Wednesday, November 2, 2011

പുഞ്ചിരി

ഒടുവിലൊരു പുഞ്ചിരി.

കഴുമരം കൈ നീട്ടി എന്നെ വിളിക്കവേ
നിഴല്‍ നാടകം തീര്‍ന്നു തിരശ്ശീലയില്‍
പഴയ ചെളിയും
മാറാലയും വീണ്ടും തെളിയവെ

പഴയ മരവീപ്പയില്‍
നുരഞ്ഞു പൊന്തുന്നിതാ
ഹൃദയരക്തം വാറ്റി
ഞാന്‍ തീര്‍ത്ത വാക്കുകള്‍.

മരണമൊന്നേ സത്യ-
മരുളുന്നു
ജീവിതം ഒരു യുഗാന്ത്യത്തോളം
ജീവിച്ചു തീര്‍ത്തവന്‍
മിഴിനീരിന്‍ ഉറവ വറ്റിക്കുവാന്‍
പ്രണയസ്വപ്നങ്ങളെ
ഉയിരോടെ,
എരിതീയില്‍ ഹോമിച്ചു തീര്‍ത്തവന്‍.

ഒടുവില്‍,
കൈ വീശിയാ കാലവും
കാമവും
കദനമായ് ഉള്ളില്‍
കരിങ്കടല്‍ തീര്‍ക്കവെ.
വിറയറ്റ കൈകളാല്‍
കയറിന്‍ 
തലപ്പിലൊരു ചെറിയ വൃത്താകാരം,
നിലയറ്റ മനസ്സില്‍
ഒരു താരക സാന്ത്വനം,
നിറമിട്ട നിന്‍ കൈയില്‍
കല്യാണസമ്മാനം,
മൊഴിയറ്റ കൂട്ടുകാര്‍ക്കൊരു
ഹ്രസ്വ ചുംബനം,
നെറികെട്ട ലോകത്തി-
നൊടുവിലൊരു പുഞ്ചിരി..........

2 comments:

  1. പഴയ മരവീപ്പയില്‍
    നുരഞ്ഞു പൊന്തുന്നിതാ
    ഹൃദയരക്തം വാറ്റി
    ഞാന്‍ തീര്‍ത്ത വാക്കുകള്‍.

    ചങ്ങമ്പുഴ കവിതകളെ ഓര്‍മ്മിപ്പിക്കുന്ന വരികള്‍. ഒരുപാട് ഇഷ്ടപ്പെട്ടു.

    ReplyDelete