മതി, മറിക്കുക
ഈ താള്‍, ഇനി വെറും
കവിത വായിച്ചു ജീവന്‍ കഴിക്കണോ?
പുതിയ വിജ്ഞാന ഭാണ്ടാഗരങ്ങളില്‍
പരതി നോക്കുക വായനക്കാര നീ.........
വെറുതെയോര്‍ക്കുന്നു പണ്ടുത്തരേന്ത്യയില്‍
പെരുവഴി വക്കില്‍ വീണു മരിച്ചതാം
ഒരു കവിയെ- പേരോര്‍മ്മ നില്‍ക്കുന്നില്ല-
ഒരു ദരിദ്രനാം തെണ്ടിക്കവിയെ ഞാന്‍
മരണ നാളും ചുരുട്ടിപ്പിടിച്ചിരു-
ന്നൊരു കവിതയാ വിഡ്ഢി, ഇരുളില്‍
തന്‍ ഉയിരു പോവതറിയാതെ, വാക്കിനെ
വിഷമവൃത്തത്തിനുള്ളില്‍ തളച്ചു ഹാ.....
മതി, ഇനിയും നീ വായിച്ചിടൊല്ലെയീ കവിത!
പോകൂ വിളിക്കുന്നു കൂട്ടുകാര്‍.
മദിരയും കൊണ്ട് കാത്തു നില്‍ക്കുന്നവര്‍,
അലറി ആര്‍ത്തട്ടഹാസം മുഴക്കി നിന്‍
വരവറിയിക്കാന്‍ വെമ്പി നില്‍ക്കുന്നവര്‍,
തെരുവുകള്‍ തന്റെ ശോണ വര്‍ണ്ണങ്ങളില്‍
അനുഭവങ്ങള്‍ പകര്‍ന്നു നല്‍കുന്നവര്‍........
മതി മതിയിനി........
ഈ ഭ്രാന്തജല്പനം
ഇതു വരെ കേട്ടുവല്ലോ അതു മതി....
വഴി പിഴച്ചൊരെന്‍ വാക്കിന്റെ ആട്ടം നീ
മിഴി കഴക്കാതെ കണ്ടതിനി മതി
അവിടെ, അന്നുത്തരേന്ത്യയില്‍
ചത്തുപോയ്
പുഴുവരിച്ചൊരാ സര്‍ഗസംഗീതിക
ഇവിടെ വീണ്ടും ജനിക്കയോ? എന്നിലൂ-
ടതുമിതും പാടി നിന്നെ വഞ്ചിക്കയോ?
അരുത്! വ്യര്‍ത്ഥം ഇതിന്നു കാതോര്‍ക്കരു-
തിനി പുതിയതാം വായന തേടുക
നിറയെ വര്‍ണ്ണങ്ങള്‍ കോരിയൊഴിച്ചതാം
പുതിയ താളുകള്‍ തേടി നീ നീങ്ങുക.......
ഇവിടെ ജീവന്റെ കഷ്ണം
മുറിച്ചു വെച്ചൊരു കവി കാത്തിരിക്കും
പ്രളയാന്തമൊരു പുതിയ സര്‍ഗം തുടങ്ങും വരെ
കൈയില്‍ ഒരു കവിത ചുരുട്ടിപ്പിടിച്ചുമീ
ഉയിരു കൂട്ടിത്തുരുമ്മിയും
നിശ്ശബ്ദം ഉരുകിയും, കരഞ്ഞും,
വിശപ്പാറുവാന്‍ പഴയ കുപ്പ തിരഞ്ഞും,
ഇടയ്ക്കിടെ പല കഥകള്‍ പുലമ്പിയും,
പ്രാണനില്‍ പലരുടെ നീറും നോവേറ്റു വാങ്ങിയും.......
മതി, മറിക്കുക
ഈ താള്‍, പുലമ്പുന്നു,
ഹൃദയത്തില്‍ വെടിയുണ്ട തുളഞ്ഞൊരു
പഴയ ഭ്രാന്തന്‍ കവി, നിന്റെ സ്നേഹിതന്‍,
ഇടതു കൈയില്‍ ചുരുണ്ടൊരു താളുമായ്..........
ഇഷ്ടപ്പെട്ടു... :)
ReplyDeletenandi sir..... :)
ReplyDeleteVaayikkaruth nnu paranjenkilum aarenkilum vaayichuvallo :)