Monday, September 19, 2011

ശലഭപ്രണയം

ഓ അന്ന.......
നീ ഇപ്പോഴും  സുന്ദരി തന്നെ

നിന്റെ അധരങ്ങളുടെ
സൌന്ദര്യം
ഇനിയും അത് പോലെ തന്നെ.
നാണത്തിനാല്‍ നിന്റെ കവിള്‍
കൂടുതല്‍ തുടുത്തിരിക്കുന്നു .
നിന്നെ കുറിച്ച് ഇനിയും ഒരു ആയിരം
കവിതയെഴുതാം
എന്നെനിക്കു തോന്നുന്നു.

പക്ഷെ,
നീ ഇന്നെന്റെ അല്ലല്ലോ.........      

ഓ അന്ന.........
നീ ചിത്രശലഭങ്ങളുടെ
ചിറകുകള്‍ തുന്നിയ കുപ്പായം
അണിയാന്‍ തുടങ്ങിയത് എന്ന് മുതലായിരുന്നു?
അന്ന് മുതലാണ്‌
നീ എന്നില്‍ നിന്നോ
ഞാന്‍ നിന്നില്‍ നിന്നോ
അകന്നു തുടങ്ങിയത്...........

അല്ല,
നമ്മള്‍ നമ്മില്‍ നിന്നും
അകന്നു തുടങ്ങിയത്

ഇനി പള്ളിയില്‍ മണികള്‍ മുഴങ്ങും,
ആഹ്ലാദ സൂചകമായി
ആള്‍ക്കാര്‍ കൈയടിക്കും, 
നിന്റെ വരന്റെ കൈ പിടിച്ചു
പുഷ്പാലന്കൃതമായ
നടവഴിപ്പാതയിലൂടെ
നീ പുറത്തേക്കിറങ്ങി വരും....

അപ്പോള്‍,
വഴിയിലെ ഒരു
റോസാപ്പൂവിന്മേല്‍
നീ കാണാതെ,
ആരും കാണാതെ,
ഞാന്‍ എന്ന ഈ 
ചിത്രശലഭം
ഒളിച്ചിരുന്നു കരയും...

 ആ പുഷ്പം കാണുന്നവര്‍
എന്റെ തുളുമ്പുന്ന കണ്ണുനീര്‍
പനിനീരാണെന്ന് പറയും......... 

അപ്പോഴും അന്ന,
നീ സുന്ദരിയായിരിക്കും.............

No comments:

Post a Comment