Wednesday, November 9, 2011

ഒരു സമര വൃത്താന്തം

എക്കാലത്തും ഭരണാധികാരികള്‍ക്ക് വശപ്പെട്ടു ജീവിക്കുകയാണ് സുരക്ഷിതം. നമ്മളെല്ലാവരും അങ്ങിനെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരും ആണ്. ഒരു ഉദാത്ത ലകഷ്യത്താല്‍ പ്രചോദിതരാകും വരെ. അത് വരെ മാത്രം. അതിനു ശേഷവും ജനരോഷത്തിനു പിന്‍ തിരിഞ്ഞു നില്‍ക്കുകയും അധികാര സ്ഥാപനങ്ങള്‍ക്ക് വിട് പണി ചെയ്യുകയും ചെയ്യുന്നവര്‍ക്ക് സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കുട്ടകളില്‍ ആയിരിക്കും എന്ന് നാം വീണ്ടും വീണ്ടും കണ്ടു കൊണ്ടിരിക്കുന്നു..ഞാന്‍ പറഞ്ഞു വരുന്നത് ഈജിപ്റ്റിലും ലിബിയയിലും നടന്ന അറബ് വസന്തത്തെക്കുറിച്ചോ ഒക്ക്യുപ്പൈ വാള്‍ സ്ട്രീറ്റ് പ്രക്ഷോഭത്തെക്കുറിച്ചോ അണ്ണയുടെ സ്വാതന്ത്ര്യപ്രക്ഷോഭത്തെക്കുറിച്ചോ അല്ല....
എന്റെ നാട്ടില്‍, പാലക്കാട്ട്, ഈ അടുത്ത കാലത്ത് നടന്ന ഒരു ചെറിയ സമരവും അതിന്റെ പുറകിലെ കഥകളും ആണ്.

നെല്ലറയായ പാലക്കാട് പല നാട്ടു രാജ്യങ്ങളുടെ ഭാഗം ആയിരുന്നിട്ടുണ്ട്... അതില്‍ പാലക്കാട് രാജാവും പെടുന്നു. പാലക്കാട്ടുശ്ശേരി എന്ന കുടുംബക്കാര്‍ ഈ ജില്ലയുടെ പല പ്രദേശങ്ങളുടെയും ഭരണസാരഥ്യം കൈയാളിയിരുന്നു. പാലക്കാടു രാജാവ് തന്റെ രാജ്യത്തിനെ ചുരമിറങ്ങി വരുന്ന ശത്രുക്കളില്‍ നിന്ന് രക്ഷിക്കാനായി എ.ഡി. 1677 ല്‍ ഒരു കോട്ട പണി കഴിപ്പിച്ചു. പിന്നീട് വന്ന അധികാര വടംവലികളില്‍ പെട്ടു ഈ കോട്ട ഇസ്ലാമിക ആക്രമണകാരികളായ ഹൈദര്‍ ആലിയുടെയും, ടിപ്പു സുല്‍ത്താന്റെയും തുടര്‍ന്ന് സായിപ്പന്മാരുടെയും ശാസനങ്ങള്‍ പേറാന്‍ ബാധ്യസ്ഥമായി.അങ്ങിനെ നഗരമധ്യത്തിലെ പാലക്കാട് ഹനുമാന്‍ കോട്ട ടിപ്പു സുല്‍ത്താന്‍ കോട്ടയാക്കപ്പെട്ടു. ഇതിനു ഹനുമാന്‍ കോട്ട എന്ന പേര് വരുവാനുള്ള കാരണം ഈ കോട്ടക്കകത്തുള്ള ഹനുമാന്‍ ക്ഷേത്രമാണ്. അനേകായിരം ഭക്തജനങ്ങള്‍ ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി ദിവസവും ഇവിടെ എത്തി ചേരുന്നു.

ഒരു കാലത്ത് വിസ്മൃതവും വിനഷ്ടവും ആയിക്കിടന്നിരുന്ന ഈ ഹനുമത് സാന്നിധ്യം ജന ശ്രദ്ധയിലേക്ക് വരുന്നത് 1990  കളില്‍ നടന്ന ചില പുനരുദ്ധാന പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ്‌. ഇതിന്റെ ഭാഗമായി ഇവിടത്തെ ഹനുമത് സാന്നിധ്യം പ്രശ്ന വശാല്‍ തെളിയുകയും, അവിടെ ആരാധനക്കുള്ള അനുവാദം തേടി ശ്രീ ആഞ്ജനേയ സേവ സമിതി എന്ന സംഘടന Archeological Survey of India യെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന്, ആരാധനയ്ക്ക് മാത്രമായി ഈ സ്ഥലം ഭക്ത ജനങ്ങള്‍ക്ക്‌ വിട്ടു നല്‍കുവാന്‍ അവര്‍ തീരുമാനിച്ചു. സ്ഥലത്തിന്റെ ഉടമസ്ഥത ഇപ്പോളും കൈയാളുന്നത് ASI  തന്നെ ആണ്. 

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ക്ഷേത്രം പാലക്കാട്ടെ അറിയപ്പെടുന്ന ഒരു ആധ്യാത്മിക കേന്ദ്രമായി മാറി. സംഗീത സദസ്സുകളും, ഉത്സവങ്ങളും എല്ലാം അതി ഗംഭീരമായി ശ്രീ ആഞ്ജനേയ സേവ സമിതിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിക്കപ്പെട്ടു. നിസ്വാര്‍ഥമായ അവരുടെ സേവനങ്ങള്‍ കൊണ്ട് ക്ഷേത്രം നാള്‍ക്കുനാള്‍ അഭിവൃദ്ധി പ്രാപിച്ചു.
****************************************
കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കപ്പെട്ട വിവാദമായ മലബാര്‍ ദേവസ്വം ബില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്‍റെ സ്ഥാപനത്തിനും അതു വഴി നിരവധി ഹിന്ദു ക്ഷേത്രങ്ങളുടെ പിടിച്ചെടുക്കലിനും വഴി വെച്ചു. സാമാന്യം നന്നായി നടക്കുന്ന അമ്പലങ്ങള്‍ ഒന്ന് വിടാതെ നിരീശ്വരവാദികള്‍ എന്നറിയപ്പെടുന്നവരുടെ സര്‍ക്കാര്‍ മതേതരം എന്നവകാശപ്പെടുന ഈ നാട്ടില്‍ പിടിച്ചടക്കി. എന്റെ സംശയം, മതേതര രാജ്യത്തില്‍ ഒരു മതത്തിന്റെ സ്വത്ത് മാത്രം സര്‍ക്കാരിന് കട്ടു മുടിക്കാനുള്ളത് ആകുന്നതെങ്ങിനെ? എന്തു കൊണ്ട്? വായനക്കാര്‍ നിഷ്പക്ഷമായി ചിന്തിക്കൂ...ഉത്തരം നമുക്ക് ലഭിക്കും.
 നമുക്ക് വീണ്ടും തിരിച്ചെത്താം... മലബാര്‍ ദേവസ്വം ബോര്‍ഡ്‌ കൊണ്ട് ഗുണങ്ങള്‍ ഉണ്ടായിട്ടില്ല എന്നല്ല. ആരും ശ്രദ്ധിക്കാന്‍ ഇല്ലാതെ കിടന്നിരുന്ന അമ്പലങ്ങള്‍ ഒക്കെ പുനരുദ്ധരിച്ചു, വീണ്ടും കലശവും മറ്റും കഴിച്ചു ഭക്തര്‍ നോക്കി നടത്തുന്ന കാലത്താണ് ഈ പിടിച്ചെടുക്കല്‍ നീക്കങ്ങള്‍ എന്നതാണ് സംശയം ഉണര്‍ത്തുന്നത്. ശാന്തിക്കാര്‍ക്ക് മാന്യമായ സ്ഥാനം കൊടുക്കുന്നതുള്‍പ്പെടെ പല സ്വാഗതാര്‍ഹമായ കാര്യങ്ങളും ഇതിലുണ്ട്. പക്ഷെ, മാന്യമായി നടക്കുന്ന അമ്പലങ്ങളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താം   എന്ന കുത്സിതമായ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ നടപ്പിലാക്കുക വഴി അവരുടെ വിശ്വാസ്യത അവര്‍ കളഞ്ഞു.
******************************************
പാലക്കാട്ടെ ഹനുമാന്‍ കോട്ടയിലും മറ്റൊന്നല്ല നടന്നത്. ശ്രീ ആഞ്ജനേയ സേവാസമിതിയുടെ നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഏതാണ്ട് പത്തന്‍പത് ലക്ഷം രൂപയുടെ ആസ്തിയുള്ള ഈ ക്ഷേത്രം എങ്ങനെയെങ്കിലും മുതല്‍ക്കൂട്ടുക എന്ന ലകഷ്യവുമായി വളരെ ആസൂത്രിതമായാണ് ഈ ഹീന പ്രവൃത്തി ചെയ്തത്. പിന്നീട്, കമ്മ്യുണിസ്റ്റുകാരുടെ ഭരണം നടന്നിരുന്ന ജില്ലാ സഹകരണ ബാങ്കിലുള്ള ഈ ക്ഷേത്രത്തിന്റെ അക്കൗണ്ട്‌ മരവിപ്പിക്കക അടക്കമുള്ള തന്തക്കു പിറക്കായ്ക അവര്‍ കാണിച്ചു. ആദ്യമായി മലബാര്‍ ദേവസ്വം കമ്മീഷണര്‍ ഈ ക്ഷേത്രം ഏറ്റെടുക്കാന്‍ നടപടികള്‍ ആരംഭിച്ചു. അതിന്റെ മുന്നോടിയായി ഒരു മീറ്റിംഗ് വെക്കുകയും ചെയ്തു. പക്ഷെ ഭക്ത ജനങ്ങള്‍ ഇന്ന് നടപ്പിലുള്ള ഭരണം കൊണ്ട് സംതൃപ്തരായിരുന്നതിനാല്‍, അതില്‍ അമ്പലം വിട്ടു കൊടുക്കാന്‍ സാധിക്കുകയില്ല എന്ന വിവരം കമ്മീഷണറെ അറിയിക്കുകയും ചെയ്തു. ഇതിനെ അംഗീകരിച്ചു മടങ്ങിപ്പോകാന്‍ ഇടതുപക്ഷം നിയമിച്ച കമ്മീഷണര്‍ അദ്ദേഹത്തിനു കഴിയുമായിരുന്നില്ലല്ലോ. ഹൈന്ദവ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു ഹിന്ദുക്കള്‍ സംഘടിക്കുന്നതു തങ്ങളുടെ വൃത്തികെട്ട വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വിഘാതമായി കണക്കാക്കുന്നവര്‍ ആണല്ലോ ഇന്നും ഇന്നലെയും നമ്മളെ ഭരിച്ചിരുന്നവര്‍. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി കോടികള്‍ ചിലവാക്കി തീര്‍ഥാടന സൗകര്യം ഒരുക്കുമ്പോളും, നരകിച്ചും, അധികകൂലി കൊടുത്തും, സ്വന്തം ജീവന്‍ തന്നെ പണയം വെച്ചും ശബരിമലയിലേക്ക് കേറുന്ന ഹിന്ദു മറിച്ചൊന്നും പറയില്ലെന്നും, ഇടയലേഖനങ്ങള്‍ വഴിയും വെള്ളിയാഴ്ച പ്രസംഗങ്ങള്‍ വഴിയും തങ്ങള്‍ക്കെതിരെ വോട്ട് ചെയ്യിക്കാന്‍ ആരെ കൊണ്ടും സാധിക്കില്ല എന്ന ധാര്‍ഷ്ട്യം ആണ് അവരെ കൊണ്ട് വീണ്ടും വീണ്ടും ഇത് ചെയ്യിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങള്‍ നിര്‍ത്തലാക്കണം എന്നങ്ങു അറുത്തുമുറിച്ചു ഞാന്‍ പറയുന്നില്ല. പക്ഷെ ഭൂരിപക്ഷത്തിന്റെ ദുരിതങ്ങള്‍ കണ്ടില്ലെന്നു നടിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ രൂക്ഷമായാല്‍ അത്ഭുതപ്പെടാനില്ല.

വീണ്ടും തിരിച്ചു വരാം. പിന്നീടുള്ള ചര്‍ച്ചയില്‍ കാര്യങ്ങള്‍ കുറച്ചു കൂടി മയപ്പെടുത്തിക്കൊണ്ടായിരുന്നു പ്രതിനിധികളുടെ സംസാരം. അമ്പലത്തിന്റെ പേരിലുള്ള പണത്തില്‍ ഒരു ഓഹരി കൊടുക്കാന്‍ തയ്യാറായാല്‍ ഈ പൊല്ലാപ്പൊക്കെ ഒഴിവാക്കി തങ്ങള്‍ പൊയ്ക്കോളാം എന്ന് വരെ നാണംകെട്ട രീതിയില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കാന്‍ അവര്‍ ശ്രമിച്ചു എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞ വിവരം. അതിനു മാന്യവും ശക്തവുമായ മറുപടി കൊടുക്കാനുള്ള ആര്‍ജ്ജവം ഭക്ത പ്രതിനിധികള്‍ കാണിച്ചു, കാരണം, ഈ ധനം വന്നു ചേരുന്നതിനു മുന്‍പും അവര്‍ ഇവിടെ ഭക്തന്മാരായി ഉണ്ടായിരുന്നുവല്ലോ.

ചര്‍ച്ചയിലൂടെ സാധിക്കാത്തത് നേടേണ്ടത് എങ്ങിനെ എന്ന് നന്നായി നിശ്ചയമുള്ള ദേവസ്വക്കാര്‍ അടുത്ത നടപടിയായി പിടിച്ചെടുക്കാനുള്ള ഉത്തരവ് ഇറക്കി. ഈ നോട്ടീസ് അമ്പലത്തില്‍ പതിക്കാന്‍ വമ്പിച്ച പോലിസ് സന്നാഹവുമായി ദേവസ്വം ബോര്‍ഡിന്‍റെ വനിതാ പ്രതിനിധികള്‍ എത്തി. സ്ത്രീകളെ അണിനിരത്തി ഭക്തജനങ്ങളെ പ്രതിരോധത്തില്‍ ആക്കാനുള്ള ശ്രമം ആയിരുന്നു ഇത് എന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. പക്ഷെ വൃത്തികേടില്‍ ഏതറ്റം വരെയും ചുവപ്പന്മാര്‍ പോകും എന്നറിയാവുന്ന ഭക്തജനങ്ങള്‍ സ്ത്രീ പ്രാതിനിധ്യത്തോടെ തന്നെ ദേവസ്വക്കാരെ തടഞ്ഞു. പോലിസ് ഇടപെട്ടു. ഒട്ടു വളരെ സംസാരിച്ചും ഭീഷണിപ്പെടുത്തിയും അകത്തു കയറാന്‍ അവര്‍ ശ്രമിച്ചു. ഒരവസരത്തില്‍ ഒരു പൊട്ടിത്തെറിയുടെ വക്കു വരെ എത്തിയ ഈ സമരത്തില്‍ ഒടുവില്‍ പരാജിതരായി ദേവസ്വം പ്രതിനിധികള്‍ മടങ്ങിപ്പോയി. പക്ഷെ അന്ന് മറിച്ചെങ്ങാനും സംഭവിച്ചിരുന്നെങ്കില്‍, കാര്യങ്ങള്‍ ഇത്ര ലളിതമാകുമായിരുന്നില്ല. പത്തന്‍പതോളം വരുന്ന ഭക്തന്മാര്‍ ഇരുന്നൂറോളം വരുന്ന പോലീസുകാരെയാണ് തടുത്തു നിര്‍ത്തിയത്. അവര്‍ക്ക് കൈമുതലായി ഉണ്ടായിരുന്നത് ഹനുമാന്‍ സ്വാമിയിലുള്ള വിശ്വാസവും, അടങ്ങാത്ത ആത്മവീര്യവും മാത്രമായിരുന്നു. സഹിഷ്ണുവായ ഹിന്ദുവിന്റെ മുകളില്‍ ഇപ്പോഴും കുതിര കയറാം എന്ന അധികാരത്തിന്റെ ദംഭിനാണ് അന്ന് അടിയേറ്റത്.

അടുത്ത ദിവസം സമാധാനപരമായി കടന്നു പോയി.

മൂന്നാം ദിവസം, കളഞ്ഞു പോയ അഭിമാനം തിരിച്ചു പിടിക്കാന്‍ പ്രതിനിധികള്‍ കൂടുതല്‍ പോലീസ് സന്നാഹവുമായി സ്ഥലത്തെത്തി. കാര്യങ്ങള്‍ കൈവിട്ടു പോകും എന്ന് മുന്‍കൂട്ടി കണ്ട ഇതിന്റെ ഭാരവാഹികളും വേണ്ട മുന്‍കരുതല്‍ എടുത്തിരുന്നു. വാഹന വ്യൂഹം ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് തൊട്ടു മുന്‍പ്, മടങ്ങിപ്പോകാന്‍ അവര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു.

ഹൈന്ദവ സംഘടനകളുടെ സഹായത്തോടെ സമിതിക്കാര്‍ നടത്തിയ ഒരു അപ്രതീക്ഷിതമായ നീക്കമാണ് ഇതിനു വഴി തെളിച്ചത്. ദേവസ്വക്കാരുടെ വാഹനങ്ങള്‍ ഈ ക്ഷ്ത്രം പിടിച്ചെടുക്കാന്‍ പുറപ്പെട്ട അതെ സമയത്ത്, പാലക്കാട് ജില്ലയിലെ എട്ടു മലബാര്‍ ദേവസ്വം ബോര്‍ഡ്‌ ക്ഷേത്രങ്ങളുടെ ഓഫീസുകളിലേക്ക് ഭക്തജനങ്ങള്‍ കയറി, അവിടുത്തെ ദേവസ്വം ബോര്‍ഡ്‌ ഉദ്യോഗസ്ഥനെ പുറത്താക്കി. ഓഫീസി പൂട്ടി അവര്‍ പുറത്തിറങ്ങി. ഹനുമാന്‍ ക്ഷേത്രം ദേവസ്വം ബോര്‍ഡ്‌ കൈയേറിയാല്‍ ഇനി ഈ ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ ഭരിക്കും എന്ന് പ്രഖ്യാപിച്ചു, മണപ്പുള്ളിക്കാവ്, വടക്കന്തറ ക്ഷേത്രം, പാലപ്പുറം കാവ് തുടങ്ങിയ എട്ടു ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ സംഘടിച്ചു. ഉടന്‍ ഉന്നതങ്ങളിലേക്ക് വിളി പോയി. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയില്‍ തീരുമാനം ആകാത്ത വിഷയം അഞ്ചു പത്തു മിനുട്ടുകള്‍ക്കുള്ളില്‍ സാധിച്ചെടുക്കാന്‍ കഴിഞ്ഞു. ബാക്കി കോടതിയില്‍ കാണാം എന്ന ഭീഷനിയോടു കൂടി അവര്‍ സ്ഥലം കാലിയാക്കി........... ഭക്തജനങ്ങള്‍ക്ക്‌ ക്ഷേത്രം വിട്ടു കൊടുത്ത്, കമ്മീഷണര്‍ രംഗം ഒഴിഞ്ഞു.

ക്ഷേത്രപ്രവേശന സമരങ്ങളെക്കുറി ച്ചെല്ലാം കേട്ട് കേള്‍വി മാത്രമുള്ള ഈ തലമുറയ്ക്ക്, ഇത്തരത്തില്‍ ധീരമായ ഒരു സമരത്തെക്കുറിച്ച് അറിയാതിരിക്കാന്‍ ഇട വരരുത്. സ്വയം ഉണരുകയും, തന്റെ പൈതൃകം സംരക്ഷിക്കാന്‍ താന്‍ തന്നെ ആണ് ബാധ്യസ്ഥന്‍ എന്ന് തിരിച്ചറിയുകയും ചെയ്യുക എന്നതാണ് നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള പോംവഴി.....

അന്നതില്‍ പങ്കെടുത്തവര്‍ക്കാര്‍ക്കും വ്യക്തിപരമായ യാതൊരു ലക്ഷ്യങ്ങളും ഉണ്ടായിരുന്നില്ലെന്നറിയുക. ബലപ്രയോഗത്തിലൂടെ സമൂഹത്തിന്റെ പൊതു സ്വത്തുക്കള്‍ കൈക്കലാക്കാനുള്ള കുത്സിത ശ്രമം തടുക്കുക വഴി, ക്ഷേത്ര ഭരണം മാറി മാറി വരുന്ന ഉദരംഭരികളായ സര്‍ക്കാരുകള്‍ക്ക് കൈയേറി നശിപ്പിക്കാനുള്ളതല്ല, മറിച്ചു ഭക്തന്മാര്‍ നടത്തേണ്ടതാണെന്ന ശക്തമായ സന്ദേശമാണ് അവര്‍ നല്‍കിയത്. അവരുടെ ധീരമായ ഈ ത്യാഗത്തിനു മുന്‍പില്‍ ശിരസ്സ്‌ നമിക്കുന്നു.........

"ന കര്‍മ്മണാ ന പ്രജയാ ധനേന, ത്യാഗേനൈകേ അമൃതത്വം ആനശു" - കര്‍മ്മം കൊണ്ടോ, സന്താനങ്ങള്‍ കൊണ്ടോ, ധനം കൊണ്ടോ അല്ല, ത്യാഗം ഒന്ന് കൊണ്ട് മാത്രമാണ് അമൃതത്വത്തെ പ്രാപിക്കാന്‍ ആവുന്നത്..........

Image Courtsey - Google Search.

No comments:

Post a Comment