Monday, October 10, 2011

കേരളത്തിലെ കാറ്റിനോട്.........


മലയാളപ്പൂങ്കാവനിയിലെ
ലളിതകലാസരിതേ പറയൂ
ഗുരുവായൂരമ്പല നടയില്‍
തൊഴുതു വരും കാറ്റേ ചൊല്ലൂ

എന്തൊക്കെ നിറങ്ങള്‍ കണ്ടൂ
എന്തൊക്കെ മണങ്ങള്‍ കൊണ്ടൂ
ഏതൊക്കെ ഇടവഴി താണ്ടി
ഏതെല്ലാം പുകമറ താണ്ടി
ഏതെല്ലാം ആറ്റിലിറങ്ങി
മുങ്ങാംകുളി ഇട്ടു കുളിച്ചു
ഏതെല്ലാം കാവുകളില്‍പ്പോയ്
മഞ്ഞള്‍ക്കുറി ചേലില്‍ വരച്ചു

പോന്നരളിപ്പൂവുകള്‍ പൂക്കും
ഏതെല്ലാം തൊടിയില്‍ത്തങ്ങി
കണ്ണാന്തളി പൂക്കും മുറ്റ-
ത്തെന്തെല്ലാം പൂക്കളമിട്ടു
നീരാടി വരും കര്‍ക്കിടക-
പ്പുലരിക്കൊരു ഉമ്മ കൊടുത്തോ
മകരത്തിന്‍ മഞ്ഞില്‍ ശരണം
ഹൃദയത്താല്‍ ഏറ്റു വിളിച്ചോ

മീനക്കൊടുവെയിലില്‍ നീയും
നീര്‍പ്പന്തല്‍ തേടി നടന്നോ
അരയാലിന്‍ ഇലകളെ വെറുതെ
ഇക്കിളിയിട്ടോടി മറഞ്ഞോ?
പാടത്തിന്‍ കരയില്‍ വരമ്പില്‍
വെയില്‍ കായാന്‍ വെറുതെയിരുന്നോ
മാടത്തക്കിളിയുടെ കൂട്ടില്‍
ചൂടിന്നായ് കൂട്ട് കിടന്നോ

 മന്ദാരക്കൊമ്പില്‍ മഞ്ഞിന്‍
കണികകളെ തൊട്ടു തലോടി
ഭൂപാളം പാടിയുണര്‍ത്തി
ചേലില്‍ നീ കവിളില്‍ തൊട്ടോ
നിലവില്‍ നീ വീണു ചിരിച്ചോ
തെച്ചിപ്പൂന്തേനു കുടിച്ചോ
മഴയില്‍ നീ തേച്ചു കുളിച്ചോ
പുഴയില്‍ നീരാടി മദിച്ചോ

കഥകളിയുടെ മുദ്ര വരച്ചോ
പഞ്ചാരികള്‍ കേട്ടു സുഖിച്ചോ
വഞ്ചിപ്പാട്ടിന്‍ താളത്തില്‍
കായലില്‍ നീ നൃത്തം വെച്ചോ
പാണന്റെ പാട്ട് പഠിച്ചോ
പഴമയുടെ പാല് കുടിച്ചോ
യക്ഷിപ്പാലകളുടെ തണലില്‍
ഗതകാലത്തെ കുടിവെച്ചോ  

പാട്ടുകള്‍ ഏതെല്ലാം കേട്ടു
സന്ധ്യകള്‍ ഏതെല്ലാം കണ്ടു
ഉദയാസ്തമനത്തിനുമപ്പുറം
സത്യത്തെ എങ്ങു തിരഞ്ഞു
കേരളഗാനത്തിന്‍ അനുപമ
സൌന്ദര്യം എത്ര നുകര്‍ന്നു
മലയാളക്കരയുടെ മാറില്‍
ഏതെല്ലാം മുത്തുകള്‍ കണ്ടു

മലയാളപ്പൂങ്കാവനിയിലെ
ലളിതകലാസരിതേ പറയൂ
ഗുരുവായൂരമ്പല നടയില്‍
തൊഴുതു വരും കാറ്റേ ചൊല്ലൂ

6 comments:

  1. "എന്തൊക്കെ നിറങ്ങള്‍ കണ്ടൂ
    എന്തൊക്കെ മണങ്ങള്‍ കൊണ്ടൂ
    ഏതൊക്കെ ഇടവഴി താണ്ടി"

    ദിലീപ് ഒരു വേള..പലതും ഓർത്തു പോയി.. തനിച്ചിരുന്ന് ഓർത്തെടുക്കുമ്പോൾ നഷ്ടപ്പെടുന്നതിനെല്ലാം വല്ലാത്ത സൗന്ദര്യമാണെന്ന് തോന്നുന്നു...

    ReplyDelete
  2. Athe..... Sherikkum...So enjoy what ever you have now rather than waiting for it to be lost.... :)

    ReplyDelete
  3. nice work!
    welcome to my blog
    nilaambari.blogspot.com
    if u like it join and support me

    ReplyDelete
  4. ഈണത്തില്‍ ചൊല്ലാന്‍ പറ്റുന്ന കവിത. നല്ല വരികളും. ഏറെ ഇഷ്ടപ്പെട്ടു.

    ReplyDelete