Tuesday, January 31, 2012

പൂവു തന്നെ നീ....

ഇന്നലത്തെ കൊടുങ്കാറ്റില്‍
ചതഞ്ഞു പോയ ഒരു
പൂമൊട്ട്, ഇന്ന് വിരിഞ്ഞു.....
 പൂവിനു ഇതളുകള്‍ ഉണ്ടായിരുന്നില്ല.
ഉള്ളില്‍ തേനോ കേസരമോ ഉണ്ടായിരുന്നില്ല....

തണ്ടും ഇലയും കൊണ്ട്
തന്റെ മുഖം മറച്ചു പിടിക്കാന്‍
പൂവൊന്നു വെറുതെ ശ്രമിച്ചു നോക്കി....
തേന്‍ തേടി വരുന്ന വണ്ടുകളെ
തെറി പറഞ്ഞു അകറ്റാന്‍ നോക്കി.....

ആരും തിരിച്ചു പോയില്ല...
വണ്ടുകള്‍ തെറി കേള്‍ക്കാത്ത ഭാവത്തില്‍
മൂളിപ്പറന്നു നടന്നു...
"നിങ്ങള്‍ക്ക് തരാന്‍ എന്റെ കൈയില്‍
തേനില്ല" പൂവ് കരഞ്ഞു പറഞ്ഞു.
പക്ഷെ അപ്പോഴും അവ കൂസാതെ
കൂട്ടുകാരെയും കൂട്ടി വന്നു.....

കണ്ടവര്‍ കണ്ടവര്‍ 
മിണ്ടാതെ അതിനെ നോക്കി നിന്നു.
സ്വയം ഇല്ലാതെ ആയെങ്കില്‍ എന്ന് 
പൂവ് മോഹിച്ചു...
തന്റെ വിരൂപത ഓര്‍ത്ത്‌ അത് നാണിച്ചു...
വണ്ടുകളുടെ മൂളലുകളെല്ലാം
പരിഹാസം നിറഞ്ഞ പാട്ടുകളെന്നു
പൂവോര്‍ത്തു

അപ്പോള്‍,
ആരോ പതിയെ വന്നു
നിറഞ്ഞ പൂവിന്റെ കണ്ണില്‍ ഉമ്മ വെച്ചു.
മൃദുവായി അതിന്റെ കാതില്‍ ചൊല്ലി...
"ഇന്നലത്തെ കൊടുങ്കാറ്റു
ബാക്കി വെച്ചു പോയ
ഒരേ ഒരു പൂവാണ് നീ.
ഇനിയും പൂക്കാലം വരും
എന്നതിന്റെ പ്രത്യാശയാണ് നീ...
മറക്കാന്‍ കഴിയാത്ത
നൈര്‍മ്മല്യത്തിന്റെ
പതാകയാണ് നീ....

പൂവേ....
ചതഞ്ഞാലും
ഒടിഞ്ഞാലും
ഇതളെല്ലാം കൊഴിഞ്ഞാലും
വാടിയാലും
പൊടി വന്നു മൂടിയാലും 
തേന്‍ മുഴുവന്‍ വറ്റിയാലും
അപ്പൊഴും നീ
പൂവു തന്നെ
പൂവു തന്നെ നീ...."

No comments:

Post a Comment