Monday, October 3, 2011

അനാമിക

കുറെ നാളുകള്‍ക്കു മുന്‍പ് എഴുതി തുടങ്ങിയതാണ്. അവസാനിച്ചത്‌ ഇന്ന്, ഇങ്ങിനെ....

*************************************************

"ഒരു പതിനായിരമാദിതേയരൊന്നായ്‌ വരുവതു പോലെ വരും വിവേക വൃത്തി
ഉയിരിനെ മൂടും അനിത്യമായയാമീ ഇരുളിനെ ഈര്‍ന്നെഴും ആദി സൂര്യനത്രേ........"

ഹര്‍ഷന്റെ ശരീരം ഒന്ന് പുളകം കൊണ്ടു............... ഗുരുവിന്റെ വാക്കിനു എന്തൊരു കനമാണ്......അയാള്‍ ഓര്‍ത്തു....ആത്മോപദേശശതകം വായിക്കാന്‍ തുടങ്ങുമ്പോള്‍ ഇത്ര അനുഭൂതി ഉണ്ടാകും എന്ന് കരുതിയിരുന്നില്ല.......ഓരോ വാക്കും ഉയിരിന്റെ ആഴങ്ങളില്‍ നിനും പറിച്ചെടുത്ത് വെച്ച പോലെ....അയാള്‍ കണ്ണടച്ചു. "ദിവിസൂര്യസഹസ്രസ്യ ഭവേദ് യുഗപദുദ്ധിതാഃ" - ഗീത പറഞ്ഞതും ഇത് തന്നെ......

പുസ്തകം മടക്കി ഹര്‍ഷന്‍ നമസ്ക്കരിച്ചെഴുന്നേറ്റു. "ഹര്ഷേട്ടാ..... പൂവാറായി ട്ടോ... ഞാന്‍ ഒരുങ്ങി...ഈ ഹര്ഷേട്ടനാ പെണ്ണുങ്ങള്‍ടെ പോലെ...എത്ര നേരം വേണം ഒന്ന് റെഡി ആയിക്കിട്ടാന്‍....വേഗം...എനിക്ക് നേരം വൈകുന്നു....."

"ആ വരാം...."ഹര്‍ഷന്‍ ഉറക്കെ പറഞ്ഞു.."ഒന്ന് സ്വസ്ഥായി പ്രാര്‍ഥിക്കാനും സമ്മതിക്കില്യേ....അത്ര ധൃതി ഇണ്ട്ച്ചാ അങ്കട് തന്നന്നെ പോവരുതേ........" ഇഡലി കഴിക്കുന്നതിനിടയില്‍ അയാള്‍ ചോദിച്ചു.....

"എന്നെ കൊണ്ടൊന്നും പറയിക്കണ്ടാ ട്ടോ......"മുടി ചീകിക്കൊണ്ട് അനുരാധ അടുത്ത് വന്നിരുന്നു....."അത്ര പ്രാര്‍ഥിക്കാന്‍ മോഹള്ളോരേയ് ഏഴു മണിക്കല്ല ണീക്ക്യ..." ചുണ്ട് കോട്ടി കൊണ്ടു അവള്‍ പറഞ്ഞു... ഹര്‍ഷന്‍ ഒന്നും മിണ്ടിയില്ല.
------------------------------

ഉച്ചക്ക് തന്റെ ട്രാന്‍സ്ഫര്‍ പ്രമാണിച്ചുള്ള സദ്യ കഴിഞ്ഞു അല്‍പ നേരം വിശ്രമിക്കുമ്പോള്‍ ഹര്‍ഷന്‍ ഓര്‍ത്തു. അവള്‍ പറഞ്ഞതും ശരിയാണ്.

എന്തൊക്കെ പുസ്തകങ്ങള്‍ വായിച്ചാലും അതൊന്നും അനുഭവത്തിലേക്ക് വരുന്നില്ല.....അതൊക്കെ ഓര്‍ത്തു രോമാഞ്ചം കൊള്ളുക എന്നതില്‍ കവിഞ്ഞു, അനുഭൂതി തലത്തില്‍ അവ ഒന്നും പ്രാവര്‍ത്തികം ആയിക്കണ്ടിട്ടില്ല...തന്റെ ജീവിതം അതിനു പാകം വന്നിട്ടില്ല എന്ന് വിചാരിച്ചു അയാള്‍ സമാധാനിക്കും..... ഇടയ്ക്കിടയ്ക്ക് വേണ്ടാത്ത പല വിചാരങ്ങളും അയാളെ ശ്വാസം മുട്ടിക്കും, അവയില്‍ നിന്നു പുറത്തു കടക്കാന്‍ ആകാതെ അയാള്‍ നിലവിളിക്കും.....ഏതൊരു സാധാരണ മനുഷ്യനെയും പോലെ, ഓഫീസിലെ സുന്ദരിമാരെ കാണുമ്പോള്‍ അയാളും നോക്കിപ്പോകും, ദ്വയാര്‍ത്ഥ പ്രയോഗമുള്ള തമാശകള്‍ അയാളും ആസ്വദിക്കും.......പക്ഷെ ഉള്ളിന്റെ ഉള്ളില്‍ ഓരോ നീറ്റല്‍ അവശേഷിപ്പിച്ചേ അവയൊക്കെയും കടന്നു പോകാറുള്ളു.
എല്ലാറ്റിലും ഉപരിയായി, മറ്റുള്ളവരെ പോലെ അയാളും കൈക്കൂലി വാങ്ങിക്കും. കനം നോക്കില്ല, എണ്ണി നോക്കില്ല.പക്ഷെ വാങ്ങിക്കും....
"ഹര്‍ഷന്‍ സാര്‍ ഇങ്ങനെ കുറിയൊക്കെ തൊട്ടു വരണ കണ്ടാ പറയോ നമ്മടെ കൂട്ടത്തില്‍ ഉള്ളതാണെന്ന്" പണ്ടൊരിക്കല്‍ ഓഫീസില്‍ കേട്ടതാണ്. ഹര്‍ഷന്‍ ആകെ ചൂളിപ്പോയി...
"അതങ്ങിനാ സാറേ.... കള്ളന്മാരൊക്കെ വലിയ ഭക്തന്മാരാകും....പനൊരു മുഖ്യനൊണ്ടാര്ന്നല്ലോ എല്ലാ മാസവും ഗുരുവായൂര്‍ പോകുന്നതായിട്ടു..... ഹ ഹ ഹ" എല്ലാവരുടെയും ഒപ്പം ഹര്‍ഷനും ചിരിച്ചു..
"ജീവിച്ചു പോകണ്ടേ സാറേ...." ഹര്‍ഷന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു...

പണ്ട് ഒരു സഹപ്രവര്‍ത്തക തന്റെ കൈ നോക്കി ചോദിച്ചത് അയാള്‍ ഓര്‍ത്തു "യു ആര്‍ ഹാവിംഗ് എ ലോട്ട് ഓഫ് ഡൈലമ, റൈറ്റ്?"..അന്നയാള്‍ ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു. "ഡോണ്ട് സേ എ ലോട്ട്, ഐ ആം ദി ഡൈലമ......"

ഈ വൈരുദ്ധ്യം തന്നെ ആണോ തന്നെ ജീവിപ്പിച്ചു നിര്‍ത്തുന്നത് എന്ന് പോലും അയാള്‍ സംശയിച്ചു.....ഒരിക്കലും തനിക്ക് ഈ പറഞ്ഞ ആധ്യാത്മിക രഹസ്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയില്ല എന്ന് അയാള്‍ ഉറച്ചു വിശ്വസിച്ചു....പക്ഷെ അത് അയാളെ തന്റെ ദിനചര്യയില്‍ നിന്നും പിന്തിരിപ്പിച്ചില്ല.............

അയാള്‍ ഒന്ന് നിശ്വസിച്ചു..........

രാവിലെ ഏഴു മണി വരെ കിടന്നുറങ്ങാറുണ്ട് താന്‍...പക്ഷെ ആരും അന്വേഷിച്ചിട്ടില്ല അതെന്തു കൊണ്ടാണെന്ന്.....
--------------------------------------------------

"ഇന്നും ഇണ്ടാര്‍ന്നു....." ആ ചെറിയ കുട്ടി ഓടി അദ്ദേഹത്തിന്‍റെ മുന്‍പില്‍ ചെന്ന് നിന്നു.

"ഈശ്വരാ............എന്നെ ഇങ്ങനെ പരീക്ഷിക്കരുതേ.....എവടെ കാണട്ടെ??"
അവന്‍ തന്റെ കൈയിലെ പൊതി നീട്ടി.... അദ്ദേഹം തന്റെ വിറയാര്‍ന്ന കൈ കൊണ്ട് അതെടുത്തു നോക്കി. കാഷായത്തില്‍ പൊതിഞ്ഞ ആ ശരീരത്തില്‍ ഒരു വിദ്യുത്സ്ഫുലിംഗം പാഞ്ഞു. അഞ്ഞൂറിന്റെ ഒരു കെട്ടും ഒരെഴുത്തും... മേല്‍ വസ്ത്രത്തിന്റെ തല ശരിക്കിട്ടു അദ്ദേഹം തന്റെ കണ്ണട ശരിയാക്കി.......
"സ്വാമിജീ....
ആശ്രമത്തിന്റെ നിദാന ചിലവിലേക്ക്‌ ഈ മാസത്തെ എന്റെ സംഭാവന...... ഇപ്പോള്‍ കാര്യങ്ങള്‍ ഏതാണ്ട് ഭംഗിയായി വരുന്നുണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നു.... കൂടാതെ ഞാനും ഈ ഇടം വിട്ടു പോവുകയാണ്. അതിനാല്‍ ഇനി മുതല്‍  എന്റെ ഈ സേവനം ഉണ്ടാകുന്നതല്ല.... ഇനി മുതല്‍ ആരാണ് രാത്രി വന്നു ആശ്രമ പരിസരം വൃത്തിയാക്കുന്നത് എന്നറിയാന്‍ അങ്ങ് ഉറക്കം ഒഴിക്കണം എന്നില്ല...:). ഞാന്‍ എന്റെ ധര്‍മം നിറവേറ്റി എന്ന് മാത്രം... ഹീനമായ ധനത്തെ അങ്ങയുടെ കൈയിലിരിക്കുന ഈ സംഭാവനയാലും, മനസ്സിനെ ആശ്രമത്തിന്റെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നത് വഴിയും ഉദാത്തമാക്കാന്‍ ഉള്ള ശ്രമം മാത്രം....
പുതിയ സ്ഥലത്ത് ഒരു അനാഥാശ്രമം ഉണ്ടെന്നു കേട്ടു..... ഇനി അവിടെ ആകാം ഭഗവദ്സേവ എന്ന് കരുതുന്നു...
ഈശ്വര സേവയില്‍.....
സുജനദാസന്‍ "
"പ്രഭോ....ആരായിരുന്നാലും, ഇയാളെ കാത്തോളണേ....."
----------------------------------------------- 
പുലരി പൊന്നിന്‍ തുടുപ്പുമായി വാതില്‍ക്കല്‍ എത്തി നോക്കി......"മണി ഏഴായി...." ആത്മഗതം ചെയ്തു കൊണ്ട് ഹര്‍ഷന്‍ എഴുന്നേറ്റു....
"ഇബടെ വന്നലെങ്കിലും നേര്യാവും ന്നു വിചാരിച്ചു....ഇപ്പളും ണീക്കാന്‍ ഏഴു മണ്യെന്നെ ...." അനുരാധ അടുക്കളയില്‍ നിന്നു വിളിച്ചു പറഞ്ഞു.
"നായിന്റെ വാല് നീര്‍ത്താന്‍ നോക്കണ്ട ന്റെ രാധേ........." ഹര്‍ഷന്‍ ചിരിച്ചു കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു. പുറത്തു കുരുവിക്കൂട്ടങ്ങള്‍ നന്മയുടെ ഭജനം തുടര്‍ന്നു.............

No comments:

Post a Comment