Thursday, August 25, 2011

എം ഡീ ആറിന്റെ കരച്ചില്‍

പാലക്കാടിന്റെ മണ്ണില്‍ പിറന്ന അദ്വിതീയ സംഗീതപ്രതിഭ. എം.ഡി. രാമനാഥന്‍ എന്ന എം. ഡി. ആര്‍ എന്ന 'വരദദാസന്‍'. മനുഷ്യകുലത്തിന്റെ ജീവന്റെ നോവുകള്‍ മുഴുവന്‍ തന്റെ പാതാള ശ്രുതിയില്‍ ഒളിപ്പിച്ചു ആര്‍ക്കോ വേണ്ടി പാടുന്ന കുയിലിനെ പോലെ പാടി മറഞ്ഞു പോയ ഒരു പ്രതിഭാസം. ആ ഗാനലഹരിയില്‍ ആഴുമ്പോള്‍ എനിക്കോര്‍ക്കാന്‍ ആവുന്നത് സാക്ഷാല്‍ ത്യാഗബ്രഹ്മത്തിനെ തന്നെ. ആ  സംഗീതം എന്നിലും ഉണര്‍ത്തുന്നത് ഒരു നേര്‍ത്ത കരച്ചിലാണ്. visit www.mdramanathan.com for more info.
----------------

ഏതോ വിലാപകാവ്യം
പോലെയാണ് നിങ്ങളുടെ 
ജീവിതങ്ങള്‍.
അവസ്ഥാന്തരങ്ങള്‍
ഊരി നിങ്ങള്‍ വലിച്ചെറിഞ്ഞ
ഇന്നലെയുടെ ഓര്‍മ്മകള്‍,

ശുഷ്ക സൌഹൃദങ്ങള്‍,
പരിഷ്കാരം പുറം കാലു കൊണ്ടു
തട്ടിയകറ്റിയ
നിഷ്കളങ്കതയുടെ പുഞ്ചിരിക്കണ്ണുകള്‍,   
ഉന്മാദ രാവുകള്‍,
സംഗീതം കുടിച്ചു വയറു നിറച്ച
അടയാറിലെയും തിരുവയ്യാറിലെയും തെരുവുകള്‍. 
എല്ലാം ഉണര്‍ത്തുന്നത്
ഒരു കരച്ചില്‍ മാത്രം.

മണിമുഴക്കം
വീണ്ടും വീണ്ടും കേട്ടാലും,
നിങ്ങള്‍  ഭയന്നോടിയില്ല,
തളര്‍ന്നു വീണില്ല,
വാവിട്ടു നിലവിളിച്ചില്ല,
ആര്‍ക്കും വിടുപണി ചെയ്തില്ല,
ആരുടേയും അന്തപ്പുരങ്ങളില്‍
മഞ്ഞളരച്ചു കൊടുക്കാന്‍ പോയില്ല.
   
മനസ്സിലെ താരകനാമം
ഉണങ്ങാതിരിക്കാന്‍ 
കരഞ്ഞു കൊണ്ടു തന്നെ ജീവിച്ചു തീര്‍ത്തു

ഒരു പുരുഷായുസ്സു......

ആ കരച്ചിലും
ഉറക്കമിളച്ചു നമ്മെ കാക്കുന്ന
ശാന്തതക്കുള്ള
കാണിക്കയാണ്

അത് വിറയ്ക്കുന്ന
ഓരോ ജീവന്റെയും
നോവിന്റെ തുള്ളിയാണ്

അത് പിടയുന്ന ഉയിരിന്റെ
ജീവനാഡിയില്‍ 
ഉയിരിട്ട സംഗീതശ്രുതിയാണ്............

എന്റെ കരച്ചിലിനും
എം ഡീ ആറിന്റെ ശ്രുതി
ആണെന്ന് എന്നോട് പറഞ്ഞതാരാണ്?

No comments:

Post a Comment