Thursday, September 15, 2011

എന്നെ ഉണര്‍ത്തുന്ന നാദം

 നാദബ്രഹ്മം.....അതെന്താണെന്ന് അറിയാനുള്ള ത്വരയാണ് നമ്മെ ഓരോ പാട്ടിലേക്കും വലിച്ചടുപ്പിക്കുനത്..... ആ പാട്ടുകള്‍ ഹൃദയത്തെ തൊടുമ്പോള്‍, നാം ഈശ്വരനെ തൊടുന്നു.......... നാദയോഗികള്‍ കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടുള്ള ജനുസ്സാണ്....... എന്നെ ഉണര്‍ത്തുന്ന നാദങ്ങള്‍..........................
-------------------------

ദൂരെ നിന്നേതോ ശബ്ദം ഈ ഇരുട്ടിനെ ഭേദി-
ച്ചെത്തുന്നെന്‍ എകാന്തമാം മൂക താഴ്വാരം തന്നില്‍
ആദിമ ശബ്ദബ്രഹ്മം ഊറി വന്നതാമേതോ
 നാദബിന്ദുവിന്‍ സ്വരവീചികള്‍ മീട്ടിക്കൊണ്ടേ
ദൂരെ നിന്നേതോ അമൃതത്തിന്റെ കണികയെന്‍
ഊഷര ജീവന്‍ തന്നില്‍ നിറയാന്‍ വരുന്നുവോ?

അന്നു കാളിന്ദീ തീരം തന്നിലാ കാലിച്ചെക്കന്‍
വെണ്ണിലാവൊഴുകുന്ന രാസരാത്രിയില്‍ ഒന്നില്‍
തന്‍ പ്രിയരാധക്ക് ചേര്‍ന്നിരുന്നു മുരളിയില്‍
ഇമ്പമായ് പാടീടുന്ന പാട്ടിന്റെ ധ്വനിയാണോ?

വള്ളുവനാട്ടില്‍ തറവാട്ടുമുറ്റത്തില്‍ പാടും
പുള്ളുവക്കുടത്തിന്റെ തന്ത്രി തന്‍ പ്രകമ്പമോ?
അന്തിവാനത്തിന്നതിര്‍ തേടുന്ന ചകോരത്തിന്‍
പഞ്ചമ ശ്രുതിയാണോ? മഴ തന്‍ മൊഴിയാണോ?

ഹാര്‍മ്മോണിയത്തിന്‍ മരക്കട്ടയില്‍ ഗുലാം അലി
മീട്ടുന്ന ഗസലിന്റെ നാദ വൈഖരിയാണോ?
ഏതോ നിര്‍വൃതിയേന്തും സന്ധ്യയില്‍ മല്ലികാര്‍ജുന്‍
മന്‍സൂറിന്‍ കീരവാണി രാഗാലാപനമാണോ?

പൂത്ത മാവിന്‍മേല്‍ പാടും പൂങ്കുയില്‍ പാട്ടോ,അമ്മ
പാടും ഓമനക്കുട്ടന്‍ ഗോവിന്ദനാണോ,തിരു-
മാന്ധാംകുന്നിലമ്മക്ക് സോപാനം പാടും ഞെര-
ളത്തിന്റെ ഘനസംഘ സംഗീതലയമാണോ?

പുന്നാഗവരാളിയില്‍ ഷെയ്ഖ്‌ ചിന്ന മൌലാനയോ
ബിസ്മില്ലാ ഖാന്റെ ഷഹനായി തന്‍ കരച്ചിലോ
ദൂരെ നിന്നവ്യക്തമായ്, ഒരു മര്‍മ്മരം പോലെ
കേള്‍ക്കുന്നുണ്ടതേ ശബ്ദം ഇപ്പോഴും ഹൃദന്തത്തില്‍

കമ്പനോ, കബീര്‍ദാസോ, തുഞ്ചനോ, ബിഥോവനോ
സുബ്ബുലക്ഷ്മിയോ ശെമ്മാങ്കുടിയോ റഷീദ് ഖാനോ
ആരു പാടുന്നൂ എന്റെ പ്രാണനില്‍ പുതയുന്ന
നാദ വിസ്മയത്തിന്റെ അലകള്‍ തീര്‍ത്തീടുന്നു

നാദമാണെങ്ങും, ശ്വാസതാളത്തില്‍, ഷടാധാര-
പീഠത്തില്‍, അലയുന്ന കാറ്റില്‍, ഹംസഗാനത്തില്‍,
സാഗരസമാധിയില്‍‍, നാഗരവിഭ്രാന്തിയില്‍
മേരുസമാന ത്യാഗരാജകീത്തനത്തിങ്കല്‍.

ശബ്ദമീ വ്യോമാത്മക തത്വമാര്‍ഗ്ഗത്തില്‍, വേദ
സൂക്തത്തില്‍ പരയായും, പശ്യന്തിയായും നിന്നു
മധ്യമാഗതി പിന്നിട്ടേതേതോ കണ്ഠങ്ങളില്‍
വൈഖരി പൊഴിക്കുന്ന അക്ഷര ബ്രഹ്മം നാദം.

ദൂരെ നിന്നതേ ശബ്ദം ഈ ഇരുട്ടിനെ ഭേദി-
ച്ചെന്‍ മൂക താഴ്വാരത്തില്‍  വന്നെന്നെ ഉണര്‍ത്തവേ
നീണ്ടൊരു ജീവല്‍ഗാനം ആലപിക്കാനായ് നാദം
ശാന്തമെന്‍ ഉയിരില്‍ തന്‍ വാക്കുകള്‍ തേടീടുമ്പോള്‍
പ്രാണന്റെ കോലായില്‍ തന്‍ തംബുരു ശ്രുതി മീട്ടി
പാടുന്നതാരോ ത്യാഗരാജനോ എം. ഡി. ആറോ??

No comments:

Post a Comment