Saturday, December 24, 2011

ക്രിസ്തുസ്തുതി....

2009 ഡിസംബര്‍ 25 നു പുനെയിലെ ഓഫീസില്‍ ഇരുന്നെഴുതിയ ഒരു കവിത.
*********************

സകലവുമടിയങ്ങള്‍ക്കേകുവാന്‍  വന്ന സ്നേഹ-
ക്കടലിലെ മണിമുത്തേ ദൈവ പുത്രാ ജയിയ്ക്ക!
ഉഴറുമഗതികള്‍ തന്‍ പാപമേറ്റീക്കുരിശ്ശിന്‍ -
വഴിയിലെ ഒളിയാകും യേശുനാഥാ ജയിയ്ക്ക!!

ഹൃദയമുരുകിയും തന്‍ കണ്ണുനീര്‍ വാര്‍ത്തുവാര്‍ത്തും
വ്രണിത മനസ്സുമായിച്ചെന്നു നീ ദിക്കു തോറും
ധരണിയില്‍ സുരലോകത്തിന്റെ സദ്വാര്‍ത്തയാകെ-
പ്പറയുവതു ശ്രവിച്ചീ ഭൂമി രോമാഞ്ചമാര്‍ന്നു

തവ തിരുനടയില്‍ ഞാന്‍ വന്നതേയില്ല, ചിത്തം
കവിയും പ്രണയവായ്പാല്‍ നിന്റെ പേര്‍ ചൊല്ലിയില്ല.
പിഴയില്‍ മുഴുവനായിത്താണൊരെന്നെക്കൃപാലോ
തഴയൊല മറിയത്തിന്റെ കണ്ണിന്റെ കണ്ണേ!!

തവ തിരുഹൃദയത്തിന്‍ രക്തമൊന്നാലെ ലോകം
അവികലം സ്വപിതാവിന്‍ നാമമിന്നോര്‍ത്തിടുന്നു.
ഇവിടെ ഇടറി വീഴും മാനുഷര്‍ക്കായി നീയേ,
പകരുക പരിശുദ്ധാത്മാവിലൂടെ പ്രകാശം

ധരയുടെ വഴി നീ താന്‍, ദൈവസോപാനമാര്‍ഗ്ഗം,
മനസ്സില്‍ ഉദയമാകും സത്യവും നീയിതൊന്നേ.
ഉയിരിന്‍ അറകളില്‍ നീ നിത്യജീവപ്രകാശം
ബെതലെഹമിലെ പുല്ലിന്‍ കൂട്ടിലെപ്പൊന്‍വിളക്കേ!!!

1 comment:

  1. വ്രണിത മനവുമായിച്ചെന്നു നീ ദിക്കു തോറും എന്നു വേണം.പിഴയില്‍ മുഴുവനായിത്താണൊരെന്നെക്കൃപാലോ
    തഴയൊല മറിയത്തിന്റെ കണ്ണിന്റെ കണ്ണേ!!തവ തിരുനടയില്‍ ഞാന്‍ വന്നതേയില്ല, ചിത്തം
    കവിയും പ്രണയവായ്പാല്‍ നിന്റെ പേര്‍ ചൊല്ലിയില്ല. ഇതില്‍ രണ്ടാം വരി അല്പം പ്രശ്നമുണ്ടല്ലോ
    ബലെ തവ തിരുഹൃദയത്തിന്‍ രക്തമൊന്നാലെ ലോകം
    അവികലം സ്വപിതാവിന്‍ നാമമിന്നോര്‍ത്തിടുന്നു. ഇവിടെയും രണ്ടാം വരി ഒഴുക്ക് കിട്ടുന്നില്ല.ഇവിടെ ഇടറി വീഴും മാനുഷര്‍ക്കായി നീയേ,
    പകരുക പരിശുദ്ധാത്മാവിലൂടെ പ്രകാശം ഗുഡ്‌ ലൈന്‍സ്മനസി,യുദയമാകും സത്യവും നീയിതൊന്നേ..ഉയിരിനറകളില്‍ നീ നിത്യജീവപ്രകാശം.ബെതലെഹമതിലെലെപ്പുല്‍ക്കൂട്ടിലെപ്പൊന്‍വിളക്കേ!!!പൊതുവേ നല്ല കവിതയായിട്ടുണ്ട്

    ReplyDelete