Thursday, January 5, 2012

ഇനിയെന്തു നല്‍കുവാന്‍?

അടി തെറ്റിയുടഞ്ഞു വീണിടാ-
തിവനെ താങ്ങി നിറുത്തി പിന്നെയും
പറയൂ ഇനിയെന്തു നല്‍കുവാന്‍?
കൃപയോടേതു കുരുക്കഴിക്കുവാന്‍ ??

ഉയിരിന്റെ അകത്തളങ്ങളില്‍
കുതികൊള്ളുന്ന മദാന്ധ യൌവനം
കനവിന്റെ തമസ്സുകള്‍ക്കകം
അണകള്‍ പൊട്ടി ഒലിച്ചു പോകവേ

മദമേറി അഹന്ത തന്‍ ചുഴി-
ക്കകമേ ഞാന്‍ നിലയറ്റു താഴവേ
മൃദുവാമൊരു വേണുഗാനമീ
കരിവാവില്‍ വഴിതെറ്റി വീഴവേ

കനല്‍ പൊള്ളുന്ന കിനാക്കള്‍ പിന്നയും
നിണമിറ്റിച്ചു പിടഞ്ഞു ചാകവേ
മുറിവേറ്റ കപോതമെന്ന പോല്‍
നിറമറ്റെന്റെ ദിനങ്ങള്‍ കേഴവേ

കൃപതന്‍ വര്‍ഷപയോദമെന്റെയി-
പ്പൊരിയും ഭൂമിക വിട്ടു നീങ്ങവേ
ഒഴുകാത്തൊരു ജീവിതം അഴു-
ക്കടിയും നാറിയ കാനയാകവേ

പലര്‍ ചൊല്ലിടും താളമൊത്തു ഞാന്‍
പല വേഷങ്ങളില്‍ ആടി ജീവിത-
ക്കളിയില്‍ തോറ്റു തളര്‍ന്നടിഞ്ഞു തന്‍
അഭിമാനം പണയത്തില്‍ വെക്കവേ

വിളയാട്ടമരങ്ങൊഴിഞ്ഞു ഞാന്‍
വിലയില്ലാതെ  നിലത്തു വീഴവെ
കളവിന്റെ കളിക്കളത്തില്‍ ഞാന്‍ 
നില തെറ്റിച്ചു തെറിച്ചു വീഴവെ

ഉയരങ്ങളില്‍ നിന്ന് വീണൊരെന്‍
അരികില്‍ വന്നു കവിള്‍ തലോടി നീ
ഒരു പുഞ്ചിരിയോടെയെന്തിനെന്‍
കരമിന്നിങ്ങു പിടിച്ചുയര്‍ത്തി നീ

ബധിരം മമ കര്‍ണ്ണസീമനി
പുനരാ ഗാനരസം പകര്‍ന്നു നീ
ഇരുള്‍ മൂടിയ കണ്ണില്‍ വെണ്ണിലാ-
വൊളി തൂകുന്ന ചിരാതു വെച്ചു നീ

മുറിവേറ്റ ഹൃദന്തരത്തില്‍ നിന്‍
കനിവാകുന്ന മരുന്നു വെച്ചു നീ
കരി കട്ടപിടിച്ച ജീവനില്‍
വെളിവിന്‍ വെണ്‍തിരി നീട്ടിയെത്തി നീ

പിഴയില്‍ മുഴുകുന്ന മാനസ-
പ്പുഴയില്‍ പൊന്‍വെയില്‍ നാളമായി നീ  
ചതിവിന്‍ ചതവേറ്റ നെഞ്ചക-
ത്തൊരു ഗംഗാജലതീര്‍ത്ഥമായി നീ

 മിഴിനീരില്‍ കുളിച്ച ജീവനില്‍
പുതുതാം താരസ്വരങ്ങള്‍ പാകി നീ
മഴവില്ലുകള്‍ തീര്‍ത്തു പ്രാണനില്‍
നിറമേഴായിരമായി വാര്‍ന്നു നീ

ഉലകിന്റെ ചതുപ്പുകള്‍ക്കകം
മുഴുവന്‍ താഴ്ത്തി വിടാതെ പിന്നെയും
പറയൂ ഇനിയെന്തു നല്‍കുവാന്‍,
ഇനിയെന്തായി ഉടച്ചു വാര്‍ക്കുവാന്‍??

No comments:

Post a Comment