Tuesday, November 15, 2011

അവസാന പലകയില്‍ കുറിച്ചവ........

അമ്ലങ്ങള്‍ കോരിയൊഴിച്ചു
കരിഞ്ഞു പോയ
ആമാശയ ഭിത്തികളില്‍
നിങ്ങള്‍ ഇത് കാണും

നിറം മങ്ങിയ
കരി പിടിച്ച
അടുക്കളച്ചുമരുകള്‍ക്കുള്ളിലെ
തളച്ചിടപ്പെട്ട സ്വപ്നങ്ങളുടെ
നിശ്വാസങ്ങളില്‍  നിങ്ങള്‍ ഇത് കാണും

വെയിലിന്റെ പൊള്ളലില്‍
നാടിന്റെ തണല്‍
കിനാവ്‌ കാണുന്ന
മരുഭൂമിയുടെ പകല്‍ക്കിനാവുകള്‍ക്കിടയില്‍
നിങ്ങള്‍ ഇത് കാണും

ഒറ്റപ്പെട്ട പീടികത്തിണ്ണകളിലെ
കീറച്ചാക്ക് തുണിക്കകം 
തണുത്തു വിറയ്ക്കുന്ന
ശരീരങ്ങളില്‍
 ഇത് കുറിച്ചിട്ടതായി കാണും

കാലം ഓടിത്തോല്‍പ്പിച്ച
നരമുടിയിഴകളില്‍,
ശീലം പാടിയുറക്കിയ
വഴിവക്കിലെ കുടിയനില്‍,
നീലസാഗരം തേടിയ
നഷ്ടപ്രണയങ്ങളില്‍,
ഉള്‍വലിഞ്ഞ മനസ്സിന്റെ
വികൃതികളില്‍,
വഴിവക്കില്‍ സ്വയം മറന്നു പാടുന്ന
ബാവുള്‍ ഗായകനില്‍
നിങ്ങള്‍ വീണ്ടും വീണ്ടും ഇത് കാണും.

എന്റെ ഹൃദയത്തിന്റെ
അവസാനത്തിലുള്ള
പലകയുടെ മേല്‍ കുറിച്ചു വെച്ച വരികള്‍....  
തിരസ്കൃതന്റെ വേദന്തമാണ്
എന്റെ കവിത

No comments:

Post a Comment