Sunday, December 11, 2011

ഇരക്കുക മലയാളീ.......

ഇരക്കുക വീണ്ടും തമിഴന്റെ മുന്നില്‍
ഇരക്കുക വീണ്ടും പുതിയ ഡാമിനായ്
വിറച്ച ഭീതിയും കിതച്ച ശ്വാസവും
മറച്ചു വെച്ചു നീ ഇരു കൈ നീട്ടുക

നമുക്കുമുണ്ടൊരു ജനാധിപത്യത്തിന്‍
തിളങ്ങും ശ്രീലകം! പിശാച്ച വേതാളര്‍
ഉറഞ്ഞു തുള്ളിയും, തെറി വിളിച്ചുമീ
പ്രശാന്തഭൂമിയില്‍ പ്രകമ്പം തീര്‍ക്കവെ
ദുരിതം പിന്നെയും തലയിലേറ്റുവാന്‍
തുനിഞ്ഞു, വീണ്ടുമാ നിശാചരര്‍ക്കായി
നിണമൊഴുക്കുക, ജയ ജയ പാടി
അടുത്ത വട്ടവും ഒരു വോട്ടേകുക

സ്വഭാഷയെ മറന്നിനിയും കുട്ടിയെ
നവീന ആംഗല ധ്വനിയിലാഴ്ത്തുക
സ്വദേശവും മറന്നിനിയും ഈ 'കണ്‍ട്രി'
പ്രദേശം വിട്ടു നീ പ്രവാസിയാവുക
അവിടെ നീ എസീ മുറിയില്‍ ബോസ്സിന്റെ
വിടുപണി ചെയ്യും മനേജറാവുക
വിയര്‍പ്പിന്‍ ദുര്‍ഗന്ധമകറ്റിടും കൊളോണ്‍
മുഴുക്കനെ പൂശി അഴകി നില്‍ക്കുക

വിദേശമദ്യത്തിന്‍ ലഹരിയിലാണ്ട്
വിഷുവും ഓണവും 'ഉഷാറാ'ക്കീടുക
ഇടയ്ക്കു ടീവിയില്‍ സിനിമയോ കണ്ണീര്‍-
ത്തടാകമോ കണ്ടു സ്വയം മറക്കുക
പതിവായ്‌ 'എഫ്.ബി'.യില്‍ അണക്കെട്ട് പൊട്ടും
കഥകള്‍, ഫോട്ടോകള്‍ 'ഷെയറു' ചെയ്യുക
പൊടിപ്പും തൊങ്ങലും നിറച്ച വാര്‍ത്തകള്‍
പകുത്തു ഭീതി നീ പടര്‍ത്തിത്തുള്ളുക

മറക്കുക ഭാഷ, മറക്ക സംസ്കാരം,
മറന്നു കൊള്ളുക ത്വദീയ പൈതൃകം
പിതാവിന്‍ നാമവും അറിഞ്ഞിടാത്തൊരു
തലമുറയായി സ്വയം വളരുക

ഇരക്കുക 'അമ്മാ'.....
തമിഴന്റെ മുന്നില്‍
ഇരക്കുക മുല്ലപ്പെരിയാര്‍ ഡാമിനായ്
ഇരക്കുക അല്‍പ്പം വിയര്‍പ്പിനും, മണ്ണിന്‍
മണത്തിന്നാത്മാഭിമാനത്തിന്നായിയും..........

No comments:

Post a Comment