Wednesday, November 30, 2011

എന്തിനു വീണ്ടും?......

മലയാളിക്ക് ഉത്സവങ്ങള്‍ ആണ്ടറുതികള്‍ ആണ്.... ഓണം, വിഷു, തിരുവാതിര.....
ഇന്നോ.....എല്ലാം അര്‍ഥം നശിച്ച വെറും ആഘോഷങ്ങള്‍..... ചാനലിനും, ബിവറേജസിനും തീറെഴുതിയ ഒരു സുവര്‍ണ്ണ സാംസ്കാരിക പൈതൃകം........
-----------------------------------------

ഓടിയെത്തുവാന്‍ വെമ്പിടുന്നൊരു
നാടിനെ കുറിച്ചോര്‍ക്കയോ
ചേര്‍ത്തു നിന്നെ പുണരുവാന്‍ തിരു-
വാതിരക്കായ് കൊതിക്കയോ

മുണ്ടകന്‍ വിളയുന്ന പാടത്തിന്‍
അങ്ങതിര് തൊടും വരെ
ഓടിയെത്തിയ ബാല്യകാലത്തിന്‍
ഓര്‍മ്മയില്‍ നീ മുഴുകയോ

ആകെ മൂടും ധനുക്കുളിര്‍നിലാ-
വൂര്‍ന്നു വീണ വഴികളോ  
ആര്‍ത്തുപെയ്യുന്ന ഞാറ്റുവേലയോ
പേര്‍ത്തുമോര്‍ക്കുന്നിതിപ്പോഴും

പണ്ടു പാടിയ പൂപ്പൊലിപ്പാട്ടിന്‍
ഭംഗികള്‍ നീ  മറന്നുവോ
അന്തിയില്‍ തിരിയിട്ടു നില്‍ക്കുന്ന
വിണ്ടലം ഓര്‍മ്മയില്ലയോ

അന്ന് നട്ടൊരു പിച്ചകച്ചെടി
പൂവണിഞ്ഞതറിഞ്ഞുവോ
വള്ളി നിക്കര്‍ കുടുങ്ങിയ മുളം-
കാടുകള്‍ ഓര്‍ത്തിടുന്നുവോ

നിന്നുടെ കളിക്കൂട്ടുകാരിയായ്
കൂടെ വന്നവളെങ്ങുപോയ്‌
കാച്ചിയെണ്ണ മണത്തിടുന്നൊരു
ബാല്യകാമുകിയെങ്ങുപോയ്‌

നൃത്തമാടിയ ആലിലകളും
ആല്‍ത്തറയും തൊടികളും
അമ്പലമണി നാദവും സ്നേഹ-
മന്ത്രണങ്ങളും തീര്‍ന്നുവോ

വാനമാകെ നിറഞ്ഞ വാര്‍മഴ-
വില്ലു കാണുവാനില്ലയോ
പൂട്ടിയ പാടമാകവേ വന്നു
കൂടും കൊറ്റികള്‍ എങ്ങു പോയ്‌

പാല പൂത്തു കുളിര്‍ മണം ചുര-
ന്നോരു കാവുകള്‍ ഓര്‍പ്പതോ
നീലരാവിന്‍ പുടവ നെയ്യുന്ന
പാര്‍വ്വണം പാര്‍ത്തിരിക്കയോ

വാര്‍ന്നൊഴിഞ്ഞു കഴിഞ്ഞു നന്‍മ തന്‍
പൂര്‍ണ്ണചന്ദ്ര പ്രഭകളും
തീര്‍ന്നു പോയിരിക്കുന്നു നീയിന്നു
കാണും ഓര്‍മ്മപ്പടങ്ങളും

നീ കിനാവില്‍ കുറിച്ചു വെച്ചൊരാ
നീള്‍മിഴികള്‍ പറന്നു പോയ്‌
നാഡിയില്‍ തുടിക്കുന്ന താളത്തിന്‍
ചൂട് പണ്ടേ ഉറഞ്ഞു പോയ്‌

ഓര്‍മ്മയില്‍ ചിരിക്കുന്ന നാടിന്റെ
സ്ഫൂര്‍ത്തിയാകെ കൊഴിഞ്ഞു പോയ്‌
ആ കിനാവില്‍ വിരിഞ്ഞു വന്നീടു-
മാ മലയാണ്മയറ്റു പോയ്‌

പിന്നെയും ഉരുളും ഋതുക്കളില്‍
വന്നു കൂടുന്നിതിപ്പോഴും
എന്തിനെന്നറിയാതെ പിന്നെയും
വീണ്ടും ആണ്ടിന്നറുതികള്‍

മഞ്ഞു തുള്ളികള്‍ പുഞ്ചിരിക്കുന്ന
പൊന്‍ പ്രഭാതമില്ലാതെ ഹാ!
എന്തിനിന്നു പിടഞ്ഞെണീക്കുന്നു
എന്റെ ആതിരമാസമേ

മണ്ണിന്‍ ഊഷ്മള ഗന്ധമില്ലാതെ
പൊന്‍വെയില്‍ പരത്താതെയും
നീയിതെന്തിനു പിന്നെയും വന്നു
ഊയലിട്ടു പൊന്നോണമേ

മാടിയെന്നെ വിളിക്കുവാനൊരു
മാന്തളിര്‍ വെച്ചിടാതെ നീ
എന്തിനിങ്ങനെ വന്നു പിന്നെയും
എന്നുടെ വിഷുക്കാലമേ  

2 comments:

  1. മലയാളിക്ക് ഉത്സവങ്ങള്‍ ആണ്ടറുതികള്‍ ആണ്.... ഓണം, വിഷു, തിരുവാതിര.....ഇന്നോ.....എല്ലാം അര്‍ഥം നശിച്ച വെറും ആഘോഷങ്ങള്‍..... ചാനലിനും, ബിവറേജസിനും തീറെഴുതിയ ഒരു സുവര്‍ണ്ണ സാംസ്കാരിക പൈതൃകം........
    -----------------------------------------
    വല്ലാത്ത ഒരു മാറ്റം ആണത്. മനസ്സെങ്കിലും മാറാതെ നില്‍ക്കുന്നുണ്ടല്ലോ. അതു മതി. ഈണത്തില്‍ ചൊല്ലാന്‍ 
    പറ്റുന്ന കവിത.

    ReplyDelete