Monday, December 12, 2011

ഗ്രാമം തളിരിടുന്നു......

നിനച്ചിടാതെ ഇന്നെന്തോ
മനസ്സിന്‍ പാകശാലയില്‍
നിറച്ചിടുന്നു നാടിന്റെ
മണവും സ്നേഹരാഗവും

കരിമ്പനകള്‍ കാക്കുന്ന
പാലക്കാടിന്റെ മണ്ണിലെന്‍
കിനാക്കള്‍ കുടികൊള്ളുന്ന
ഗ്രാമീണാര്‍ദ്ര നിശീഥിനി

ഉണര്‍ന്നെണീറ്റു വന്നെന്റെ
പടിവാതില്‍ തുറന്നിതാ
മുന്നില്‍ മുടിയഴിച്ചിട്ടി-
ങ്ങുലാത്തീടുന്നു സസ്മിതം

വിണ്ടലം പൂത്തു നില്‍ക്കുന്ന
പിച്ചകച്ചെടി തന്‍ കട-
ക്കെങ്ങോ പണ്ടു കുഴിച്ചിട്ട
ഓര്‍മ്മകള്‍ മുള പൊട്ടിയോ?

ചുരം കടന്നു കാറ്റെന്റെ
കാതില്‍ കല്യാണി പാടിയോ
പാടത്തിന്‍ കരയില്‍ നിന്നും
തവളക്കുഞ്ഞു കേണുവോ

ചന്ദനക്കുറി തൊട്ടോരു
നാട്ടുപാതയിലൂടെ വ-
ന്നെന്നിലേക്കൂര്‍ന്നിറങ്ങുന്നോ
പൊടി പാറിക്കും ഓര്‍മ്മകള്‍

പുള്ളുവന്‍ പാട്ടിലുണരും
നാഗത്താന്മാര്‍ക്ക് ചാര്‍ത്തിടും
മഞ്ഞള്‍പ്പൊടി അണിഞ്ഞോരു
പ്രഭാതം ഉമ്മ നല്‍കിയോ

വൈകിയെത്തിയ പ്രാവെന്തോ
പറയാന്‍ കുറുകുന്നുവോ
അമ്പലക്കുളമിന്നാമ്പല്‍
പൂവു ചൂടിയൊരുങ്ങിയോ

തല മൂത്തോരു മുത്തശ്ശന്‍-
അരയാല്‍ മരമിന്നുമാ
വിറക്കും കൈയിനാല്‍ എന്റെ
മുടി കോതിയൊതുക്കിയോ

കണിക്കൊന്നകള്‍ പൂവിട്ടു
നില്‍ക്കുന്ന വഴിവക്കുകള്‍
ഏതോ പഴയ വൃത്താന്തം
കാതില്‍ ചൊല്ലിച്ചിരിച്ചുവോ

മുക്കുറ്റിപ്പൂവുകള്‍ മെല്ലെ
വിശേഷങ്ങള്‍ തിരക്കിയോ
വായാടിയാമിളം കാറ്റു
പരദൂഷണം ഓതിയോ

ജ്ഞാനിയാം കൊറ്റി എന്തെന്നെ
കണ്ടില്ലെന്നു നടിച്ചുവോ
മേഘമാലകള്‍ ദൂരെ കൈ
വീശി പോയി മറഞ്ഞുവോ

വരിക്കച്ചക്ക തന്‍ ഗന്ധം
എന്നുള്ളില്‍ കൊതി പാകിയോ
മൂവാണ്ടന്‍ മാവു കണ്ടെന്തേ
കുട്ടിക്കാലം നിനച്ചുവോ      

കുളക്കടവില്‍ ഞാനെന്റെ
അനുരാഗത്തെ ഓര്‍ത്തുവോ
പഴകും തോറുമേറുന്ന
മാധുര്യം കിനിയുന്നുവോ

വേരറ്റ ചിന്തകള്‍ക്കുള്ളില്‍
കുടുങ്ങീടുന്നൊരെന്നിലേ-
ക്കേതോ പഴയ ഗാനത്തിന്‍
വീചികള്‍ വന്നലച്ചുവോ

നിരവദ്യ സ്മൃതിക്കുള്ളില്‍
ഹൃദയം കൂപ്പു കുത്തവേ
നിഗൂഢാനന്ദമായെന്നില്‍
ഗ്രാമം തളിരിടുന്നുവോ

No comments:

Post a Comment