Tuesday, January 17, 2012

രാധാമാധവം...........

പനിമതി വാര്‍ന്നൊഴുകുന്ന നദീതട-
മിതിലൊരു രാധിക പോലെ
കുതുകമൊടെന്നുടെ കാല്‍പ്പെരുമാറ്റവും
കൊതിയൊടെ നീ കാതോര്‍ക്കെ
പറയുക ഓമലെ മേനിയിലേതൊരു
പുതുപുതു ലഹരികള്‍ പാഞ്ഞു
പറയുക ഏതു രതീനടനത്തിന്‍
ലാസ്യം ഇതളു വിടര്‍ത്തി

മധുകര മന്ദാനിലകരം നിന്നുടെ
നെറുകയില്‍ വന്നു തലോടെ
കുറുനിരയില്‍ എന്‍ വിരലുകള്‍ വെറുതെ
അറിയാതെ തഴുകീടെ
നിറമൊരു പതിനായിരമായ് നിന്നില്‍
മധുരസ്മൃതി വാര്‍ന്നീടെ
പറയുക ഏതൊരു വനമലരായെന്‍
മാറില്‍ വീണു മയങ്ങി.....

പുഴകളിലൊക്കെയും കാളിന്ദീ നദി
അലകളുയര്‍ത്തുകയാണോ
മുളകളിലൊക്കെയും മുരളീഗാന-
ധ്വനികള്‍ മുഴങ്ങുകയാണോ
ഇതളുകള്‍ വിടരും പൂവുകളൊക്കെയും
വനമാലക്കായാണോ   
പറയുക നിന്നുടെ രാസനിലാവില്‍
നിറവതു എന്‍ കാര്‍നിറമോ

മൊഴികളില്‍ ശൃംഗാരത്തിന്‍ മാധുരി,
മിഴികളില്‍ അംഗാരങ്ങള്‍,
ചൊടികളില്‍ ചെമ്പനിനീര്‍പ്പൂച്ചോപ്പു നിന്‍,
മുടിയില്‍ കാര്‍വരിവണ്ട്.
അലസം നീയെന്‍ മാറില്‍ ചായെ,
ഉണരും വര്‍ണ്ണവിപഞ്ചി,
പറയുക നിന്നുടെ കനവുകളാല്‍ നീ
നിറമേകുന്നവയാണോ?

ഇനിയും വൃന്ദാവനിയില്‍ മാധവ-
നണയും നിന്നെ തിരയും,
ഇനിയും തന്‍ മുരളീ മധുരശ്രുതി
കിനിയും നിന്നുള്‍ നിറയും.
അണിമാറില്‍ നീ ചാലിക്കും ഗോ-
രോചന ലേപമതണിയും
അണയാതൊഴുകും സ്നേഹത്തില്‍ നാം
മുഴുകും കൈ കോര്‍ത്തൊഴുകും............

No comments:

Post a Comment