പുണര്‍ന്നു ചിരിക്കവേ
ഇടനെഞ്ചിലൂറിയ കവിതയായ് കണ്ണീരു
ഇടതടവില്ലാതൊഴുക്കി കളഞ്ഞതും

പൊഴിയാത്ത വര്‍ഷത്തില്‍, നനയാത്ത ഭൂമിയില്‍,
വളരാത്ത കൊന്നമരക്കൊമ്പില്‍ ഇന്നിയും,
വിരിയാത്ത പൊന്‍വസന്തങ്ങള്‍ക്കു വേണ്ടി ഞാന്‍
ഹൃദയത്തില്‍ സ്നേഹക്കണിയൊന്നു വെച്ചതും

ഉദയങ്ങള്‍ തോറും തൂമഞ്ഞായി മാഞ്ഞതും,
ഇരവിന്റെ ആലസ്യമായി അടിഞ്ഞതും,
നിറമടര്‍ന്നോരു വിനഷ്ടസ്വപ്നങ്ങളില്‍
ഒരു തരി കണ്ണീര്‍നനവായ് പടര്‍ന്നതും 

ഇനിയുമെന്തൊക്കെയോ പറയുവാനായെന്റെ
ഉയിരില്‍ തുടിപ്പുകള്‍ ബാക്കി നീ വെച്ചതും
ചിതറിയ ജീവിതക്കണ്ണാടിയില്‍ ബാക്കി
തെളിയാത്തതായിനി എന്തുണ്ട് ചൊല്ലുക!!!

No comments:

Post a Comment