Thursday, December 15, 2011

ഇങ്ങിനെയാണു ഞാന്‍

ചിലര്‍ക്ക്, അല്ല, ഒരു മാതിരിപ്പെട്ടവര്‍ക്കൊക്കെയും സ്വന്തം വിശ്വാസം മാത്രമാണ് ശരി. അത് അംഗീകരിക്കാത്തവര്‍ അവര്‍ക്ക് പരിഹാസ്യരാണ്...... എങ്ങിനെയും തന്റെ വാദം സ്ഥാപിക്കണം എന്ന നിശ്ചയത്തോടെ ഉള്ളവര്‍..... നല്ലത് തന്നെ....
എന്നെ നിങ്ങളുടെ തിരുത്ത് പുസ്തകത്തില്‍ നിന്ന് വെട്ടിക്കോളൂ.....
ഇങ്ങിനെയാണു ഞാന്‍.......................

******************************************

എനിക്കൊന്നും അറിവില്ലെന്നറിയുന്നോനാണു ഞാന്‍
പെരുവഴിയരികത്ത് പകക്കുന്നോനാണു ഞാന്‍
ഇരിക്കുന്ന മരക്കൊമ്പ് മുറിക്കുന്നോനാണു ഞാന്‍
വെളിച്ചത്തില്‍  ഇരുള്‍ തേടും കലിക്കുന്നനാണു ഞാന്‍

ഇടിവെട്ടില്‍ ഭയപ്പെട്ടു വിറക്കുന്നോനാണു ഞാന്‍
പദങ്ങളാല്‍ മുറിവേറ്റു കിതക്കുന്നോനാണു ഞാന്‍
വഴിവക്കില്‍ കവിത തന്‍ പഴംചാക്ക് നിരത്തി
ഉറങ്ങുവാന്‍ കിടക്കുന്ന വഴിപോക്കനാണു ഞാന്‍

അഹങ്കാരക്കൊടും വെയ്-ലില്‍, മിഴിനീരിന്‍ മാരിയില്‍
കുടചൂടാതിവ രണ്ടും  സഹിക്കുന്നോനാണു ഞാന്‍
വെറുതെയീ മുളന്തണ്ടിന്‍ സുഷുമ്നയില്‍ നിറയാന്‍
പ്രണയത്തിന്‍ പ്രവാഹങ്ങള്‍ ഒഴുക്കുന്നോനാണു ഞാന്‍

പടവെട്ടിപ്പടവെട്ടിത്തളരുന്നോനാണു ഞാന്‍
പിടികൊടുക്കാതെയോടും പകല്‍ക്കിനാവാണു ഞാന്‍
വെറുതെയെന്‍ നിഴലിന്റെ അനക്കങ്ങള്‍ക്കൊക്കെയും
മറുപടി കൊടുക്കുന്ന മഠയത്തമാണു ഞാന്‍

മഴക്കാറു കണ്ടു പീലി വിരിക്കുന്നോനാണു ഞാന്‍
മൊഴിയറ്റ വരള്‍ച്ചകള്‍ അതിജീവിച്ചവന്‍ ഞാന്‍
നിലവിളി മുഴങ്ങുന്ന ദുരിതകാലങ്ങളില്‍
ഉറങ്ങാതെ കാവല്‍ നിന്ന പ്രതീക്ഷ തന്നൊളി ഞാന്‍

പുതുയുഗപ്പിറവികള്‍ക്കൊരു കടംകഥ ഞാന്‍
പഴമക്കു മുടിഞ്ഞോരു കടക്കാരന്‍ അതും ഞാന്‍
ഇഹത്തിലും പരത്തിലും ഇരുളിലും പകലും
തനിച്ചു തംബുരു മീട്ടും ബവുള്‍ ഗാനമാണു ഞാന്‍

പലവക വിവരങ്ങള്‍ അറിയാത്തോനാണു ഞാന്‍
അറിവതില്‍ അവിശ്വാസം കലര്‍ത്തുന്നോനാണു ഞാന്‍.,
ഇരിക്കട്ടെ, ചിരിച്ചോളൂ, തിരുത്തിനു തുനിയാ-
തെതാണതില്‍ സമാധാനം തിരയുന്നോനാണു ഞാന്‍

ഇടയ്ക്കിടയ്ക്കു ഞാന്‍ ഞാനെന്നഹമ്മതി വിതച്ചും
ഇടയ്ക്കു നിസ്സാരഭാരാല്‍ സ്വയമേ ഉള്‍വലിഞ്ഞും
വെറും വാക്കില്‍ കവിതയായ് അഹങ്കാരം കുറിക്കും
പദാര്‍ത്ഥത്തെ അറിയാത്ത യശഃപ്രാര്‍ഥിയാണു ഞാന്‍

No comments:

Post a Comment