Monday, January 2, 2012

പടിവാതില്‍ ചാരവേ.....

 (കണികാണും നേരം.... എന്ന രീതി)

ഒരു നൂറായിരം മുറിവേറ്റുള്ളോരെന്‍
അകതാരിന്‍ വാതില്‍പ്പടി ചാരി,
തിരികെ പോരുമ്പോള്‍ ഒരു വിങ്ങല്‍ മാറി-
ന്നകമേ സാന്ദ്രമായ് തിരതല്ലി.

ഇടയില്‍ നിന്‍ വിളിക്കൊരു കാതേകിയും,
ഉടയും പ്രാണനില്‍ നെടുവീര്‍ത്തും.
പടയില്‍ തോറ്റൊരു ഭടനെപ്പോലെ ഞാന്‍
അടി വെക്കാന്‍ വയ്യാതടിയവേ.

പുറകില്‍ നിന്നാരോ പറയുന്നോ മെല്ലെ
ഭ്രമമാണീ പ്രേമം അരുതെന്നും.
അറിയുന്നീലെന്റെ കരളാണോ ദൂരെ
കിളിയാണോ ഭ്രാന്തന്‍ കവിയാണോ

മുറിയും ഹൃത്തിന്റെ അകമേ തുള്ളുന്ന
രുധിര ബാഷ്പത്തിന്‍ തരിയാണോ
അലയടിക്കുന്ന കടലാണോ നീല-
പ്പുടവ ചുറ്റിയ മലയാണോ

ഇനിയും ജീവനെ പുണരും സ്നേഹത്തിന്‍
പരിമളം തൂകും മലരാണോ
ഹൃദയത്തില്‍ വിരിഞ്ഞുണരും സൌന്ദര്യ-
പ്പുലരിയാം സൌഗന്ധികമാണോ    

വിരസമാം എന്റെ ദിനരാത്രങ്ങളില്‍
നിറമായ്‌ പെയ്ത സൌഹൃദമാണോ
അരിയ കാവ്യപ്പൂമ്പൊടി വിതറിയ
ഗുരുവോ, കാമത്തിന്‍ നുരയാണോ

പറയരുതേവം, കളിയല്ല സ്നേഹം,
അരുതെനിക്കെല്ലാം മറന്നീടാന്‍.
അരുതു ജീവന്റെ പകുതിയും വെന്തും
ചിരി തൂകാന്‍, സ്വയം അകലുവാന്‍

പറയട്ടെ എല്ലാവരുമെന്നെ ഭ്രാന്തന്‍
എറിയട്ടെ മതി വരുവോളം
ദുരിതക്കാര്‍മേഘം നിറയട്ടെ വാനില്‍
വെറുതെ നോവെന്നില്‍ ചൊരിയട്ടെ

കപടത മിന്നല്‍പ്പിണറായ് വീശട്ടെ
കുപിതരായ്ക്കോട്ടേ സകലരും
വിഫലമാകട്ടെ മമ മോഹം പക്ഷെ
അപരിത്യാജ്യ നീ എനിക്കെന്നും

നിറകണ്ണോടെ ഞാന്‍ പറയുമ്പോള്‍, പിന്നില്‍
മൃദുവായ് നിന്‍ സ്വരം ശ്രവിച്ചുവോ
തിരികെ നീയെന്റെ പടി തന്‍ ചാരത്തായ്
വരികയോ എന്‍ പേര്‍ വിളിക്കയോ

വരിക, നീയെന്റെ മണിവീണക്കകം
നിറയും ശ്രീരാഗ ശ്രുതിയായി,
വരിക പ്രാണന്റെ ഗതിയായി, നോവി-
ന്നകമേ പൂവിടും കവിതയായ്
 
പടിവാതില്‍ ചാരാതിനിയെന്‍ ജീവിത-
ച്ചെടിയില്‍ നീ പൂവിട്ടുണരാനായ്
കരുതിക്കാത്തീടാം അരികിലെത്തുമോ
അരുളായ് നീ പ്രേമപ്പൊരുളായി

No comments:

Post a Comment