Tuesday, September 6, 2011

കോഴിക്കഴുത്ത്........

സ്വന്തങ്ങള്‍ ഒക്കെയും സ്വന്തങ്ങള്‍ ആണെന്ന മിഥ്യാ ബോധം..........ഒരു മന്ത്രവാദമാണ് ഇത്.....ഗുരുതിക്കു വേണ്ടി കൊടുക്കേണ്ടി വരുന്നത് സ്വന്തം ചോരയുടെ നിറമാകുമ്പോളെങ്കിലും ഒരു വിമുക്തി പ്രതീക്ഷിച്ചാല്‍ തെറ്റും...അപ്പോഴേക്കും നിങ്ങളുടെ കഴുത്ത് ആ പിശാചവേതാളങ്ങള്‍ കടിച്ചു കുടഞ്ഞിരിക്കും......

കോഴിക്കഴുത്ത്........
-------------------
കുരുതിക്കളങ്ങള്‍ക്കു നടുവില്‍
ഉറയുന്നു ദുരഭിമാനക്കോമരങ്ങള്‍.
അഹം തലയ്ക്കു പിടിച്ചു,
അഹങ്കാരത്തിന്റെ കറുപ്പില്‍.

നീ എന്തിനിവരെ വിളിച്ചു?
തുള്ളിച്ചു?
നീ എന്തിനീ
ആഭിചാര മൂര്‍ത്തികള്‍ക്കു മുന്നില്‍
തല കുനിച്ചു?
നീ അശാന്തിയുടെ ഈ
മഞ്ഞപ്പൊടി, എന്തിനു
ചോര പൊട്ടി വാര്‍ന്നൊലിക്കുന്ന
നിന്റെ ശിരസ്സില്‍
ഏറ്റുവാങ്ങി?

ഞാനോ?
ഞാന്‍ ഇവര്‍ക്ക് മുന്‍പില്‍
നീ എറിഞ്ഞു കൊടുത്ത
ഒരു നേര്‍ച്ചക്കോഴി മാത്രം.

ചുറ്റിലും നടക്കുന്നതെല്ലാം
ഒരു ഭീതിക്കണ്ണോടെ
മാത്രം കാണുന്ന,
നിരാലംബനായി,
നിന്റെ സ്നേഹത്തിന്റെ
കെട്ടു പൊട്ടിക്കാന്‍ അശക്തനായി,
തിരസ്കൃതനായി,
ഈ മണ്‍പറ്റിക്കിടക്കുന്ന
നേര്‍ച്ചക്കോഴി.

ദുര്‍മ്മൂര്‍ത്തികള്‍
ഉച്ചത്തില്‍ അലറുന്നു,
ചുണ്ട് കടിച്ചു
പാഞ്ഞു നടക്കുന്നു,
നിലവിളിച്ചു
സ്വന്തം നെറ്റി വെട്ടിപ്പിളര്‍ക്കുന്നു.

അവരുടെ പല്ലുകള്‍ക്കിടയില്‍
നീ കാണുന്നുവോ?
ചോര വാര്‍ന്നൊലിച്ച്
ഗുരുതിക്കു നിറമേകുന്ന
ഒരു കോഴിക്കഴുത്ത്..........

അത് ഞാന്‍ ആകുന്നു.

No comments:

Post a Comment