Wednesday, January 11, 2012

കണക്കുപുസ്തകത്തിലെ ഏട്..........

ഈ ഇടവഴി കഴിഞ്ഞാല്‍
നീ വഴി പിരിയും......
പിന്നീടൊരിക്കലും ഈ വഴികള്‍
ഒരുമിക്കില്ലായിരിക്കും...

ഇനി ഈ വഴിയില്‍ വീണ്ടും
നമ്മള്‍ കണ്ടുമുട്ടുമ്പോളും
നീ പരിചയം നടിക്കാതെ
നടന്നു നീങ്ങുമായിരിക്കും
അന്ന് നിന്റെ കൈ
വേറെ ആരുടെയോ കൈയില്‍
ഇന്ന് എന്റെ കൈയില്‍ എന്ന പോലെ
മുറുകെ പിടിച്ചിരിക്കും.......

അശുഭ ചിന്തകളുടെയും
അനാഥ ബാല്യങ്ങളുടെയും
പിതൃത്വം ഏറ്റെടുക്കാന്‍ ആളുണ്ടാകില്ല.......
മരണക്കുറിപ്പിനും
മദ്യക്കുതിപ്പിനും ശേഷമുള്ള
ശാന്തതക്കും ആയുസ്സുണ്ടാകില്ല....
നിനക്കായി എഴുതിയ കവിതകള്‍ക്കും
പാടിയ പാട്ടുകള്‍ക്കും,
ചൊരിഞ്ഞ കണ്ണുനീര്‍ത്തുള്ളികള്‍ക്കും,
കാലത്തിന്റെ കണക്കു പുസ്തകത്തില്‍
ഒരേട്‌ ഉണ്ടായിരിക്കുക തന്നെ ചെയ്യും...
നിന്റെ കണക്കുകള്‍ കുറിച്ചു വെക്കാന്‍ വേണ്ടി മാത്രം....
നിനക്ക് മറുപടി ഏകാന്‍ വേണ്ടി മാത്രം...
 
നിലാവിന്റെ തലോടലും
നിലവിളിയുടെ ഒച്ചയും
നിനക്കൊരുപോലെ ആകുന്ന നാള്‍
നാം ഇനിയും കണ്ടു മുട്ടും..........
അന്ന് നിന്റെ വിളര്‍ത്ത കൈകള്‍
വായുവില്‍ വെറുതെ, നഷ്ടപ്പെട്ട
പ്രണയത്തെ
വൃത്തങ്ങള്‍ വരച്ചു തിരയുമായിരിക്കും.....
അന്ന് നിന്റെ കണ്ണുകളില്‍
മിന്നാമിനുങ്ങുകള്‍
പകലന്തിയോളം
വന്നു നിറയുമായിരിക്കും.
അന്നേക്കു നിന്റെ നൃത്തലോലമായ
മുടിയിഴകളില്‍ പഴയകാലം
ജട പിടിച്ചു കഴിഞ്ഞിരിക്കും......
അനുരാഗം നീലാംബരി പാടിയുറക്കിയ
കാതുകളില്‍
കടന്നല്‍ക്കൂട്ടങ്ങള്‍
വന്നു മുരളുമായിരിക്കും...

അന്ന് ആ കണക്കുപുസ്തകത്തിലെ ഏട്
ഞാന്‍ കീറിക്കളഞ്ഞോളാം......

No comments:

Post a Comment