Thursday, September 29, 2011

പിടിച്ചെണീപ്പിക്കുമോ??

നിലക്കാത്ത സ്നേഹ
പ്രവാഹവേഗങ്ങളില്‍
വിടരുകയാണെന്റെ
പ്രാണന്റെ താമര
ഇടറി ഞാന്‍ വീഴുമോ
പേടിയുണ്ടിപ്പൊഴും
പറയു നീ എന്‍ കൈ
പിടിച്ചെണീപ്പിക്കുമോ

മിഴികളില്‍ അഞ്ജനം
ചേര്‍ത്തു പുരട്ടിയ
അനുരാഗമെന്നില്‍
പടര്‍ന്നു പിടിക്കവേ
 അരികില്‍ നീ ഇല്ലെങ്കി-
ലെന്തെന്റെ ഉള്ളില്‍ നിന്‍
വിടരുന്ന കണ്ണിന്‍ 
ഒളി പെയ്തു തോര്‍ന്നിടും

പഴയൊരു പ്രേമ ഗാ-
നത്തിന്റെ ഈരടി
വെറുതെയിന്നാരോ
മൂളുന്നത് കേള്‍ക്കവേ
വെറുതെ നിന്‍ ചുണ്ടില്‍
വിരിഞ്ഞൊരു പുഞ്ചിരി
നിറയുകയാണെന്റെ
ഉള്ളില്‍ ശ്രീരാഗമായ്

അതിലോലമാമെന്‍
മനസ്സിന്റെ തന്ത്രിയില്‍
പുതിയൊരു ഗാനത്തിന്‍
പല്ലവി മീട്ടവേ
ചിതറിയോ ചിന്നി-
ത്തെറിച്ചെന്റെ കണ്‍കളില്‍
മധുമതിയേന്തും
കിനാവിന്‍ നിലാക്കുളിര്‍

പകുതി വിടര്‍ന്ന നിന്‍
കണ്‍കള്‍ കലങ്ങവേ
ഇനിയും നെഞ്ചോടു
ചേര്‍ത്തീടാന്‍ കൊതിക്കവേ
പിരിയുന്നൊരീ വേള
നിന്‍ മുഖം ചേര്‍ത്തു നിന്‍
അധരത്തില്‍ സ്നേഹ
മധുരം പകരവേ

ഇനിയെന്നു കാണുമെ-
ന്നറിയാതെ ചോദിപ്പു
മൃദുവായി എന്നോട്
തന്നെയെന്‍ മാനസം
ഇനിയെന്നു നീയെന്റെ
ജീവനില്‍ പൂവിടും
മധുരമായ് ചോദിപ്പു
പ്രാണന്റെ വേദന

ഇനിയും പ്രതീക്ഷ തന്‍
തേരുകളേരി  ഹാ
കിനിയുകയാണു
സ്വപ്നത്തിന്‍ മദജലം
ഇടറി ഞാന്‍ വീഴുമോ
പേടിയുണ്ടിപ്പൊഴും
പറയു നീ എന്‍ കൈ
പിടിച്ചെണീപ്പിക്കുമോ??

No comments:

Post a Comment