Wednesday, November 9, 2011

ഒരിക്കല്‍.......

ഒരിക്കല്‍, തുമ്പും വാലും
അറിയാത്തൊരാ ക്ലാസ്സിന്‍
ഒരറ്റത്താകെ പേടി-
ച്ചുറക്കെ കരയുമ്പോള്‍.
പതുക്കെ കണ്ണീര്‍ തുട-
ച്ചിറുക്കെ പുണര്‍ന്നെന്റെ
വിറക്കും കൈയില്‍ പിടി-
ച്ചക്ഷരമെഴുതിച്ചും,
ഉറക്കാന്‍ കിടത്തിയും,
ഉണര്‍ന്നാല്‍ പാലും തന്നു
കവിളില്‍ തലോടിയും,
എന്നെ കാത്തവര്‍ ദൂരെ
അറിയില്ലെങ്ങോ പുത്തന്‍
കുട്ടികള്‍ക്കായി സ്നേഹം
പകരുന്നുണ്ടായിടാം
അവര്‍ക്കായ് നമസ്കാരം

ഒരിക്കല്‍, സ്കൂളില്‍ പോകാന്‍
കരയും എന്നെ പൊക്കി
കുതിര വണ്ടിക്കകം
ഇരുത്തി ടാറ്റാ നല്‍കേ,
കുതിരത്താളത്തിലെന്‍
കരച്ചില്‍ മുഴങ്ങവേ,
കുറയാതൊട്ടും വാശി
അലറി തളരവെ.
അരികത്തെന്നെ പിടി-
ച്ചിരുത്തി പലതരം
കുസൃതി, തമാശകള്‍
കാണിച്ചും, താലോലിച്ചും.
വഴിയില്‍ നിറുത്തിയും
സിപ്-അപ്പ്‌ വാങ്ങിത്തന്നും
കുതിരക്കഥകളാല്‍
സന്തോഷം പരത്തിയും.
പലനാള്‍ എന്നെ സ്നേഹം
ഊട്ടിയൊരാ അമ്മാവന്‍
എവിടെപ്പോയോ എന്തോ
ഓര്‍ക്കുന്നു സ്നേഹത്തോടെ

ഒരിക്കല്‍, ഓണക്കാല-
ത്തൂഞ്ഞാലില്‍ നിന്നും വീണു
തലയില്‍ ചോരയൊലി-
ച്ചുറക്കെ കരഞ്ഞിടെ,
എടുത്തു വാരിപ്പുണര്‍-
ന്നിറയത്തിരുന്നു തന്‍
മടിയില്‍ കിടത്തിയാ
മരുന്ന് പുരട്ടിയും.
പലതും പറഞ്ഞെന്നെ
ആശ്വസിപ്പിച്ചും മെല്ലെ
പുറത്തു തലോടിയും
കരച്ചില്‍ അടക്കിയ.
ആ സ്നേഹമനസ്സിനും
ആ ആര്‍ദ്ര സ്വരത്തിനും
ആ നന്മക്കാലത്തിനും
ആയിരം നമസ്കാരം.

ഒരിക്കല്‍, ആകെ കുഴ-
ങ്ങീടിന മനസ്സിതില്‍
ഒരു ദീപത്തിന്നൊളി
തൂകി, ദര്‍ശനമേകി.
വ്രണിതം ഹൃദയത്തില്‍
തന്‍ മധുവചസ്സിനാല്‍
അമൃതാനന്ദത്തിന്റെ
തീര്‍ഥങ്ങള്‍ തളിച്ചും ഹാ!
അവിരാമമായ്‌ എന്നില്‍
പ്രേമത്തിന്‍ മലര്‍ തൂകി
പദപദ്മത്തില്‍ എനി-
ക്കഭയം അരുളിയും
ഹൃദയാകാശത്തിലെ
ജനാല തള്ളിത്തുറ-
ന്നുയിരില്‍ ആത്മാനന്ദ
നിത്യമുഗ്ദ്ധമാം ഗാനം,
പകര്‍ന്നു നാവില്‍ ഹരി-
ശ്രീ കുറിച്ചൊരാ ഗുരു-
രൂപികള്‍ക്കെല്ലായ്പ്പോഴും*
എന്നുടെ നമസ്കാരം.

ഒരിക്കല്‍ വരുന്നവര്‍,
നന്മ തന്‍ ഗന്ധം തൂകി
ഉയിരില്‍ ഒരിക്കലും
പിരിയാതിരിപ്പവര്‍
ഒരിക്കല്‍ കൂടി ഓര്‍ക്കാം
അവരെ, ഊരോ പേരോ
തെരിയില്ലെന്നാല്‍ കൂടി
നിറയും സ്നേഹത്തോടെ. 

* ഇന്ന് ഗുരുപൂര്‍ണിമ.

No comments:

Post a Comment