Thursday, October 27, 2011

കുറ്റിപ്പുറം പാലം

പ്രണയം വീണ്ടും വീണ്ടും തല കുനിക്കുന്നത് വഞ്ചനയുടെ തേള്‍വാലില്‍ നിന്നു വിഷക്കുത്ത് ഏല്‍ക്കുമ്പോളാണ്. നാണം കെടുത്തുന്ന നാടകങ്ങളില്‍ ഒടുവിലത്തേത് കുറ്റിപ്പുറത്ത് വന്നിറങ്ങുന്ന മൊബൈല്‍ പ്രണയ നായികമാരുടെ കഥയാണ്‌....
 *******************************
പാലത്തിന്നൊരു കര മാത്രം,
അതില്‍ മറുകര കാണാന്‍ പോയവരെല്ലാം
പുഴവെള്ളത്തിന്‍ കലങ്ങി മറിച്ചിലില്‍
പ്രിയനെ കാണാതലറി  വിളിച്ചും,
നിശ്ശബ്ദം സ്വയമുരുകിയൊലിച്ചും,
കണ്‍ കടയും വരെ തേടി നടന്നും,
ഇരുള്‍ മൂടുമ്പോള്‍ വഞ്ചന തന്‍ മുഖ-
മറിയുമ്പോള്‍, പലരരികില്‍ വന്നു
ശരീരത്തിന്‍ വില പറയുമ്പോള്‍,
ഇരുളിനടക്കം പറയലിലാകെ 
പേടിച്ചാകെ നടുങ്ങി, പതിയെ
താഴ്ന്ന തളര്‍ന്ന മുഖങ്ങളൊടിപ്പോഴും
തിരികെ പോകാന്‍ തുനിയുന്നേരം,
കാത്തു തളര്‍ന്നു കരിഞ്ഞ കിനാവുകള്‍
ഈ പുഴവക്കിലടക്കം ചെയ്തും,
തിരുനാവായയില്‍ ബലിയിട്ടും,
കൈകൊട്ടി കാണാക്കാമുകനെ ഒരു
കാക്കയില്‍ സങ്കല്പ്പിച്ചൂട്ടിയു-
മൊരു നാടിന്‍ നിഴലുകള്‍ പോലും തന്നെ
കൂകി വിളിച്ചും, ആര്‍ത്തു ചിരിച്ചും
പരിഹാസത്തൊടു ചുണ്ടു കടിച്ചും
യാത്ര പറഞ്ഞീടുമ്പോള്‍, കണ്‍കളില്‍
ഉരുകും കണ്ണീര്‍ ചൊല്ലീടുന്നൊരു
ചോര മണക്കും പ്രേമത്തിന്‍ കഥ.....

കെട്ടിയ മഞ്ഞച്ചരടും പൊട്ടി-
ച്ചൊത്തിരി ദൂരം പോയവര്‍, സ്കൂളില്‍
ഇന്റെര്‍വെല്ലിനു വെളിയില്‍ ചാടി
വണ്ടി പിടിച്ചു വരുന്നവര്‍, സ്വപ്നം
പൂക്കാന്‍ വേണ്ടി പാലത്തിന്‍ കര
പൂകിയവര്‍, പ്രിയമെല്ലാം വിട്ടു,
കിനാക്കള്‍ വിറ്റു, പെറ്റവരെ, തന്‍
കണവനെ വിട്ടൊരു, മധുര മനോജ്ഞ
ജീവിത സ്വപ്നം പൂവണിയാനായ്
ഇവിടെ വണ്ടിയില്‍ എത്തിയവര്‍
പ്രിയ കാമുകനെവിടെ, കാമുകനെവിടെ?
തേടി നടന്നും, മൊബൈലില്‍ വിളിച്ചും
നിരാശയില്‍ മുങ്ങിത്താണവര്‍, ഇടയില്‍
ഭ്രാന്തു കണക്കെ പുലമ്പി വിളിച്ചും,
ഭയമോടെ സ്വയം ഉള്ളു വലിഞ്ഞും,
ഇനിയെന്തെന്നറിയാതെ വലഞ്ഞും,
ക്രൂരം വാക്കാല്‍ മുറിവേറ്റും, പല
കണ്ണുകളാല്‍ പീഡനമേറ്റും, സ്വയം
ചെയ്തതില്‍ പശ്ചാത്താപത്തോടെ
വന്ന വഴിക്ക് മടങ്ങീടുന്നു.......

പാലത്തിന്നൊരു കര മാത്രം!
മറുകരയില്‍ ഏതോ മൊബൈലില്‍ വീണ്ടും
ഒരു കിളിനാദം, ഒരു മധുഗാനം
ഒരു പ്രണയത്തിന്‍ കുളിരും കാറ്റും........

No comments:

Post a Comment