Wednesday, August 24, 2011

ആവുമെങ്കില്‍ മടങ്ങൂ.........

ആരും വരാത്തൊരീ കാട്ടു വഴിയിലൂ-
ടോമലെ എന്തിന്നു വന്നു?
ആരും തിരിഞ്ഞു നോക്കാത്ത പുരാതന-
മീ ഗൃഹം തന്നില്‍ നീ നിന്നു?

നോക്കൂ പഴയ ജനാലപ്പടികളില്‍
ആകെ ചിതലരിക്കുന്നു
ഊക്കന്‍ ചുമരുകള്‍ ജീര്‍ണ്ണിച്ചു ഭൂമിയെ
പുല്‍കാന്‍ കൊതിച്ചു നില്‍ക്കുന്നു

വാവലിന്‍ ദുര്‍ഗന്ധ പൂരിതമീയിട-
നാഴികള്‍ നീ കാണ്മതില്ലേ
പായല്‍ വളര്‍ന്നൊരു പൂമുഖ വാതിലില്‍
കാലം കിതച്ചു നില്‍ക്കുന്നു

ഏതൊക്കെയോ പെരുച്ചാഴികള്‍ അങ്ങിങ്ങായ്‌
ഓടി നടക്കുന്നു, കാറ്റില്‍
പാറീടും മാറാല മൂടും മുറികളില്‍
വേതാള രൂപമാടുന്നു

ആകെ നാറുന്നൊരീ വീട്ടിലേക്കെന്തിനു
നീ വിളക്കേന്തിയണഞ്ഞു
ചോരുന്നൊരീ പാഴ്ഗൃഹത്തിലേക്കെന്തിനു
വാര്‍മുകില്‍ വര്‍ണ്ണമായ് വന്നു

ഏറെയില്ലായുസ്സു, മണ്ണടിയാന്‍  വെമ്പി
നില്‍ക്കുന്ന മേല്‍ക്കൂര കണ്ടോ,
ആരുമില്ലാ വരുവാനിവിടുമ്മറ-
ത്തിണ്ണയില്‍ വിശ്രമിച്ചീടാന്‍

ആരുമില്ലീ തൂണു ചാരി കഥകളി
പാട്ടുകള്‍ പാടാന്‍, ചുമരില്‍
പണ്ടെങ്ങോ തൂക്കിയ പാതിയടര്‍ന്നതാം
ചിത്രങ്ങള്‍, ഭൂതായനങ്ങള്‍

ഏതു പൂര്‍വ്വജന്മ പ്രേരണയാലെ നീ
ഈ വഴി പോകാന്‍ തുനിഞ്ഞു
ഏതു പുരാതന ചിത്തവിഭ്രാന്തിയാല്‍
ഈ വീട് തേടി നീ വന്നു

ഏതു പ്രേതാവിഷ്ട വാസരത്തില്‍ സ്വയം
നീ മറന്നീ പാത പൂകി
ഏതു വിഷലിപ്ത വാക്കുകള്‍ കേട്ട് നീ
എന്തോ തിരഞ്ഞിങ്ങു വന്നു

ഉണ്ടെനിക്കാനന്ദം നീ  വരുമ്പോള്‍, പക്ഷെ
വയ്യ ഹാ നിന്നെ വഞ്ചിക്കാന്‍
കണ്ടീലയോ പരിതാപം, പ്രേതാലയ
തുല്യമീ വീടിന്നവസ്ഥ

ആരുമില്ലാ പുകഴ്ത്തീടാന്‍, ഒരു നല്ല
വാക്ക് പോലും പറഞ്ഞീദാന്‍
പാരില്‍  ഒരാളുമില്ലോമലെ  ഈ ഗൃഹം 
ആശിക്കുവാന്‍, ഇതില്‍ വാഴാന്‍

പിന്നെ നീ എന്തെ തിരഞ്ഞു വന്നു, ഇതില്‍
ഒന്നുമില്ലെന്നറിഞ്ഞീടൂ
ആവുമെങ്കില്‍ ഇരുട്ടുന്നതിന്‍ മുന്നേ നീ
ഈ  വഴി തന്നെ മടങ്ങൂ ............

ആരും വരാത്തൊരീ കാട്ടു വഴിയിലൂ-
ടോമലെ എന്തിന്നു വന്നു?
ആരും തിരിഞ്ഞു നോക്കാത്ത പുരാതന-
മീ ഗൃഹം തന്നില്‍ നീ നിന്നു?

No comments:

Post a Comment