Monday, December 26, 2011

സാന്ത്വനജ്യോതി..........

അനഘം ഇതള്‍വിടര്‍ത്തും താരകക്കണ്‍കള്‍ ചിമ്മി
ഭുവനമഖിലവും ഹാ കാണ്മു നിന്‍ വിശ്വരൂപം
തുളസി തന്‍ കതിര്‍ പോലെ  നിര്‍മ്മലത്വം നിറച്ചെന്‍
മനസ്സിതില്‍ മരുവേണേ വേണുഗോപാലമൂര്‍ത്തേ

മഴമുകില്‍ നിറമോലും നിന്റെ ദേഹം നിനച്ചെന്‍
മനമൊരു മഴവില്ലായ്‌ ഏഴു വര്‍ണ്ണം വിരിക്കെ
അഴലുകള്‍ നിഴലിട്ടോരെന്റെ ജീവന്റെ മേല്‍ നിന്‍
അരുണകിരണശോഭ നിത്യകാവ്യം ചമച്ചു

മധുര മൃദുസ്വരത്തില്‍ വേണുവൂതുന്ന നേരം
മഥുരയില്‍ അധികാരം പത്തി താഴ്ത്തുന്ന നേരം
പടകള്‍ നടുവില്‍ പാര്‍ത്ഥന്നാത്മവീര്യം നിറക്കേ
ഇടയ!, സകലലോകം കണ്ടു പൂര്‍ണ്ണാവതാരം

അളകമിളകിയാടും ശ്രീമുഖം കണ്ടു ജീവന്‍
ഇളവെയില്‍ തഴുകീടും സൌഖ്യമേറ്റിങ്ങു നില്‍ക്കെ
വന കുസുമമണിഞ്ഞാ മാറിലെന്നേയണക്കാന്‍
കനിയുക ഗുരുവായൂര്‍ മേവിടും സത്യദീപ്തേ

പടവുകള്‍ പലതും ഞാന്‍ പിന്നില്‍ വിട്ടിന്നു നിന്റെ
പടിയിതില്‍ ശരണത്തെ തേടിയെത്തുന്ന നേരം
ഞൊടിയിടയതു കൊണ്ടെന്‍ പാപജാലം ഹരിക്കാന്‍
അടിയനില്‍ കനിവുണ്ടായീടണേ ഗോപബാലാ

കപടതയുടെ കൂരമ്പേറ്റൊരെന്‍ മാറില്‍ നീയാം
കൃപയുടെ കടല്‍ സാന്ദ്രം തിങ്ങി വിങ്ങുന്നു വീണ്ടും
നിറമിഴികളടച്ചെന്‍ ജീവന്‍ നിന്നെ വിളിക്കെ
തിരി തെളിയുക കണ്ണാ സാന്ത്വനജ്യോതിയായി

4 comments: